June 5, 2023 Monday

ലക്ഷ്യത്തെ സംബന്ധിച്ച ഐക്യമാണ് പ്രസക്തം

Janayugom Webdesk
January 15, 2020 5:00 am

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച് നീങ്ങാനുള്ള ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം രാജ്യത്താകമാനം ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പുതിയ മാനം നല്‍കുന്നു. പ്രക്ഷോഭ സമരങ്ങളില്‍ ഇടതുപാര്‍ട്ടി നേതാക്കളടക്കം പ്രതിപക്ഷ നേതാക്കള്‍ പങ്കാളികളായിരുന്നു എങ്കിലും പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് യോജിച്ച പങ്കാളിത്തം ഔപചാരികമായി ചര്‍ച്ച ചെയ്യപ്പെടുന്നതും തീരുമാനമാകുന്നതും. ഒരു ഡസനിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയോ മുന്നണികളുടെയോ നിയന്ത്രണത്തിലാണെന്നത് ഈ തീരുമാനത്തെ ശ്രദ്ധേയമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ആ സംസ്ഥാന സര്‍ക്കാരുകളോട് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച കണക്കെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം അഭ്യര്‍ത്ഥിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയായുള്ള പ്രവര്‍ത്തനമാണ് ജനസംഖ്യ രജിസ്റ്റര്‍ എന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും ബിജെപി നേതാക്കളും ആ പ്രഖ്യാപനങ്ങളെല്ലാം സൗകര്യപൂര്‍വം വിഴുങ്ങി പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും വരുത്തിതീര്‍ക്കാന്‍ തീവ്രശ്രമങ്ങളാണ് നടത്തിവരുന്നത്.

എന്നാല്‍ ഉള്ളിലിരുപ്പിനെയും ഉദ്ദേശലക്ഷ്യങ്ങളെയും സംബന്ധിച്ച് ജനങ്ങള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അങ്ങനെ ബോധ്യമില്ലാത്തവരെ അക്കാര്യങ്ങള്‍ വേണ്ടവിധം ബോധ്യപ്പെടുത്താന്‍ സര്‍വകലാശാലകളിലും രാജ്യത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച നിലപാടും ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള ആഹ്വാനവും പ്രക്ഷോഭത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ നിന്നും ചില പ്രമുഖ പാര്‍ട്ടികള്‍ വിട്ടുനിന്നതിനെ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീണതായി വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

യോഗത്തില്‍ നിന്നു വിട്ടുനിന്ന പ്രമുഖ പാര്‍ട്ടികള്‍ എല്ലാം പൗരത്വ ഭേദഗതി നിയമത്തെയും രജിസ്റ്ററിനെയും കണക്കെടുപ്പിനെയും നിശിതമായി എതിര്‍ക്കുന്നവരാണ്. അവരെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചിട്ടുള്ളവരുമാണ്. അവരില്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവ കേന്ദ്രനിയമവും നടപടികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് കെെക്കൊണ്ടിട്ടുള്ളവരുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയവും അവയ്ക്കെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയാണ്. പഞ്ചാബ് നിയമസഭ കേരളത്തിന്റെ മാതൃക പിന്തുടര്‍ന്ന് പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ജനതാദള്‍ (യു) പരസ്യമായി സ്വന്തം നിലപാട് തിരുത്താന്‍ സന്നദ്ധമായിരിക്കുന്നു.

വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാനുള്ള സന്നദ്ധത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍നിന്നും വിട്ടുനിന്ന പല പാര്‍ട്ടികളും അതിന് നിര്‍ബന്ധിതമായത് പ്രാദേശിക തര്‍ക്കങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ്. എന്നാല്‍, ഒറ്റക്കെട്ടായി അല്ലെങ്കില്‍തന്നെയും സമാന്തരമായി പ്രതിരോധവും പ്രക്ഷോഭവും തുടരുമെന്നുതന്നെയാണ് ലഭ്യമാകുന്ന സൂചനകള്‍. വിഷയത്തില്‍ സഖ്യകക്ഷികളെ എല്ലാം കൂടെനിര്‍ത്താന്‍ കഴിയാതിരുന്ന മോഡിയും അമിത്ഷായും അതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ദിനംപ്രതി അപഹാസ്യമാകുന്നതായാണ് കാണുന്നത്. ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ പ്രതിപക്ഷത്തിന് അവസരം ഒരുക്കി നല്‍കിയത് മോഡി സര്‍ക്കാര്‍ തന്നെയാണ്.

സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ പ്രതിപക്ഷ ഐക്യം ശ്രമകരമാണെന്ന വസ്തുത യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിയണം. ഭരണ പ്രതിപക്ഷഭേദമന്യെ ബിജെപി — സംഘപരിവാര്‍ ഇതരശക്തികളെ ഒരുമിച്ചു കൊണ്ടുവരാന്‍ നിയമസഭയ്ക്കകത്തും ഒരളവില്‍ പുറത്തും കഴിഞ്ഞ കേരളത്തില്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ്ണ യോജിപ്പ് കെെവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തിന്റെ കെട്ടുപാടുകള്‍ അത്രവേഗത്തില്‍ കുടഞ്ഞുകളയുക സാധ്യമല്ല. എന്നാല്‍ ജനകീയ തലത്തില്‍ ലക്ഷ്യത്തിലേക്ക് യോജിച്ചും സമാന്തരമായും നീങ്ങാനാവുമെന്നുതന്നെയാണ് അനുഭവപാഠം. രാജ്യവും ജനതയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ വെളിച്ചത്തില്‍ പ്രസക്തമാവുന്നത് ലക്ഷ്യത്തെ സംബന്ധിച്ച ഐക്യമാണ്.

Eng­lish sum­ma­ry: 20 Oppo­si­tion par­ties to unite against Cit­i­zen­ship Amend­ment Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.