Web Desk

തിരുവനന്തപുരം

June 10, 2021, 9:58 pm

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പിരിഞ്ഞു

Janayugom Online

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം, ബജറ്റും അടുത്ത മൂന്നുമാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും പാസാക്കി അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. 

140 അംഗ കേരള നിയമസഭയിൽ മെയ് 24ന് പ്രോ ടെം സ്പീക്കർ പിടിഎ റഹീമിന്റെ അധ്യക്ഷതയിൽ 136 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. അനാരോഗ്യം കാരണം മൂന്ന് അംഗങ്ങൾക്ക് അന്ന് സഭയിലെത്താൻ കഴിഞ്ഞിരുന്നില്ല. 25ന് നിയമസഭ സ്പീക്കറായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. 28 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിൽ എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തി. മെയ് 31, ജൂൺ ഒന്ന്, രണ്ട് തീയതികളിലായി ഗവർണർക്ക് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ സഭ വിശദമായ ചർച്ച നടത്തുകയും തുടർന്ന് നന്ദി പ്രമേയം പാസാക്കുകയും ചെയ്തു. ജൂൺ ഒന്നിന് ചിറ്റയം ഗോപകുമാറിനെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു.
ആകെ 12 ദിവസം യോഗം ചേർന്ന ഒന്നാം സമ്മേളന കാലയളവിൽ ഏഴ് അടിയന്തരപ്രമേയ നോട്ടീസുകളും 14 ശ്രദ്ധക്ഷണിക്കൽ നോട്ടീസുകളും 89 സബ്മിഷനുകളും പരിഗണിച്ചു. 

എല്ലാ പേർക്കും സൗജന്യമായി കോവിഡ്19 വാക്സിൻ നൽകേണ്ട ആവശ്യകത സംബന്ധിച്ചും കേരളീയർക്ക് ഏറ്റവും ആത്മബന്ധമുള്ള കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും രണ്ട് ഗവണ്മെന്റ് പ്രമേയങ്ങൾ ചട്ടം 118 പ്രകാരം സഭ പരിഗണിക്കുകയും ഐക്യകണ്ഠ്യേന പാസാക്കുകയും ചെയ്തു. 1,458 രേഖകള്‍ സഭയുടെ മേശപ്പുറത്ത് വച്ചു. 120 നക്ഷത്രച്ചിഹ്നമിട്ട ചോദ്യങ്ങളും 1,034 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചിരുന്നു. 14 ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. സഭാതലത്തിൽ 109 ഉപചോദ്യങ്ങൾ ഉന്നയിക്കുകയും മന്ത്രിമാർ അവയ്ക്ക് മറുപടി നൽകുകയും ചെയ്തു. 

2021–22 വർഷത്തെ പുതുക്കിയ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ജൂൺ നാലിന് സഭയിൽ അവതരിപ്പിച്ചു. ഏഴ്, എട്ട്, ഒൻപത് തീയതികളിലായി ബജറ്റിനെ സംബന്ധിച്ച പൊതുചർച്ച നടന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ പൂർത്തീകരിക്കുന്നതിനായുള്ള വോട്ട് ഓൺ അക്കൗണ്ട് പതിനാലാം കേരള നിയമസഭ തന്നെ പാസാക്കിയിരുന്നു. അടുത്ത മൂന്നു മാസത്തെ ചെലവുകൾ കൂടി നിർവഹിക്കുന്നതിലേക്കായുള്ള രണ്ടാമത്തെ വോട്ട്ഓൺ അക്കൗണ്ട് ഇന്നലെ സഭ ചർച്ച ചെയ്ത് പാസാക്കുകയും അതു സംബന്ധിച്ച ധനവിനിയോഗ ബില്ലിന് അംഗീകാരം നല്കുകയും ചെയ്തു. 

കാലിക പ്രാധാന്യമുള്ള 2021 ലെ കേരള സാംക്രമിക രോഗ ബിൽ സഭയിൽ അവതരിപ്പിക്കുകയും സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കാതെ തന്നെ വിശദമായി ചർച്ച ചെയ്ത് ഐക്യകണ്ഠ്യേന പാസാക്കുകയും ചെയ്തു. 2021ലെ കേരള ധനകാര്യ ബിൽ, 2021 ലെ കേരള ധനകാര്യ (രണ്ടാം നമ്പർ) ബിൽ എന്നിവ ഇന്നലെ സഭയിൽ അവതരിപ്പിക്കുകയും 2020 ലെ കേരള പൊലീസ് ചട്ടങ്ങൾക്കുള്ള ഒരു ഭേദഗതി നോട്ടീസ് പരിഗണിക്കുകുയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry : 15th ker­ala legist­la­tive assem­bly first meet­ing over

You may also like this video :