രാജ്യം സ്തംഭിക്കും; ദ്വിദിന ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രിമുതല്‍

Web Desk
Posted on January 07, 2019, 8:25 am

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രിയില്‍ തുടക്കമാകും.

രാജ്യത്തെ സാമ്പത്തിക മേഖലയിലെ സമഗ്ര പരിഷ്‌കാരമാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ആവശ്യപ്പെടുന്നത്.വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ തൊഴിലാളികള്‍ വഴിയാധാരമാകുകയും സമ്പദ് വ്യവസ്ഥയുടെ നടുവൊടിയുകയും ചെയ്യുന്നതിന് ബദല്‍ നിര്‍ദ്ദേശമായി തൊഴിലാളി വര്‍ഗം 12 ഇന അവകാശ പത്രികയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, യുടിയുസി, എച്ച്എംഎസ്, കെടിയുസി, സേവ, ടിയുസിഐ, എഐയുടിയുസി, കെടിയുസി(എം), ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി, എഐസിടിയു, എന്‍എല്‍സി, കെടിയുസി (ബി), കെടിയുസി(ജെ), ടിയുസിസി എന്നീ തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.
ചരക്കു കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിച്ചും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ആദ്യ മുദ്രാവാക്യം. പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ച് തൊഴിലില്ലായ്മ പരിഹരിക്കണം. അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ക്ഷേമ പദ്ധതികളില്‍ അവരെ അംഗങ്ങളാക്കുകയും ചെയ്യണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കുകയും അത് വിലസൂചികയുമായി ബന്ധപ്പെടുത്തുകയും വേണമെന്നതും തൊഴിലാളി സമൂഹം മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. പ്രതിമാസ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തണം. പൊതുമേഖലയുടെ ഓഹരി വില്‍പ്പന അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ സമര്‍പ്പിച്ച അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നു. പൊതുമേഖലയെ വിറ്റഴിക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ്ഘടന താറുമാറാകുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സ്ഥിരം തൊഴില്‍ തസ്തികകള്‍ ഒന്നും കരാര്‍ തൊഴിലാക്കി മാറ്റാതിരിക്കുക എന്നതാണ് മറ്റൊരു ആവശ്യം. കരാര്‍ തൊഴിലാളികള്‍ക്കും സ്ഥിരം തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും അവകാശ പത്രികയില്‍ പറയുന്നു.
ബോണസ്, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ പരിധികളും എടുത്തുമാറ്റണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. അപേക്ഷ നല്‍കി 45 ദിവസത്തിനുള്ളില്‍ ട്രേഡ് യൂണിയനുകളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ എന്ന ഐഎല്‍ഒ കണ്‍വെന്‍ഷന്‍ തത്വം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുകയെന്നതാണ് അവകാശപത്രികയിലെ മറ്റൊരു ആവശ്യം. റയില്‍വെയിലെയും ഇന്‍ഷുറന്‍സിലെയും പ്രതിരോധ മേഖലയിലെയും വിദേശ നിക്ഷേപനീക്കം ഉപേക്ഷിക്കണമെന്നും അവകാശ പത്രികയിലൂടെ തൊഴിലാളി സമൂഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പണിമുടക്കം വമ്പിച്ച വിജയമാക്കാന്‍ തൊഴിലാളികളോടും ജനങ്ങളോടും സംയുക്ത സമരസമിതി അഭ്യര്‍ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായിരിക്കും ഈ പണിമുടക്കം എന്ന് സംയുക്ത സമരസമിതി സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ചെയ്യില്ല. എല്ലാവരോടും പണിമുടക്കിന്റെ ഭാഗമാകണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.