Web Desk

ന്യൂഡല്‍ഹി

June 27, 2021, 10:05 pm

വാക്സിൻ നയത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ; ഡിസംബറിനുള്ളിൽ 188 കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വാക്സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഈ വര്‍ഷം അവസാനം വരെ 188 കോടി ഡോസ് വാക്സിന്‍ അഞ്ച് നിര്‍മ്മാതാക്കളില്‍ നിന്നായി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി വാക്‌സിന്‍ ലഭ്യമാക്കും. ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജനസഖ്യയുടെ 5.6 ശതമാനത്തിനാണ് രണ്ട് ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

94 കോടിയോളം മുതിര്‍ന്ന വിഭാഗക്കാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ 188 കോടി ഡോസ് വേണം. ജൂലെെ 31 വരെ 51.6 കോടി ഡോസ് ലഭ്യമാക്കും. 50 കോടി കോവിഷീല്‍ഡും 40 കോടി കോവാക്‌സിനും ലഭ്യമാക്കും.

മുതിർന്ന പൗരൻമാരുടെ വാക്സിനേഷൻ മന്ദഗതിയിൽ

ന്യൂഡൽഹി: അറുപതു വയസു കഴിഞ്ഞവരുടെ വാക്സിനേഷൻ മന്ദഗതിയിലെന്ന് ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 60 വയസുകഴി‍ഞ്ഞ 2.29 കോടി ആളുകളാണ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്. 6.71 കോടി പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചു.

60 വയസ് കഴിഞ്ഞവർക്കും 45 വയസ് കഴിഞ്ഞവർക്കും മാർച്ച് ഒന്ന് മുതലാണ് വാക്സിനേഷൻ ആരംഭിച്ചത്. മാർച്ച് 13 മുതൽ ഏപ്രിൽ രണ്ട് വരെ 80.77 ലക്ഷം ഡോസ് വാക്സിനാണ് 60 വയസു കഴിഞ്ഞവർക്ക് നൽകിയത്. എന്നാൽ ജൂൺ അഞ്ച് മുതൽ 25 വരെ പ്രതിവാര കണക്ക് ഏകദേശം 32 ലക്ഷമായി കുറഞ്ഞു. കോവിഡ് വാക്സിനുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അഭ്യൂഹങ്ങളും വാക്സിനേഷൻ കവറേജിന് ഏറ്റവും വലിയ തടസ്സമാണെന്ന് ദി കോളിഷൻ ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ സെക്യൂരിറ്റി (സിഎഫ്എൻഎസ്) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുജീത്ത് രാജൻ പറഞ്ഞു. ചിലർ കോവിഡ് ബാധിക്കില്ലെന്ന് വിശ്വസിക്കുന്നു, ഗ്രാമപ്രദേശങ്ങളിലുള്ളവർ കോവിഡ് നഗരവാസികളിൽ മാത്രമാണ് ഉണ്ടാകുന്നതെന്ന് കരുതുന്നു.

കോവിഡ് വാക്സിന്റെ പാർശ്വഫലം രണ്ട് വര്‍ഷത്തിലധികം ഉണ്ടാകുമെന്ന സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ വാക്സിൻ സ്വീകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറോടെ രാജ്യത്തെല്ലാവര്‍ക്കും വാക്‌സിനെന്ന് പ്രധാനമന്ത്രി

ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്താനാവശ്യമായ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ പദ്ധതി തുടങ്ങിയശേഷമുള്ള പുരോഗതിയും വാക്‌സിന്‍ ലഭ്യതയും യോഗം ചര്‍ച്ചചെയ്തു. കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 3.77 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 128 ജില്ലകളില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 16 ജില്ലകളില്‍ 45‑നുമുകളിലുള്ള 90 ശതമാനവും വാക്‌സിനെടുത്തു. വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോഴുള്ള ഊര്‍ജസ്വലത നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സ്പുട്‌നിക്കിന് അടിയന്തരാനുമതി

റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്കിന് അടിയന്തരാനുമതി നല്‍കിയതായും കേന്ദ്രം അറിയിച്ചു. ബയോളജിക്കല്‍ ‑ഇ, സൈഡസ് കാഡില എന്നിവയുടെ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. 12നും 18നും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ നിര്‍മ്മാണത്തിലാണ് സൈഡ്സ് കാഡില്ല. ഇതും ഉടന്‍ ലഭ്യമാക്കും.

മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ കൂടാതെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പോയി നേരിട്ട് കുത്തിവയ്പ്പെടുക്കാനുള്ള സൗകര്യം ഒരുക്കിയതായും ഡിജിറ്റല്‍ ഡിവൈഡ് ഇനി വാക്‌സിനേഷന് തടസ്സമാകില്ലെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. വാക്‌സിന്‍ സൗജന്യമാക്കിയതും കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ജൂലൈയോടെ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന്‍ നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതേസമയം കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ഇന്ത്യയിലേക്കെത്തുക.

ഡോസ് ഒന്നിന് 25 ഡോളര്‍ ആയിരിക്കും ഇന്ത്യയിലെ നിരക്ക്. വാക്സിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിന് കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ലഭ്യമായിതുടങ്ങും.

2021 ഫെബ്രുവരിയില്‍ തന്നെ ഇത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.

You may also like this video: