കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 3:20 pm

കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. മെഷീനും ഉപകരണങ്ങൾക്കുമായി 10. 75 കോടി രൂപയും, ആശുപത്രി അനുബന്ധ ഉപകരണങ്ങൾക്കായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിനെ മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ ഉയർത്തുന്നതിന്റെ ഭാഗമായാണ് തുകയനുവദിച്ചത്.

കണ്ണൂർ മെഡിക്കൽ കോളേജിൽ 5.5 കോടി രൂപ ചെലവഴിച്ചാണ് നൂതന കാത്ത്ലാബ് സജ്ജമാക്കുന്നത്. മെഡിക്കൽ കോളേജിലുള്ള രണ്ട് കാത്ത് ലാബുകൾക്ക് പുറമേയാണ് പുതിയ നൂതന കാത്ത്ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത്ലാബ് പ്രൊസീജിയറാണ് ഇതുവരെ ഇവിടെ നടത്തിയിട്ടുള്ളത്. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം കാത്ത്ലാബ് പ്രൊസീജിയർ നടത്തിയ ആശുപത്രികളിൽ ഇന്ത്യയിൽ നാലാമത്തേയും കേരളത്തിൽ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂർ മെഡിക്കൽ കോളേജിനുള്ളത്. മൂന്ന് ഷിഫ്റ്റടിസ്ഥാനത്തിലാണ് കാത്ത് ലാബ് വിഭാഗം പ്രവർത്തിക്കുന്നത്. ഈയൊരു കാത്ത്ലാബോടെ കൂടുതൽ കാത്ത് പ്രൊസീജിയറുകൾ നടത്താൻ സാധിക്കുന്നതാണ്.

കാത്ത് ലാബ് കൂടാതെ 8 അനസ്തീഷ്യ വർക്ക് സ്റ്റേഷന് 96.11 ലക്ഷം രൂപ, ഹാർട്ട് ലങ് മെഷീൻ 90. 19 ലക്ഷം, 2 അൾട്രാ സൗണ്ട് മെഷീന് 17.89 ലക്ഷം, ആട്ടോക്ലോവ് മെഷീൻ 40 ലക്ഷം, ഫിബ്രിയോ ഒപിക് ബ്രോങ്കോസ്കോപ് 10. 83 ലക്ഷം, എക്മോ 28.86 ലക്ഷം, കൊളോണോസ്കോപ്പ് 19.02 ലക്ഷം, വീഡിയോകോൾപോസ്കോപ്പ് 11.50 ലക്ഷം, പോർട്ടബിൾ അൾട്ടാസൗണ്ട് മെഷീൻ 13.09 ലക്ഷം, ബേബി ലോംഗ് വെന്റിലേറ്റർ 13.57 ലക്ഷം, 2 വെന്റിലേറ്റർ 19.53 ലക്ഷം, കാം മെഷീൻ 15 ലക്ഷം, യൂറോളജി ഒ. ടി. ടേബിൾ 13.20 ലക്ഷം, പോർട്ടബിൾ വെന്റിലേറ്റർ 6.5 ലക്ഷം, ഹോൾ ബോഡി ഫോട്ടോതെറാപ്പി ചേംബർ 3.3 ലക്ഷം തുടങ്ങിയ 29 ഉപകരണങ്ങൾക്കാണ് 10. 75 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

മെഡിക്കൽ ഓക്സിജൻ, വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് ആവശ്യമായ കെമിക്കൽസ്, കൺസ്യൂമബിൾ, ഗ്ലാസ് വെയർ, റീയേജന്റ്, എക്സ്റേ സി. ടി. ഫിലിം, എന്നിവയ്ക്കായാണ് 3.97 കോടി അനുവദിച്ചിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായുള്ള ബോഡി വാമർ, ബിപി അപ്പാരറ്റസ്, സെൻട്രലൈസ്ഡ് വാക്വം സക്ഷൻ പമ്പ്, ഐവി സ്റ്റാന്റ്, വീൽച്ചെയർ തുടങ്ങിയ ആശുപത്രി സാമഗ്രികൾക്കും വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് വേണ്ടിയുള്ള ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കുമായാണ് 3.2 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

you may also like this video