Janayugom Online
drown death

ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Web Desk
Posted on December 21, 2018, 7:11 pm

ചാലക്കുടി: അതിരപ്പിള്ളിക്ക് സമീപം ചാലക്കുടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്ന് വൈകിട്ടാണ് പത്തുപേരടങ്ങിയ വിദ്യാര്‍ഥി സംഘം പുഴയില്‍ കുളിക്കാനിറങ്ങിയത്. ഈ  ഭാഗത്ത് പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്ന് വനംവകുപ്പും പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഇവര്‍ കുളിക്കാനിറങ്ങി അല്‍പ സമയത്തിനകം തന്നെ വിദ്യാര്‍ഥികളില്‍ ചിലര്‍ സഹായം തേടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
പുഴയില്‍ വെള്ളം കുറവായിരുന്നിട്ടും കയത്തില്‍ പെട്ടാണ് വിദ്യാര്‍ഥികളെ കാണാതായത്.  ആദ്യഘട്ടത്തില്‍ അഗ്നിശമനസേനയടക്കം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. വിദ്യാര്‍ഥികള്‍  ഒഴുക്കില്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നുവെങ്കിലും കയത്തില്‍ ഇറങ്ങി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ തിരച്ചില്‍ നടത്തിയപ്പോഴാണ് വിദ്യാര്‍ഥികളുടെ മൃതദേഹം ലഭിച്ചത്. മൃതദേഹങ്ങള്‍ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റ് എട്ട് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്.