Janayugom Online
Genetically modified food

ഇന്ത്യക്കാർക്ക് ഭക്ഷിക്കാൻ 20 നിരോധിത ഭക്ഷ്യ വസ്തുക്കള്‍

Web Desk
Posted on July 27, 2018, 7:55 pm

ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ജനിതക മാറ്റം വരുത്തിയ (ജിഎം) ഇരുപതിലധികം ഭക്ഷ്യ വസ്തുക്കള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ വിറ്റഴിക്കുന്നതായി പഠനം. രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിയമവിരുദ്ധമായി വില്‍പന നടക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്‌സി) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

മൊത്തം പരിശോധന നടത്തിയതില്‍ 32 ശതമാനം ഉല്‍പ്പന്നങ്ങളും ജനിതക മാറ്റം വരുത്തിയവയാണെന്നാണ് കണ്ടെത്തിയത്. ഇറക്കുമതി ചെയ്തവയില്‍ 46 ശതമാനവും ഈയിനത്തില്‍ ഉല്‍പ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാനഡ, നെതര്‍ലാന്‍ഡ്, തായ്‌ലാന്‍ഡ്, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഉല്‍പ്പന്നങ്ങളില്‍ ഏറെയും.

ജനിതക മാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങളുടെ ദീര്‍ഘകാല സുരക്ഷാ പരിശോധനകള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജിഎം ഭക്ഷ്യ വസ്തുക്കള്‍ അനുവദിക്കില്ലെന്ന് ബിജെപി പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിരുന്നതുമാണ്. ഇതെല്ലാം ലഘിച്ചാണ് നിയമ വിരുദ്ധമായി ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പന നടക്കുന്നത്. ജനിതക മാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകര്‍, ഉപഭോക്താക്കള്‍, കാലാവസ്ഥ, മരങ്ങള്‍ തുടങ്ങിയവയേയും ഇതിന്റെ ഉപയോഗം കുട്ടികളെയും ദോഷകരമായി ബാധിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.

ജനിതക മാറ്റം വരുത്തിയ വിത്തുകളില്‍ നിന്നുല്‍പാദിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ഭക്ഷ്യ വസ്തുക്കള്‍, കടുകെണ്ണ, പരുത്തിക്കുരുവെണ്ണ, വിവിധ ധാന്യങ്ങളുടെ മിശ്രിതങ്ങള്‍, ചോളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് മാര്‍ക്കറ്റുകളില്‍ വ്യാപകമായി ലഭ്യമാകുന്നത്. നിരവധി പരാതികളാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് നേരത്തേ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം കര്‍ശനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ബാധം തുടരുന്നതിന് കാരണമെന്നാണ് ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം