അത്ഭുതമായി 18,000 വർഷം പ്രായമുള്ള നായക്കുട്ടി

Web Desk
Posted on December 01, 2019, 10:10 am

മഞ്ഞുപാളികൾക്കിടയിൽ നിന്ന് കിട്ടിയ നായക്കുട്ടിയ്ക്ക് 18,000 വർഷം പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർ. സൈബീരിയൻ മേഖലയിൽ നിന്നാണ് ഈ നായക്കുട്ടിയെ കിട്ടിയത്. ശാസ്ത്രജ്ഞർ സ്നേഹപൂർവം ഡോഡ്ജറെന്നാണ് വിളിക്കുന്നത്.

നായയുടെയും ചെന്നായയുടെയും രൂപഭാവങ്ങളാണ് ഇതിനുള്ളത്. ചെന്നായയിൽ നിന്ന് നായയിലേക്കുള്ള പരിണാമത്തിനിടയിലെ ജീവിവർഗമാകാം ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

പല്ലുകൾക്ക് ചെന്നായയോട് സാമ്യമുണ്ട്. കുളമ്പിനും കൈകാലുകൾക്കും പല്ലുകൾക്കുമെല്ലാം ഇപ്പോഴും കേടുപാടുകൾ വന്നിട്ടില്ല. രോമങ്ങൾ ഇപ്പോഴും കേടില്ലാതെ ഇരിക്കുന്നതായും ശാസ്ത്രജ്ഞർ പുറത്ത് വിട്ട ചിത്രങ്ങളിൽ വ്യക്തമാണ്.

റഷ്യയുടെ വടക്ക് കിഴക്കൻ അറ്റത്ത് നിന്നും കഴിഞ്ഞ വർഷം അവസാനമാണ് ഈ ജീവിയെ നാട്ടുകാർക്ക് കിട്ടുന്നത്. ഇത് പഠനത്തിനായി ശാസ്ത്രജ്ഞർക്ക് കൈമാറുകയായിരുന്നു. ഡോഡ്ജർ അത്ഭുതമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.