28 March 2024, Thursday

2.30 ലക്ഷം രൂപയുടെ വിലക്കിഴിവ്; ടാറ്റ ടിഗോര്‍ ഇവിക്കായി കൂട്ടയിടി

Janayugom Webdesk
മുംബൈ
September 13, 2021 8:12 pm

ഓഗസ്റ്റ് 31ന് ആണ് ടാറ്റ ടിഗോര്‍ ഇവി പുറത്തിറക്കിയത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണവും ടിഗോര്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ ടിഗോര്‍ ഇവി തരംഗമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം പുറത്തിറക്കിയതു മുതല്‍ ഇന്നുവരെ മാത്രം മഹാരാഷ്ട്രയിലെ മുംബെെയില്‍ മാത്രം നൂറിലധികം ടിഗോര്‍ ഇവികള്‍ ബുക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇത് ആദ്യമായാണ് പെട്രോള്‍-ഡീസല്‍ കാറുകള്‍ അല്ലാത്ത ഒരു നാലുചക്ര വാഹനത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്രയുടെ പുതിയ ഇലക്ട്രിക്ക് വാഹന നയമാണ് ടിഗോര്‍ ഇവിക്ക് വലിയ ജനപ്രീതി നേടി കൊടുത്തത്. മഹരാഷ്ട്രയില്‍ ടിഗോര്‍ ഇവി വാങ്ങുന്നവര്‍ക്ക് 2.30 ലക്ഷം രൂപയുടെ വമ്പന്‍ ഓഫറുകളാണ് ലഭിക്കുന്നത്. പുതിയ നയപ്രകാരം വെെദ്യുത വാഹനങ്ങളുടെ ബാറ്ററി കപ്പാസിറ്റി അനുസരിച്ചാണ് ഇളവ് ലഭിക്കുക. അതായത് ഒരു കിലോവാട്ടിന് 5000 രൂപ സബ്സിഡി ലഭിക്കും. ഇപ്രകാരം 26kWh ശേഷിയുള്ള ടിഗോര്‍ ഇവിക്ക് 1.30 ലക്ഷം സബ്സിഡിയായി ലഭിക്കും. ഇതിനു പുറമേ, 2021 ഡിസംബര്‍ 31ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന വെെദ്യുത വാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ വിലക്കിഴിവും ലഭിക്കുന്നു. രണ്ടും ചേര്‍ത്ത് ഓണ്‍റോഡ് വിലയില്‍ നിന്നും 2.30 ലക്ഷം രൂപ കുറവില്‍ മഹാരാഷ്ട്രയില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാന്‍ കഴിയും. നാല് വേരിയന്റുകളില്‍ എത്തുന്ന ടാറ്റ ടിഗോര്‍ ഇവിക്ക് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 


ടാറ്റ ടിഗോറിന്റെ സവിശേതകള്‍

പുത്തൻ ടിഗോർ ഇവിയുടെ ചിരിക്കുന്ന ഗ്രില്ലിന്റെ ഭാഗത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള പാനൽ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളാണ് ടിഗോർ ഇവിയെ പെട്രോൾ, ഡീസൽ ടിഗോർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന എക്സ്റ്റീരിയർ ഘടകം. ഹെഡ്‍ലാംപിന് താഴെയും ഫോഗ് ലാംപ് ഹൗസിങ്ങിലും, 15 അലോയ് വീലുകളിൽ വരെ ഇലക്ട്രിക്ക് ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകളുണ്ട്. 

ബ്ലൂ നിറത്തിലുള്ള ഹൈലൈറ്റുകൾ ഇന്റീരിയറിലും ഉൾപെടുത്തിയിട്ടുണ്ട്. ബ്ലാക്ക്-ബേഡ് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹര്‍മന്‍ വികസിപ്പിച്ചിട്ടുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് ബട്ടണ്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവയാണ് അകത്തളത്തിന് മാറ്റ് കൂട്ടുന്നത്. 

26 kWh ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐപി.67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇവിയുടെ ഹൃദയം. ഇതിനൊപ്പം 74 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും ഇലക്ട്രിക് മോട്ടോറാണ് നല്‍കുന്നു. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് പുത്തന്‍ ടിഗോറിന്റ ഏറ്റവും വലിയ സവിശേത. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ടാറ്റ നല്‍കുന്നുണ്ട്. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്താൽ 80 ശതമാനം എത്താൻ 8.5 മണിക്കൂർ എടുക്കും. എന്നാൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർകൊണ്ട് 80 ശതമാനം ചർജ് നിറയ്ക്കാം. റീജനറേറ്റീവ് ബ്രേക്കിങും ടിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ മറ്റ് വാഹന നിര്‍മ്മാണ കമ്പനികളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പുതിയ ടിഗോര്‍ ഇവി ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവര്‍ക്കും ഒരു പോലെ സുരക്ഷ നല്‍കുന്നു. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടികളുടെ സുരക്ഷയില്‍ 34.14 പോയന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. ഇതിനു പുറമെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡെയ്‌ടോണ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ 2021 ടാറ്റ ടിഗോർ ഇവി വാങ്ങാം.

Eng­lish Sum­ma­ry : 2.3 lakhs dis­count for Tata Tig­or EV

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.