Saturday
19 Oct 2019

തോറ്റുപോയി, എങ്കിലും ചരിത്രസാക്ഷ്യങ്ങള്‍ പകരുന്ന പ്രത്യാശ

By: Web Desk | Thursday 30 May 2019 10:31 PM IST


പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇടതുപക്ഷ ശക്തികള്‍ക്കും നല്‍കിയത് പരാജയത്തിന്റെ കാഠിന്യമേറിയതും കയ്‌പേറിയതുമായ അനുഭവ പാഠങ്ങളാണ്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യ കറുത്തനിറം പ്രകാശിപ്പിക്കുന്ന വര്‍ഗീയ ഫാസിസത്തിന്റെയും വംശവെറിയുടെയും മതവിദ്വേഷത്തിന്റെയും ഭയാനകമായ വഴിവിളക്കുകള്‍ക്ക് മുന്നില്‍ കാലിടറി വീണിരിക്കുന്നു. 2014 ലെ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കവേ 2002 ല്‍ വംശഹത്യാ പരീക്ഷണം നടത്തിയ നരേന്ദ്രമോഡിയായിരുന്നു സംഘപരിവാറിന്റെയും സഖ്യകക്ഷികളുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഹിന്ദുത്വഭീകരതയും വംശവെറിയും വിദ്വേഷ രാഷ്ട്രീയവും നന്നായി മുതലെടുക്കുകയും ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുകയും ചെയ്യുന്നതില്‍ നരേന്ദ്രമോഡിയും കൂട്ടരും വിജയിച്ചു. ചിന്നിച്ചിതറി കിടന്നിരുന്ന മതനിരപേക്ഷ കക്ഷികളുടെ നേര്‍ക്കുനേരെയുള്ള പോരാട്ടവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കൊടിയ അഴിമതി പരമ്പരകളും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് വ്യക്തികള്‍ക്ക് വിജയം നല്‍കി. അപ്പോഴും കേവലം 31 ശതമാനം സമ്മതിദായകര്‍ മാത്രമേ മോഡിയുടെ ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണച്ചുള്ളു. പക്ഷെ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭ്യമായി.

അധികാരത്തിലെത്തുന്നതിനു മുമ്പും ശേഷവും ജനസമക്ഷം വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ചു നരേന്ദ്രമോഡി. 2019 ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല എന്ന് മാത്രമല്ല അതിനെക്കുറിച്ച് ദീര്‍ഘമായ മിണ്ടാവ്രതത്തിലുമായിരുന്നു മോഡി. ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയില്‍ ജയ്ശ്രീറാം വിളികളെയും അയോധ്യയെയും രാമജന്മ ഭൂമിയെയും ആയുധമാക്കി ഭൂരിപക്ഷ സാമുദായിക വോട്ടുകളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ച് നിര്‍ത്തി. മുത്തലാഖ് ബില്ലിനെ മുന്‍നിര്‍ത്തി മുസ്‌ലിം മതവിശ്വാസികളായ സ്ത്രീകളുടെ വോട്ട് നേടിയെടുക്കാനുള്ള കുത്സിത ശ്രമവും നടത്തി. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത വിഷയങ്ങള്‍ മുന്‍നിര്‍ത്തി വോട്ട് പിടിക്കാന്‍ നരേന്ദ്രമോഡിയും കുത്തക മുതലാളിമാര്‍ നിയന്ത്രിച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് യന്ത്രസംവിധാനവും തയ്യാറായി.

ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ് ഭൂരിപക്ഷ മേഖലകളില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 1984 ലെ സിഖ് കൂട്ടക്കൊല അദ്ദേഹത്തിന് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി. മാതാവിന്റെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായി രാജീവ്ഗാന്ധി സിഖ് കൂട്ടക്കൊലയിലെ കൊടും വില്ലനായി മാറി. മോഡിയുടെ റഫാല്‍ അഴിമതിക്കഥ സജീവ ചര്‍ച്ചാവിഷയമാകുമ്പോള്‍ മോഡി രാജീവ്ഗാന്ധിയുടെ ബൊഫോഴ്‌സ് കുംഭകോണത്തെ പൊടിതട്ടിയെടുത്തു. നാവികസേനയുടെ കപ്പലുകള്‍ വിനോദ ആര്‍ഭാടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചു. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങളിലൂടെയാണെങ്കിലും മോഡിക്കും കൂട്ടര്‍ക്കും വര്‍ധിതവീര്യത്തോടെ അധികാരത്തിലെത്താനായി. 31 ശതമാനം ഉണ്ടായിരുന്ന എന്‍ഡിഎ വോട്ടുവിഹിതം 42 ശതമാനമായി വര്‍ധിപ്പിച്ചു. ബിജെപി സ്വന്തം നിലയില്‍ 303 സീറ്റുകളിലെത്തി.

നാല്‍പത്തിയെട്ട് സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി പ്രചണ്ഡ പ്രചാരങ്ങള്‍ നടത്തിയിട്ടും 52 സീറ്റുകളില്‍ ഒതുങ്ങി. ഇടതുപക്ഷത്തിനും മറ്റ് മതനിരപേക്ഷ കക്ഷികള്‍ക്കും തീര്‍ത്തും നിരാശാജനകമായ ഫലമാണുണ്ടായത്. 2014 ല്‍ പ്രധാനമന്ത്രിയായി പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ നരേന്ദ്രമോഡി പാര്‍ലമെന്റിന്റെ പടിവാതിലില്‍ സാഷ്ടാംഗം പ്രണമിച്ചു. പക്ഷേ പിന്നീട് അധികം ദിവസങ്ങളില്‍ അദ്ദേഹം ലോക്‌സഭയിലോ രാജ്യസഭയിലോ എത്തിയില്ല. എത്തിയപ്പോഴെല്ലാം നീണ്ട മൗനത്തിലുമായിരുന്നു. കൂടുതല്‍ കാലവും വിദേശ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയ മോഡി ഇത്തവണ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തന്നെ നേതാവായി തെരഞ്ഞെടുക്കുന്നതിന് തൊട്ട് മുമ്പ് പ്രത്യേകം തയാറാക്കിവച്ചിരുന്ന ഭരണഘടനയുടെ പുറം ചട്ടയില്‍ കൈകൂപ്പി മുഖം ചേര്‍ത്ത് വന്ദിച്ചു. ഭരണഘടന തിരുത്തണമെന്നും മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്ന നരേന്ദ്രമോഡിയുടെ ഈ ഭരണഘടനാവന്ദനത്തിന്റെ യുക്തിയും പ്രതിഫലനവും നാം കാത്തിരുന്നു കാണേണ്ടതാണ്.

മോഡിയുടെ കാപട്യ പരമ്പരകളില്‍ ഒന്നുമാത്രമാണ് ഭരണഘടനയുടെ പുറംചട്ടയിലെ ചുംബനം.
പരാജയം കഠിനം തന്നെ. പാഠങ്ങള്‍ പഠിക്കേണ്ടവര്‍ സമചിത്തതയോടെ അത് പഠിച്ചില്ലായെങ്കില്‍ കൂടുതല്‍ വിനാശകരമായ ദുരവസ്ഥ നേരിടേണ്ടിവരും. മാസങ്ങള്‍ക്ക് മുമ്പ് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സര്‍വേ ഫലങ്ങളെ അതിജീവിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും. ഇപ്പോഴത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പുത്രന്‍ കിരണ്‍ നാഥ് മാത്രം വിജയിച്ചു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ ഉള്‍പ്പെടെ എല്ലാവരും പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങി. അഞ്ച് മാസത്തിനിടയില്‍ ഉണ്ടായ ഈ ദുരനുഭം കോണ്‍ഗ്രസിനെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്.

