20000 കോടിയുടെ കേന്ദ്ര പാക്കേജ്:മത്സ്യമേഖല പരിഷ്‌കരിക്കുന്നതിന് മുൻഗണന നൽകാം: സിഎംഎഫ്ആർഐ

Web Desk

കൊച്ചി

Posted on May 18, 2020, 4:07 pm

പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്ക് കീഴിൽ മത്സ്യമേഖലയ്ക്കുള്ള 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് മത്സ്യബന്ധനയാനങ്ങൾ ആധുനികവൽക്കരിക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങൾക്ക് മുൻഗണന നൽകി വിനിയോഗിക്കാമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽസുരക്ഷ ഉറപ്പുവരുത്താനും മീൻലഭ്യത തിരിച്ചറിയാനുമുതകുന്ന മുന്നറിയിപ്പ് സംവിധാനങ്ങൾ, കോൾഡ് സ്‌റ്റോറേജ് സൗകര്യം തുടങ്ങിയവ യാനങ്ങളിൽ ഘടിപ്പിച്ച് മത്സ്യബന്ധനരീതി ആധുനികവൽക്കരിക്കാമെന്നാണ് സിഎംഎഫ്ആർഐയില വിദഗ്ധരുടെ അഭിപ്രായം.

കടലിൽ മത്സ്യബന്ധനയാനങ്ങളുടെ സ്ഥാനം വേഗത്തിൽ തിരിച്ചറിയുന്നതിന് അവയിൽ വിഎംഎഎസ് സാങ്കേതികവിദ്യ സ്ഥാപിക്കൽ, ചൂര പോലുള്ള മീനുകളുടെ കയറ്റുമതി സാധ്യതകൾ കൂട്ടുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സാങ്കേതികവൈദഗ്ധ്യം നൽകൽ, കൂടുകൃഷിക്ക് പ്രാമുഖ്യം നൽകിയുള്ള സമുദ്രകൃഷിരീതികളുടെ വികസനം, കടൽപായലുകളുടെ കൃഷി, വിത്തുമത്സ്യബാങ്കുകളും അനുബന്ധ ഹാച്ചറി സംവിധാനങ്ങളും സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ അടിയന്തിര ശ്രദ്ധ ലഭിക്കേണ്ടതാണ്. സമുദ്രകൃഷി വികസിപ്പിക്കുന്നതിലൂടെ ധാരാളം തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ജോലി നഷ്ടമായി വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഇത് പ്രയോജനകരമാകുമെന്നും സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

ആധുനിക സൗകര്യങ്ങളോടു കൂടി ലാൻഡിംഗ് സെന്ററുകളെ ലോകനിലവാത്തിലേക്കുയർത്തുന്നതിനും മത്സ്യവിപണന കേന്ദ്രങ്ങൾ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കാനും മുൻഗണ നൽകേണ്ടതണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മത്സ്യങ്ങളുടെ ഓൺലൈൻ വിപണനശൃംഖല വികസിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. ആവശ്യമായ രീതിയിൽ വിനിയോഗിക്കുകയാണെങ്കിൽ ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ സമുദ്രമത്സ്യ മേഖലയ്ക്ക് ഊർജ്ജം നൽകാൻ ഈ സാമ്പത്തിക പാക്കേജ് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യവിപണന കേന്ദ്രങ്ങളിൽ ലേലമടക്കമുള്ളവയക്ക് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തൽ; കയറ്റുമതി ചരക്കുകൾക്ക് ആവശ്യമായ ട്രേസബിലിറ്റി സംവിധാനം ഒരുക്കൽ; മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രഡിറ്റ് കാർഡ് ലഭ്യമാക്കൽ; അപകട ഇൻഷുറൻസും ബോട്ടുകളുടെ ഇൻഷുറൻസും ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം; മൂല്യവർധിത ഉൽപാദനങ്ങളുടെ വികസനം തുടങ്ങിയ സംവിധാനങ്ങളും  മുൻഗണന  ക്രമത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു .

Eng­lish Sum­ma­ry: Finan­cial pack­age of 20000cr can uti­lize to  devel­op fish­eries sec­tor.

You may also like this video: