18 April 2024, Thursday

Related news

March 24, 2024
February 2, 2024
November 11, 2023
September 6, 2023
September 4, 2023
September 2, 2023
August 31, 2023
August 24, 2023
July 31, 2023
May 12, 2023

ഇതുവരെ വിതരണം ചെയ്തത് 19 ലക്ഷം ഓണക്കിറ്റുകള്‍: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 8:27 pm

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 19,49,640 പേര്‍ക്ക് ഇതുവരെ വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും ഒരാള്‍ക്കും കിറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

എഎവൈ കാര്‍ഡിലെ 4,76,177 പേരും, പിഎച്ച്എച്ച് കാര്‍ഡിലെ 12,58,235 പേരും, എന്‍പിഎന്‍സ് കാര്‍ഡുകാരായ 59,162 പേരും, എന്‍പിഎസ് വിഭാഗത്തിലെ 1,56,066 പേരും ഭക്ഷ്യകിറ്റ് കൈപ്പറ്റിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്, 2,39,812 എണ്ണം. തിരുവനന്തപുരം ജില്ലയിൽ 2,20,991, തൃശൂരിൽ 1,94,291, ആലപ്പുഴയിൽ 1,37,662, എറണാകുളത്ത് 1,59,631, ഇടുക്കിയിൽ 93,931, കണ്ണൂരിൽ 98,986, കാസർകോട് 76,501, കൊല്ലത്ത് 1,30,092, കോട്ടയത്ത് 97,460, കോഴിക്കോട് 1,76,308, പാലക്കാട് 1,65,358, പത്തനംതിട്ടയിൽ 81,692, വയനാട് 76,925 എന്നിങ്ങനെ എണ്ണം കിറ്റുകളാണ് വിതരണം ചെയ്തത്. ഇന്നു മുതല്‍ എല്ലാ കാര്‍ഡുകാര്‍ക്കും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാവുന്നതാണ്. പരമാവധി ഓണത്തിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഉള്‍വനങ്ങളിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് കിറ്റ് വാങ്ങുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വാതില്‍പ്പടി വിതരണത്തിലൂടെ നേരിട്ട് ആദിവാസി ഊരുകളിലെത്തി ഭക്ഷ്യകിറ്റ് വിതരണത്തിനും അതോടൊപ്പം ഈ മാസത്തെ റേഷന്‍ വിതരണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പൊടിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിയ്ക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും കിറ്റ് വിതരണത്തിൽ പങ്കെടുക്കും. കന്യാസ്ത്രീ മഠങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും താമസക്കാര്‍ക്കും ഓണക്കിറ്റുകള്‍ നേരിട്ട് എത്തിച്ചു നല്‍കും. ദുര്‍ബല വിഭാഗത്തിലെ ഒരു കുടുംബം പോലും പ്രയാസം അനുഭവിക്കരുതെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പുറമേ 150 ലധികം ദിവസം തൊഴിലെടുത്ത ജീവനക്കാര്‍ക്ക് 750 രൂപയുടെ സൗജന്യ വൗച്ചറും ഓണസമ്മാനമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.

എഎവൈ കാര്‍ഡുകളുടെ വിതരണം 20 നുള്ളില്‍

അനര്‍ഹര്‍ തിരിച്ചേല്‍പ്പിച്ച മുന്‍ഗണനാ കാര്‍ഡുകളില്‍ എഎവൈ വിഭാഗത്തില്‍പെട്ട കാര്‍ഡുകളുടെ വിതരണം 20 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. അനർഹർ കൈവശം വച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകളാണ് തിരിച്ചേൽപ്പിച്ചത്. ഇതില്‍ നിന്നും അർഹതയുള്ള 12,000 പേർക്ക് എഎവൈ കാർഡ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിച്ചു തുടങ്ങും. പിഎച്ച്എച്ച്, എന്‍പിഎസ് കാര്‍ഡുകളുടെ വിതരണം സെപ്റ്റംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതുതായി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് ഇ‑കാര്‍ഡ് നല്‍കും. ആവശ്യപ്പെടുന്നവർക്ക് നിശ്ചിത ഫീസ് ഈടാക്കി സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യും. ഇത്തരം കാർഡുകൾ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഭാവിയിലെ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

നെല്ല് സംഭരണം: രജിസ്ട്രേഷന്‍ 16ന് തുടങ്ങും

അടുത്ത സീസണിലെ നെല്ല് സംഭരണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ 16 ന് തുടങ്ങും. അടുത്ത വർഷം മുതൽ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. നെല്ല് സംഭരണം സുഗമമാക്കാൻ കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ജില്ല തിരിച്ച് ചർച്ചകൾ നടത്തും. ചര്‍ച്ചയുടെ ആദ്യഘട്ടം 26ന് പാലക്കാട് നടക്കും.

Eng­lish summary:19 lakh onam spe­cial kits dis­trib­uted till now : min­is­ter GR Anil
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.