വിഷകൂണ്‍ കഴിച്ച് രണ്ട് മരണം

Web Desk
Posted on August 23, 2018, 5:06 pm

ഒഡീഷ: വിഷകൂണ്‍ കഴിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മരണം. ലക്ഷ്മി ഹംബ്രാം(37), വുദന്‍ ഹംബ്രാം(23) എന്നിവരാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മറ്റ് രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഒഡീഷയിലെ കൈന്‍പുലൈ ഗ്രാമത്തിലാണ് സംഭവം.

വനപ്രദേശങ്ങളില്‍ വളരുന്ന ഒരു പ്രത്യേകതരം കൂണാണ് ഇവര്‍ ഭക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം ഇവര്‍ക്ക് ഛര്‍ദ്ദിയും വയുറു വേദനയും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും കുടുബനാഥയും ഭര്‍തൃ സഹോദരനും മരണപ്പെടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന്‍റെയും മകന്‍റെയും നില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ പൊലീസ് സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീടിന്‍റെ സമീപ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച കൂണാണ് ഇവര്‍ ഭക്ഷണത്തിനായി ഉപയോഗിച്ചത്. ഇതിലെ വിഷാംശമാണ് മരണകാരണമെന്നതാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.