ഇരട്ടപ്പദവി വിവാദം: 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി

Web Desk

ന്യൂഡല്‍ഹി

Posted on January 19, 2018, 3:00 pm

ഇരട്ടപ്പദവി വിവാദത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗത്തിലാണ് അയോഗ്യരാക്കിയത്. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

എഴുപത് അംഗ നിയമസഭയിൽ എഎപിക്ക് 66 എംഎൽഎമാരാണുളളത്. അതുകൊണ്ടുതന്നെ 20 എംഎൽഎമാരെ നഷ്ടപ്പെട്ടാലും എഎപിയുടെ ഭൂരിപക്ഷത്തെ ഇതു ബാധിക്കില്ല. ഇതിനിടെ, തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം നിയമപരമായി നേരിടുമെന്ന് എഎപി വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, കമ്മിഷൻ തീരുമാനം ബിജെപി കേന്ദ്രങ്ങൾ സ്വാഗതം ചെയ്തു.

ഡല്‍ഹിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷമാണ് ഈ നടപടിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നത്. 70 അംഗ സഭയില്‍ 66 പേരുടെ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ 20 പേര്‍ അയോഗ്യരായാലും 46 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. കമ്മീഷന്‍റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

എന്നാല്‍, ഈ 20 സീറ്റിലെ ഉപതിരഞ്ഞെടുപ്പ് ഫലം ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി കെജ് രിവാളിനും നിര്‍ണായകമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടിയുണ്ടായാല്‍ ഒരു പക്ഷേ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അത് ഇടയാക്കിയേക്കാം.

2015 മാര്‍ച്ചില്‍ 21 പേരെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ ആം ആദ്മി പാര്‍ട്ടി പ്രതിനിധി രാജിവെച്ച്‌ രജൗറി ഗാര്‍ഡന്‍ മണ്ഡലത്തില്‍ മത്സരിച്ച്‌ തോറ്റിരുന്നു. ശേഷിക്കുന്ന 20 പേരെയാണ് ഇപ്പോള്‍ അയോഗ്യരാക്കിയത്.