20 April 2024, Saturday

Related news

March 27, 2024
February 17, 2024
February 14, 2024
January 2, 2024
March 22, 2023
January 12, 2023
October 14, 2022
October 7, 2022
April 11, 2022
March 16, 2022

മൂന്ന് വന്യജീവി സങ്കേതങ്ങളില്‍ 156 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി

Janayugom Webdesk
തൃശൂർ
December 2, 2021 11:15 pm

കേരളത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 ഇനം ചിത്രശലഭങ്ങളെ തൃശൂർ‑പാലക്കാട് മേഖലയില്‍ നടത്തിയ ചിത്രശലഭ സർവേയിൽ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മിണി, ചൂലന്നൂർ എന്നീ മൂന്ന് വന്യജീവി സങ്കേതങ്ങളിൽ നാല് ദിവസമായി നടത്തിയ ചിത്രശലഭ സർവേയിലാണ് ഇവ കണ്ടെത്തിയത്. തൃശൂരിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിൽ 132 ഇനം, ചിമ്മിണിയിൽ 116,പാലക്കാട് ചൂലന്നൂർ മയിൽ സങ്കേതത്തിൽ 41 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി.

242 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സംരക്ഷിത വനത്തിനുള്ളിൽ 14 ബേസ് ക്യാമ്പുകളിൽ വനപാലകർക്കൊപ്പം താമസിച്ചാണ് 35 ഓളം വരുന്ന ടീം അംഗങ്ങൾ സർവേ പൂർത്തീകരിച്ചത്. 50 വനപാലകരും സർവേയിൽ പങ്കെടുത്തു. വൈവിധ്യമായ ആവാസകേന്ദ്രം, ഉയരം എന്നിവ കേന്ദ്രീകരിച്ചാണ് 14 ക്യാമ്പുകൾ തിരഞ്ഞെടുത്തത്. ചൂലന്നൂർ മയിൽ സങ്കേതത്തിൽ ഇതാദ്യമായാണ് ചിത്രശലഭ സർവേ നടക്കുന്നത്. പീച്ചി വന്യജീവി ഡിവിഷനിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലുമായി ആകെ 200 ചിത്രശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിൽ 23 എണ്ണം വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടതും 63 എണ്ണം വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സംരക്ഷണം അർഹിക്കുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, ഏറ്റവും ചെറിയ ചിത്രശലഭമായ രത്നനീലി, സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി, പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭ ഇനങ്ങളായ നീലഗിരി പാപ്പാത്തി, കരിയില ശലഭം, മലബാർ മിന്നൽ, സുവർണ ആര, പുള്ളി ശരവേഗൻ, ഗോമേദക ശലഭം തുടങ്ങിയ ഇനങ്ങളും സർവേയിൽ കണ്ടെത്തി. ചൂട് വർദ്ധിക്കുന്നതിനനുസരിച്ച് കാട്ടരുവികളിലൂടെ മലമുകളിലേക്ക് പലായനം ചെയ്യുന്ന ആൽബട്രോസ് ചിത്രശലഭങ്ങളെ ചിമ്മിനി വന്യജീവി സങ്കേതത്തിൽ കണ്ടെത്താനായി.

eng­lish sum­ma­ry; 156 species of but­ter­flies have been found in three wildlife sanctuaries

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.