ജീവകാരുണ്യത്തിനുള്ള പണം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു: ട്രംപിന് 20 ലക്ഷം ഡോളർ പിഴ

Web Desk
Posted on November 08, 2019, 10:00 am

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 20 ലക്ഷം ഡോളർ പിഴ. ന്യൂയോർക്ക് കോടതിയുടേതാണ് വിധി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കേണ്ട പണം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നു കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.

ഡൊണാൾഡ് ട്രംപിന്റേയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് നടപടി. 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വക മാറ്റി എന്നാണ് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടുന്നതിന് തൊട്ടുമുന്‍പ് വരെ ഫൗണ്ടേഷന്‍ ട്രംപിന്റെ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടത്. ഇവാങ്കയും എറികും ഫൗണ്ടേഷനില്‍ പങ്കാളികളാണെങ്കിലും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.