യമുന എക്‌സ്പ്രസ്‌വേ; അപകടങ്ങളില്‍ മരിച്ചത് 150 പേര്‍

Web Desk
Posted on September 21, 2019, 10:30 pm

നോയ്ഡ: ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ്‌വേയില്‍ റോഡ് അപകടങ്ങളില്‍ ഈ വര്‍ഷം മരണപ്പെട്ടത് 150 പേര്‍. 2012 ന് ശേഷം അപകടമരണങ്ങളുടെ എണ്ണം ഇത്രത്തോളം കൂടുന്നത് ആദ്യമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയെയും ആഗ്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 165 കിലോമീറ്റര്‍ പാതയില്‍ ഈ വര്‍ഷം ജൂലൈ 31 വരെ 357 അപകടങ്ങളിലായി 145 പേര്‍ കൊല്ലപ്പെട്ടെന്നും 822 പേര്‍ക്ക് പരിക്കേറ്റെന്നും വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകള്‍ വെളിവാക്കുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 3 അപകടങ്ങളിലായി 9 പേര്‍ മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു കൂടി ചേര്‍ക്കുമ്പോള്‍ ആകെ മരണം 154 ആയി ഉയരുന്നു.
യമുന എക്‌സ്പ്രസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ 659 അപകടങ്ങളിലായി 111 മരണവും 1388 പേര്‍ക്ക് പരിക്കും, 2017 ല്‍ 763 അപകടങ്ങളില്‍ 146 മരണവും 1426 പേര്‍ക്ക് പരിക്കും, 2016 ല്‍ 1219 അപകടങ്ങളില്‍ 133 മരണവും 1524 പേര്‍ക്ക് പരിക്കും, 2015 ല്‍ 919 അപകടങ്ങളില്‍ 142 മരണവും 1392 പേര്‍ക്ക് പരിക്കും, 2014 ല്‍ 771 അപകടങ്ങളിലായി 127 മരണവും 1335 പേര്‍ക്ക് പരിക്കും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ 13 ന് ഒരു സംഘം കോളജ് വിദ്യാര്‍ഥികളിലെ മൂന്നുപേരാണ് എക്‌സ്പ്രസ്‌വേയില്‍ അപകടത്തില്‍ മരിച്ചത്. സെപ്റ്റംബര്‍ 10 നു സീറോ പോയിന്റിനു സമീപം രണ്ടു പേര്‍ ബൈക്കപകടത്തിലും മരിച്ചിരുന്നു. അതേ സ്ഥലത്താണ് ഓഗസ്റ്റ് 18ന് 4 ഐടി പ്രൊഫഷണലുകള്‍ക്ക് എസ്‌യുവി അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ജൂലൈ 8 ലെ 29 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനു ശേഷം പാതയിലെ സുരക്ഷയെക്കുറിച്ചള്ള ആകുലതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഭൂരിഭാഗം അപകടങ്ങളിലും ഓവര്‍സ്പീഡും ടയര്‍ വഴുതലുമാണ് വില്ലന്‍. പാതയിലെ പരമാവധി വേഗപരിധി കാറുകള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററും ബസുകള്‍ക്കും ട്രക്കുകള്‍ക്കും മണിക്കൂറില്‍ 60 കിലോമീറ്ററുമാണ്. സാധാരണ അപകടങ്ങള്‍ കുറയ്ക്കാനായി നിര്‍മിക്കപ്പെടുന്നതാണ് എക്‌സ്പ്രസ്‌വേകള്‍, എന്നാല്‍ നിരന്തരം അപകടങ്ങളിലൂടെ മരണ പാതയായിരിക്കുകയാണ് യമുന എക്‌സ്പ്രസ്‌വേ.

അപകടങ്ങള്‍ കുറയ്ക്കാനായി പാതയില്‍ പലയിടത്തായി മെറ്റല്‍ ക്രാഷ് ബാരിയറുകളും, റെട്രോ റിഫഌക്റ്റീവ് വാണിങ് ഹസാര്‍ഡ് ബോര്‍ഡുകളും ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് യമുന എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പറയുന്നു.
12,839 കോടി ചെലവിട്ട് നിര്‍മിച്ച ഈ എക്‌സ്പ്രസ്‌വേ 2012 ഓഗസ്റ്റ് മാസമാണ് തുറന്നത്.