തിഹാർജയിലിലെ 150 ഹിന്ദുമത വിശ്വാസികള്‍ റമദാന്‍ നോമ്പിൽ

Web Desk
Posted on May 15, 2019, 1:55 pm

രാജ്യത്തെ ഏറ്റവും വലിയ ജയിലായ തിഹാര്‍ ജയിലിലെ അന്തേവാസികളില്‍ 150 ഹിന്ദുമത വിശ്വാസികള്‍ റമദാന്‍ മാസത്തില്‍ നോമ്പെടുക്കുന്നു. മുസ്‌ലിം തടവുകാരോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മത സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകയാണ് ഹിന്ദുമത വിശ്വാസികളായ തടവുകാര്‍ കാണിക്കുന്നതെന്നാണു റിപോര്‍ട്ട്.

ഇവര്‍ക്കു വേണ്ട ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവര്‍ഷവും വ്രതമനുഷ്ഠിക്കുന്ന അമുസ്‌ലിം തടവുകാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റമദാനില്‍ 59 ഹിന്ദു തടവുകാര്‍ ഇവിടെ നോമ്പെടുത്തിരുന്നത് ഇപ്പോള്‍ മൂന്നിരട്ടി വര്‍ധിച്ചു. തിഹാര്‍ ജയിലില്‍ ആകെ 16665 തടവുകാരാണുള്ളത്. തടവുകാരില്‍ കൂടുതല്‍ പേരും ജയിലിലെത്തിയ ശേഷം മതവിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുന്നതായി നിരീക്ഷണത്തില്‍ നിന്നു മനസ്സിലായിട്ടുണ്ടെന്നു ജയില്‍ അധികൃതര്‍ പറയുന്നു.