ഉത്തര്‍പ്രദേശ് പിടിക്കാന്‍ രംഗത്തിറക്കിയ പ്രിയങ്കാഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ആഞ്ഞു പിടിച്ചിട്ടും എണ്‍പത് പാര്‍ലമെന്റ് സീറ്റുകളില്‍ ഒന്നിലൊതുങ്ങി കോണ്‍ഗ്രസ്. സോണിയാഗാന്ധി മാത്രം. ഭൂരിപക്ഷം നന്നേ കുറഞ്ഞു. അമേഠിയില്‍ രാഹുല്‍ഗാന്ധി തോറ്റമ്പുകയും ചെയ്തു. മക്കള്‍ രാഷ്ട്രീയത്തിന്റെയും കുടുംബാധിപത്യത്തിന്റെയും പേരില്‍ വിലപിക്കുകയാണിപ്പോള്‍ രാജിക്കൊരുമ്പെട്ട് നില്‍ക്കുന്ന എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ പി ചിദംബരവും കമല്‍നാഥും അശോക് ഗെഹ്‌ലോട്ടും മക്കള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെങ്കില്‍ തനിക്ക് മുന്നില്‍ രാജി ഭീഷണിപോലും മുഴക്കിയെന്ന് രാഹുല്‍ഗാന്ധി വിലപിക്കുന്നു. ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങിയ അശോക് ഗെഹ്‌ലോട്ടിന്റെ പുത്രന്‍ വൈഭവ് തോറ്റത് ചെറിയ വോട്ടിനൊന്നുമല്ല. 2.74 ലക്ഷം വോട്ടിന് കൂപ്പുകുത്തി. വിജയിച്ച കമല്‍നാഥിന്റെ പുത്രന്‍ നകുല്‍നാഥിന് ലഭിച്ചത് കേവലം 3753 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. മധ്യപ്രദേശിലെ ബാക്കി മുഴുവന്‍ സീറ്റിലും വിജയിച്ച് കയറിയ ബിജെപി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ലക്ഷങ്ങളുടേതാണെന്ന് ഓര്‍ക്കണം. 132 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വോട്ട് വിഹിതം കുറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വിളിച്ചറിയിക്കുന്നത് ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കൈയൊഴിഞ്ഞു എന്നാണ്. പല സംസ്ഥാനങ്ങളിലും മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് കോണ്‍ഗ്രസ് കാട്ടിയ അലംഭാവവും വീഴ്ചയും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്തു. കോണ്‍ഗ്രസിനുള്ളില്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ചേരിപ്പോരും പല നേതാക്കളുടെയും മൃതുഹിന്ദുത്വ സമീപനവും മുതിര്‍ന്ന നേതാക്കളുടെ ബിജെപിയിലേക്കുള്ള തുടര്‍ച്ചയായുള്ള ചാഞ്ചാട്ടവും കോണ്‍ഗ്രസിന് വിനയായി. ഇനിയൊരു പുനരുജ്ജീവനത്തിന് കോണ്‍ഗ്രസ് നന്നേ പണിപ്പെടേണ്ടി വരും. വിട്ടുവീഴ്ചയില്ലാത്ത വര്‍ഗീയ ഫാസിസ്റ്റ് പോരാട്ടവും അഴിമതിയില്‍ നിന്നുള്ള വിമുക്തി നേടലും ജനവിരുദ്ധ സാമ്പത്തിക നയങ്ങളിലെ ശരിയായ തിരുത്തലും മാത്രമേ കോണ്‍ഗ്രസിന് രക്ഷാമാര്‍ഗം ഒരുക്കൂ. ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയും സൂക്ഷ്മവും സമഗ്രവുമായ പഠനം ആവശ്യപ്പെടുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച ഇടതുപക്ഷത്തിന് ജനപിന്തുണ വര്‍ധിപ്പിക്കുവാനും നിലനിര്‍ത്തുവാനും കഴിയാതെ പോയത് എന്തുകൊണ്ട് എന്ന് പരിശോധിക്കുകയും അനിവാര്യമായ തിരുത്തലുകളിലൂടെ ജനപിന്തുണ ആര്‍ജിക്കുകയും വേണം. മതേതര ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

കേരളത്തില്‍ ഇരുപതില്‍ 19 സീറ്റില്‍ വിജയിച്ചതോടെ അഹന്തയുടെ മൂര്‍ധന്യത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. രാജ്യത്താകെ കോണ്‍ഗ്രസ് മലര്‍ന്നടിച്ച് വീണത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കാണുന്നതേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മരണമണി മുഴങ്ങിയെന്നും ചരമഗീതം രചിച്ചു കഴിഞ്ഞുവെന്നും അവര്‍ വാചാടോപം നടത്തുന്നു. മുന്‍കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസുകാരുടെ ഈ വാചക കസര്‍ത്തിന്റെ നിരര്‍ഥകത ബോധ്യപ്പെടും. 2004 ലെ പതിനാലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ഉം യുഡിഎഫ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. യുഡിഎഫില്‍ നിന്ന് വിജയിച്ചത് മുസ്‌ലിംലീഗിലെ ഇ അഹമ്മദ് മാത്രം. മറ്റൊരു സീറ്റില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച വിമത കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസും. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം കണ്ട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മരണമണി മുഴങ്ങിയെന്ന് വിഡ്ഢിത്തം ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിയതേയില്ല. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് ഒരു പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പ്രസക്തി അവസാനിക്കുന്നില്ല. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഫലം വരുംകാലത്തിനാകെ വിരാമമിടുന്നതല്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ കെട്ടിവച്ച കാശ് കിട്ടാതെ പരാജയപ്പെടുന്നവരായിരുന്നു.

