സിയാച്ചിനിൽ മഞ്ഞിടിച്ചിൽ; രണ്ടു സൈനികർ മരിച്ചു

Web Desk
Posted on November 30, 2019, 7:51 pm

ന്യൂഡൽഹി: സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് രണ്ടു സൈനികർ മരിച്ചു. സൈനിക പട്രോൾ സംഘത്തിനു മേൽ മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

സംഭവം നടന്ന ഉടൻതന്നെ രക്ഷാസംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട സൈനികരെ മഞ്ഞിനടിയിൽനിന്ന് പുറത്തെടുത്ത് ഹെലികോപ്റ്ററുകളിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മഞ്ഞുമല ഇടിഞ്ഞ് സിയാച്ചിൻ മേഖലയിൽ നാലു സൈനികരും രണ്ട് ചുമട്ടുകാരും മരിച്ചിരുന്നു. ഇവിടെ മണിക്കൂറുകളോളം സൈനികർ മഞ്ഞിനടിയിൽ പെട്ടിരുന്നു. ആ പ്രദേശത്ത് തന്നെയാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കന്‍ സിയാച്ചിന്‍ മലനിരകളിലാണ് അപകടം ഉണ്ടായത്.