ബുൾബുൾ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 20 ആയി

Web Desk
Posted on November 11, 2019, 9:56 pm

കൊൽക്കത്ത: പശ്ചിമബംഗാളിലെ തീരദേശ ജില്ലകളിൽ ആഞ്ഞുവീശിയ ‘ബുൾബുൾ’ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധിപേർക്ക് പരിക്കേറ്റതായും ആയിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമബംഗാളിൽ പത്തുപേരും ഒഡിഷയിൽ രണ്ടുപേരും ബംഗ്ലാദേശിൽ എട്ടുപേരും മരിച്ചതായാണ് വിവരം. നാലുലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. കൂടാതെ 60,000ത്തോളം വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മരണസഖ്യ ഉയർന്നേക്കുമെന്നാണ് വിവരങ്ങൾ.

മരങ്ങൾ കടപുഴകിയതിനെത്തുടർന്നാണ് നോർത്ത് 24 പർഗാനാസിൽ നാലുപേർ മരിച്ചത്. ഈസ്റ്റ് മിഡ്നാപൂരിൽ വീട് തകർന്ന് ഒരാളും മരിച്ചിട്ടുണ്ട്. ഹൂളി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. മത്സ്യബന്ധനത്തിനിടെ ഒരാൾ മുങ്ങിമരിച്ചു. ഞായറാഴ്ച രാവിലെ കനത്തമഴയ്ക്കൊപ്പമെത്തിയ ചുഴലിക്കാറ്റിനെത്തുടർന്ന് വൈദ്യുതിബന്ധം തകർന്നു. റോഡ്, റയിൽ ഗതാഗതം താറുമാറായി. മരങ്ങൾ വ്യാപകമായി കടപുഴകി. വിളകൾക്കും വീടുകൾക്കും വലിയനാശമുണ്ടായി.

ദേശീയ ദുരന്തപ്രതികരണസേന, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ, പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. അതേസമയം കനത്ത നാശനഷ്ടങ്ങൾ വരുത്തിയ ബുൾബുൾ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുവരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.