മാര്‍ക്സിസം ലെനിനിസം അല്ലെങ്കില്‍ കമ്മ്യൂണിസം എന്നീ പേരുകളില്‍ അറിയപ്പെടുന്ന സിദ്ധാന്ത പ്രയോഗത്തിന്റെ കൃത്യമായ പേര് ശാസ്ത്രീയ സോഷ്യലിസം എന്നാണ്. ഈ സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെ സ്ഥാപകാചാര്യന്മാര്‍ ജര്‍മ്മന്‍കാരായിരുന്ന കാള്‍മാര്‍ക്സും (1818–83) ഫെഡറിക് എംഗല്‍സും (1820–95) ആണ്. എങ്കിലും ഈ സമന്മാരില്‍ പ്രഥമന്‍ മാര്‍ക്സ് ആണെന്നതില്‍ തര്‍ക്കമില്ല. എംഗല്‍സ് തന്നെ ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രസ്താവിച്ചിട്ടുള്ളതാണ്. അതിവിനയം കാരണം എംഗല്‍സ് തന്നെ അങ്ങനെ തോന്നിപ്പിക്കും വിധം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ‘മാര്‍ക്സുമായി പങ്ക് ചേര്‍ന്ന് പ്രവര്‍ത്തിച്ച കഴിഞ്ഞ 40 വര്‍ഷകാലത്തും അതിന് മുമ്പും ഒരു സിദ്ധാന്തം ആവിഷ്ക്കരിക്കുന്നതില്‍ ഞാന്‍ സ്വതന്ത്രമായി ചില സംഭാവനകള്‍ ചെയ്തിട്ടുണ്ട് എന്ന കാര്യം എനിക്ക് നിഷേധിക്കാനാവില്ല. എന്നാല്‍ അടിസ്ഥാനപരമായ ആശയങ്ങള്‍ ആവിഷ്ക്കരിച്ചതില്‍ നേതൃത്വപരമായ പങ്ക് മാര്‍ക്സിന്റെത് തന്നെയായിരുന്നു. ഈ മൗലിക മേഖലയില്‍ ഞാന്‍ ചെയ്തത് എന്നെക്കൂടാതെ മാര്‍ക്സിന് സ്വന്തമായി ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ മാര്‍ക്സിന് നേടിയകാര്യം എനിക്ക് നേടാനാകുമായിരുന്നില്ല’. മഹാനായ മാര്‍ക്സിന്റെ ഒരു നിഴല്‍ മാത്രമോ രണ്ടാം നിരക്കാരനോ ആണ് എംഗല്‍സ് എന്ന തോന്നല്‍ മാര്‍ക്സിസ്റ്റ്കാരില്‍ പോലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ധാരണ സത്യവുമായി പുലബന്ധമില്ലാത്ത ഒരു ഭീമാബന്ധമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. മാര്‍ക്സ് തന്നെ ഇത് പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്സിയന്‍ സാമൂഹ്യദര്‍ശനത്തിന്റെയും വിപ്ലവ സിദ്ധാന്തത്തിന്റെയും അടിസ്ഥാന ശിലയായ ‘ചരിത്രപരമായ ഭൗതിക വാദ’ത്തിന്റെ സംഗ്രഹ രൂപം ആദ്യമായി മാര്‍ക്സ് അവതരിപ്പിച്ചത് 1859 ലാണെങ്കിലും ഫെഡറിക് എംഗല്‍സും മറ്റൊരു മാര്‍ഗത്തിലൂടെ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി’ എന്ന കൃതിയിലൂടെ ഇതേ നിഗമനത്തില്‍ എത്തിച്ചേരുകയുണ്ടായി. 1845 ല്‍ എഴുതപ്പെട്ട ‘വിശുദ്ധ കുടുംബം’ ആണ് കാള്‍മാര്‍ക്സും എംഗല്‍സും സംയുക്തമായി എഴുതിയ ആദ്യ കൃതി. തുടര്‍ന്ന് 1846 ല്‍ പൂര്‍ത്തിയാക്കിയ ജര്‍മ്മന്‍ പ്രത്യയ ശാസ്ത്രം എന്നകൃതിയും സംയുക്തമായി രചിച്ചു.
മാര്‍ക്സിസത്തിന്റെ ദര്‍ശനമായ വൈരുദ്ധ്യത്മക ഭൗതിക വാദത്തിന്റെ ബീജങ്ങള്‍ ഈ കൃതികളില്‍ കണ്ടെത്താം. ഈ രണ്ട് ദാര്‍ശനിക കൃതികള്‍ക്ക് ശേഷമാണ് 1847 ലെ കമ്മ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോണ്‍ഗ്രസ് നിര്‍ദ്ദേശ പ്രകാരം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ല്‍ പ്രസിദ്ധീകരിച്ചത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വങ്ങളും കര്‍മ്മ പദ്ധതികളും സമാന്തര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള യുക്തിയുക്ത വിമര്‍ശനങ്ങളും അടങ്ങുന്ന ഈ കൃതി 170 വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കാലഹരണ ദോഷം ഒന്നും സംഭവിക്കാതെ ലോക വിമോചന പോരാട്ടങ്ങളുടെ വഴികാട്ടിയായി ഇപ്പോഴും തുടരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച മതേതരകൃതിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണ്. മാതൃഭാഷയായ ജര്‍മ്മനില്‍ എന്ന പോലെ ഫ്രഞ്ചിലും ഇംഗ്ലീഷിലും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും പ്രസംഗിക്കുകയും ചെയ്യാന്‍ മാര്‍ക്സിന് കഴിയുമായിരുന്നു. കൂടാതെ ഗ്രീക്ക്, ലത്തീന്‍ മുതലായ പ്രാചീന ഭാഷകളിലും ദാര്‍ശനിക ചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ച് മനസിലാക്കാനുള്ള അവഗാഹം അദ്ദേഹം നേടി. എന്നാല്‍ എംഗല്‍സ് ആകട്ടെ ആ ഭാഷകളിലും മറ്റ് പല ഭാഷകളിലും നേടിയിരുന്ന പ്രാഗത്ഭ്യത്തിന് പുറമേ മാര്‍ക്സ് അധികം കൈവയ്ക്കാത്ത പ്രാക് ചരിത്രം, നരവംശ ചരിത്രം, ഭൗതികം, രസതന്ത്രം, നക്ഷത്രശാസ്ത്രം, ജൈവശാസ്ത്രം, സൈനിക വിജ്ഞാനീയം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ നേടിയ അറിവ് ആരെയും അല്‍ഭുതപ്പെടുത്തും. ഏത് സമയത്തും സംശയ നിവാരണങ്ങള്‍ക്കും വിവരശേഖരണത്തിനും പ്രയോജനപ്പെടുന്ന ഒരു സര്‍വ്വവിജ്ഞാന കോശമായിരുന്നു എംഗല്‍സ് എന്ന മാര്‍ക്സിന്റെ പ്രശംസയില്‍ അതിശയോക്തി ലേശമില്ല. എംഗല്‍സിന്റെ ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’, ‘ദൂറിങ്ങിനെതിരെ’, കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍ഭവം’ തുടങ്ങിയ ബൃഹത്കൃതികളില്‍ ഭൗതികശാസ്ത്രങ്ങളും, നരവംശ ശാസ്ത്രവും, പുരാവസ്തു വിജ്ഞാനവും ചരിത്രവും, രാഷ്ട്രമീമാംസയും സന്മാര്‍ഗ്ഗ വിജ്ഞാനീയവും എല്ലാ മിന്നിയും മാഞ്ഞും സമന്വയിച്ചും കുതിച്ച് മുന്നേറുന്ന കാഴ്ച അനുവാചകരെ അഭിജ്ഞരാക്കുന്നതോടൊപ്പം അമ്പരിപ്പിക്കുകയും ചെയ്യും. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന വിജ്ഞാനത്തിന്റെ മഹാസ്പോടനത്തില്‍ 21-ാം നൂറ്റാണ്ടിലും സഹായകമാകുന്നു.
അറിവിന്റെ തേന്‍ തുള്ളികളാണ് എംഗല്‍സിന്റെ ഈ കൃതികള്. അദ്ദേഹത്തിന്റെ അറിവിന്റെ അനന്ത വിഹായസ്സിനെക്കുറിച്ച് സൂചിപ്പിക്കുന്ന കൂട്ടത്തില്‍ കേരളത്തിലെ നായര്‍ സമുദായത്തെക്കുറിച്ച് പോലും എംഗല്‍സ് പരാമര്‍ശിച്ചിരുന്നു എന്നത് അത്‍ഭുതപ്പെടുത്തുന്നതാണ്. ‘കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്നിവയുടെ ഉല്‍ഭവം’ എന്ന കൃതിയിലാണ് കേരളത്തില്‍ അക്കാലത്ത് നായര്‍ സമുദായത്തില്‍ നിലനിന്നിരുന്നു ബഹുഭര്‍ത്തൃത്വവും സംബന്ധം പോലുള്ള ദുരാചാരങ്ങളുടെയും ചരിത്രപരമായ കാരണങ്ങള്‍ എംഗല്‍സ് അന്വേഷിക്കുന്നത്. 1820 നവംബര്‍ 28 ന് ജര്‍മ്മനിയിലെ സമ്പന്നനായ പരുത്തി വ്യവസായി ഫ്രെഡറിക് എംഗല്‍സിന്റെയും എലിസബത്തിന്റെയും മകനായാണ് ജനിക്കുന്നത്. പതിനൊന്ന് സഹോദരി സഹോദരന്മാരാണ് എംഗല്‍സിനുണ്ടായിരുന്നത്. എല്‍സര്‍ഫെല്‍ ജിംനേഷ്യത്തിലായിരുന്നു വിദ്യാഭ്യാസം. കുടുംബപരമായ ചില പ്രശ്നങ്ങള്‍ കാരണം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ എംഗല്‍സിന് കഴിഞ്ഞില്ല. 1838 ല്‍ ജര്‍മ്മനിയിലെ കുടുംബത്തിന്റെ വ്യവസായ സംരംഭത്തില്‍ ശമ്പളമില്ലാതെ ഗുമസ്തനായി ജോലി ചെയ്തു. പിതാവിന്റെ പാത പിന്‍തുടര്‍ന്ന് ബിസിനസ് രംഗത്തേക്ക് എംഗല്‍സ് എത്തുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചിരുന്നുവെങ്കിലും അദ്ദേഹം വിപ്ലവ പാതയിലേക്ക് നീങ്ങുകയായിരുന്നു. പണക്കാരായ ഒരു വിഭാഗവും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ദരിദ്രരായ മറ്റൊരു വിഭാഗവും. തന്റെ കുടുംബം കൂടി ഉള്‍പ്പെടുന്ന വിഭാഗമാണ് ഈ തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങള്‍ക്ക് കാരണമാകുന്നതെന്ന ചിന്തയാണ് എംഗല്‍സിനെ വിപ്ലവചിന്തയിലേക്ക് നയിച്ചത്. 1842 ല്‍ തുണിമില്‍ വ്യവസായത്തില്‍ പരിശീലനം നേടുന്നതിനായി എംഗല്‍സിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കയച്ചു. എംഗല്‍സിന്റെ പിതാവിന് അവിടെ ഒരു പരുത്തി തുണിമില്‍ ഉണ്ടായിരുന്നു.
പുതിയ സാഹചര്യങ്ങള്‍ മകന്റെ നിലവിലുള്ള ആശയങ്ങളില്‍ മാറ്റം വരുത്തിയേക്കാം എന്നവര്‍ കരുതി. മാഞ്ചസ്റ്ററില്‍ നിന്നും തിരികെ ജര്‍മ്മനിയിലേക്ക് പോകുന്നവഴി പാരീസില്‍ വച്ചാണ് 1842 നവംബറില്‍ എംഗല്‍സ് മാര്‍ക്സിനെ നേരിട്ട് കാണുന്നത്. ആദ്യ കാഴ്ചയില്‍ അവര്‍ക്ക് വലിയ മതിപ്പ് തോന്നിയിരുന്നില്ലെങ്കിലും പിന്നീട് വളരെ പെട്ടെന്ന് അടുത്തു. മാഞ്ചസ്റ്ററിലെ കാലഘട്ടത്തിലാണ് എംഗല്‍സ് മേരിബേണ്‍സ് എന്ന തൊഴിലാളി സ്ത്രീയെ പരിചയപ്പെടുന്നത്. 