തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ്

ഗ്രാമ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1,628 കോടി, നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 784 കോടി
Web Desk

തിരുവനന്തപുരം

Posted on June 30, 2020, 10:27 pm

പതിനഞ്ചാം ധനകാര്യ കമ്മിഷൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച അവാർഡ് തുക വിഭജിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1,628 കോടി രൂപയും നഗര തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 784 കോടി രൂപയുമാണ് ധനകാര്യ കമ്മിഷൻ അവാര്‍ഡ് തുകയായി 2020–21 സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിച്ചത്.
പതിനാലാം ധനകാര്യകമ്മിഷൻ ഗ്രാന്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പതിനഞ്ചാം ധനകാര്യകമ്മിഷൻ ശുപാ­ര്‍ശ പ്രകാരം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് കൂടി ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങള്‍ക്കുള്ള മൊത്തം വിഹിതമായ 1,628 കോടി രൂപയുടെ 75 ശതമാനം ഗ്രാമപഞ്ചായത്തുകള്‍ക്കും 12.5 ശതമാനം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 12.5 ശതമാനം ജില്ലാ പഞ്ചായത്തുകള്‍ക്കും അനുവദിച്ചിട്ടുണ്ട്. നഗരമേഖലയ്ക്കുള്ള കേന്ദ്രധനകാര്യ കമ്മിഷൻ വിഹിതമായ 784 കോടി രൂപയിൽ 339 കോടി രൂപ പത്ത് ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 2011‑ലെ സെൻസസിന്റെ ഭാഗമായി ഒരു മുഖ്യ നഗരവും അതിനോടു ചേർന്നുള്ള മറ്റ് മുനിസിപ്പാലിറ്റികളും നഗരസ്വഭാവമുള്ള ഗ്രാമപ്രദേശങ്ങളും ചേർന്ന് നഗര സഞ്ചയങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ നഗര സഞ്ചയങ്ങള്‍ക്കും, ബാക്കി 445 കോടി രൂപ ആറ് കോര്‍പ്പറേഷനുകളും മലപ്പുറം മുനിസിപ്പാലിറ്റിയും ഒഴികെയുള്ള മറ്റ് 86 നഗരസഭകള്‍ക്കുമാണ് അനുവദിച്ചത്. കണ്ണൂർ കന്റോൺമെന്റിന് 48.40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും 86 മുനിസിപ്പാലിറ്റികൾക്കുമുള്ള ഗ്രാന്റിന്റെ 50 ശതമാനം അടിസ്ഥാന വിഹിതവും ബാക്കി 50 ശതമാനം പ്രത്യേക ഉദ്ദേശ്യ വിഹിതവുമാണ്. അടിസ്ഥാന വിഹിതത്തിനു മേഖലാ നിബന്ധനകളില്ല. ശമ്പളവും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളും ഒഴിച്ചുള്ള ഏതൊരു വികസന ആവശ്യത്തിനും ഈ തുക വിനിയോഗിക്കാം.
ആറ് കോർപ്പറേഷനുകള്‍ക്കും മലപ്പുറം മുനിസിപ്പാലിറ്റിക്കും കേന്ദ്ര ധനകാര്യ കമ്മിഷൻ അടിസ്ഥാന വിഹിതം അനുവദിച്ചിട്ടില്ലെങ്കിലും ഈ തദ്ദേശഭരണസ്ഥാപനങ്ങളിലെ പൊതു പ്രോജക്ടുകളുടെയും സ്പിൽ ഓവർ പ്രോജക്ടുകളുടെയും നിര്‍വഹണത്തെ ബാധിക്കാതിരിക്കുന്നതിന് 255.98 കോടി രൂപ സംസ്ഥാന സര്‍ക്കാർ വിഹിതമായി അധികം അനുവദിച്ചിട്ടുണ്ട്. ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ വന്ന മാറ്റത്തിന് അനുസൃതമായി വാര്‍ഷിക പദ്ധതി പരിഷ്കരിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. വാര്‍ഷിക പദ്ധതി പരിഷ്കരിക്കുന്നതിന് ജൂലൈ പത്ത് വരെ സമയം അനുവദിക്കും.

ENGLISH SUMMARY:15th Finance Com­mis­sion Grant to Local Gov­ern­ments
You may also like this video