പതിയെപ്പതിയെ ആണ് കമ്മ്യൂണിസ്റ്റുകാര്‍ ജനപിന്തുണയാര്‍ജിച്ച് വിജയരഥത്തിലേറാന്‍ തുടങ്ങിയത്. പിന്നീടും പരാജയങ്ങളും തിരിച്ചടികളും വിജയങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പുകളും ഉണ്ടായി. ഇപ്പോള്‍ നേരിട്ട പരാജയത്തെ കമ്മ്യൂണിസ്റ്റുകാര്‍ അതിജീവിക്കുകതന്നെ ചെയ്യും.
1952 ലെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ 1977 വരെ സ്വതന്ത്ര ഇന്ത്യ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും അക്കാലയളവില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായി. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. ജനതാ പാര്‍ട്ടി 298 സീറ്റുകള്‍ നേടി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തി. കോണ്‍ഗ്രസിന് 153 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന്റെ നെടുംകോട്ടയായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ പുത്രന്‍ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ രാജ്‌നാരായണന്‍ സൂപ്പര്‍ ഹീറോ ആയി. പക്ഷേ 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളോടെ ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായി. ജനതാ പാര്‍ട്ടി 1977 ല്‍ രാജ്യത്താകെ വെന്നിക്കൊടി പാറിക്കുമ്പോള്‍ കേരളം വേറിട്ടുനിന്നു. ഇരുപതില്‍ ഇരുപത് സീറ്റും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഐക്യമുന്നണി നേടി. ജനതാ പാര്‍ട്ടിക്ക് ഒരു സീറ്റുപോലും നേടാനായില്ല. സി അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കുന്ന ആ തെരഞ്ഞെടുപ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നു. കോണ്‍ഗ്രസ് മുന്നണി 111 സീറ്റുകളോടെ അധികാരത്തിലെത്തി. 1980 ല്‍ വിധി മറ്റൊന്നായി.

1985 ല്‍ ഇന്ദിരാഗാന്ധി തരംഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 419 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. 1989 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 140 സീറ്റിലൊതുങ്ങി. അന്നേവരെയുളള കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. 1999 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എ ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തി. 2004 ലെ തെരഞ്ഞെടുപ്പില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ഇന്ത്യ തിളങ്ങുന്നു ഇന്ത്യ കുതിക്കുന്നു എന്ന മുദ്രാവാക്യവുമായാണ് ബിജെപിയും സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്ലാ സര്‍വേ ഫലങ്ങളും വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചു. സംഭവിച്ചതു മറ്റൊന്നായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇന്ന് നരേന്ദ്രമോഡി ഉയര്‍ത്തുന്നതുപോലെ തീവ്രദേശീയതയും സൈനികരുടെ വീരമൃത്യുവും മിന്നലാക്രമണങ്ങളും ആ തെരഞ്ഞെടുപ്പില്‍ വാജ്‌പേയിയും കൂട്ടരും പ്രയോഗിച്ചിരുന്നു. ആണവായുധ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവുമായിരുന്നു ആയുധങ്ങള്‍. പക്ഷേ ഇന്ത്യന്‍ ജനത തിരിച്ചടി നല്‍കുകയാണ് ചെയ്തത്. ഈ ചരിത്രപശ്ചാത്തലങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍, ഒരു തെരഞ്ഞെടുപ്പ് ഫലംകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, പ്രത്യയശാസ്ത്രമോ കാലഹരണപ്പെടുന്നില്ല എന്നും ഏതെങ്കിലും വ്യക്തി എക്കാലത്തേക്കുമായി അജയ്യനായിത്തീരുകയില്ല എന്നുമാണ്. കാലം തിരുത്തലുകളെ സ്വീകരിക്കുകയും ശരിയായ വഴികള്‍ തേടുന്നവരെ കൈയൊഴിയാതിരിക്കുകയും ചെയ്യും.