1843 ല്‍ അവരെ ജീവിത സഖിയാക്കി. ഇരുപത് വര്‍ഷം ഒന്നിച്ച് കഴിഞ്ഞിട്ടും നിയമപരമായി അവര്‍ വിവാഹിതരായിരുന്നില്ല. വ്യവസ്ഥാപിത വിവാഹ രീതികളോടുള്ള എതിര്‍പ്പായിരുന്നു കാരണം. ഇംഗ്ലണ്ടിലെ ഫാക്ടറി തൊഴിലാളികളുടെ പരിതാപകരമായ സ്ഥിതിയെക്കുറിച്ച് എംഗല്‍സിനെ ബോധ്യപ്പെടുത്തുന്നത് ഇവരാണ്. ഫാക്ടറി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ എംഗല്‍സിനെ ചിന്തിപ്പിക്കുകയും ഇംഗ്ലണ്ടിലെ ചേരികളില്‍ കണ്ട ബാലവേലകള്‍ പോലുള്ള ക്രൂരതകള്‍ അദ്ദേഹത്തെ അഗാധമായ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. തൊഴിലാളികളുടെ ജീവിതത്തില്‍ മാറ്റം വരണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ആനയിച്ചത്. പട്ടിണി മൂലം മരിച്ച സ്വന്തം മകന്റെ ശവദാഹത്തിന് പോലും കാശില്ലാതെ അലഞ്ഞ മാര്‍ക്സിനെ സാമ്പത്തികമായി സഹായിച്ചത് എംഗല്‍സായിരുന്നു. അത് മാത്രമല്ല മാര്‍ക്സിന്റെ ദൈനംദിന കുടുംബ ചെലവുകള്‍ പോലും എംഗല്‍സ് വഹിച്ചു. ഒരു പക്ഷേ എംഗല്‍സ് ഇല്ലായിരുന്നെങ്കില്‍ മാര്‍ക്സിന്റെ നിലനില്‍പ്പ് തന്നെ അസാദ്ധ്യമാകുമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 1870 ല്‍ അദ്ദേഹം സ്ഥിരമായി ലണ്ടനിലേക്ക് മാറുകയും മാര്‍ക്സിനോടൊപ്പം ജീവിക്കുകുയം ചെയ്തു. എംഗല്‍സിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ അനന്തരവകാശികളാക്കിയത് മാര്‍ക്സിന്റെ മക്കള്‍ ലാറയെയും എലനേറിനെയും നേരത്തെ മരിച്ചുപോയ മകള്‍ ജെന്നിയുടെ നാല് മക്കളെയുമായിരുന്നു. ഏകദേശം 26400 പൗണ്ട് ആയിരുന്നു എംഗല്‍സിന്റെ സമ്പത്തായി ഉണ്ടായിരുന്നത്. ഇന്നത്തെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം ഏകദേശം 5 ദശലക്ഷം അമേരിക്കന്‍ ഡോളറിന് തുല്യം വരും. മാര്‍ക്സ് അവസാന കാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ ഗ്രന്ഥം മൂലധനം എന്ന കൃതിയുടെ പണിപ്പുരയിലായിരുന്നു. 1867 ലാണ് ഇതിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുന്നത്. മാര്‍ക്സിന്റെ മരണശേഷം എംഗല്‍സ് ആണ് ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി ഈ മഹത്തായ കൃതിയുടെ രണ്ടും മൂന്നും വാള്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഒന്നാം വാള്യത്തിന്റെ ഇംഗീഷ് പതിപ്പും എംഗല്‍സ് ആണ് നിര്‍വ്വഹിച്ചത്. മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ അതിന്റെ അവസാന പേജിന്റെ പ്രൂഫ് തിരുത്തിയശേഷം മാര്‍ക്സ് എംഗല്‍സിന് ഇങ്ങനെ എഴുതി. “അങ്ങനെ ഈ വാള്യം പൂര്‍ത്തിയായിരിക്കുന്നു.
താങ്കളെക്കൊണ്ട് മാത്രമാണ് ഇത് സാധ്യമാക്കിയത്. ഈ മൂന്ന് വാള്യങ്ങളുടെ പ്രയത്നം എനിക്ക് ഒരു പക്ഷേ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയുമായിരുന്നില്ല. 1863 ല്‍ ജീവിത സഖി മേരിയുടെ ആകസ്മിക മരണം എംഗല്‍സിനെ തളര്‍ത്തിയിരുന്നു. അവരുടെ അനുജത്തിയായിരുന്ന ലിസിയെ പിന്നീട് ജീവിതപങ്കാളിയാക്കി. 1878 ല്‍ അവരും മരണത്തിന് കീഴടങ്ങി. രണ്ട് ബന്ധത്തിലും കുട്ടികളുണ്ടായിരുന്നില്ല. ലിസിയുടെ സഹോദരി പുത്രിയെ മകളെപ്പോലെ വളര്‍ത്തിയിരുന്നു. അതോടൊപ്പം മാര്‍ക്സിന്റെ മക്കളെയും സ്വന്തം മക്കളെ പോലെ സംരക്ഷിച്ചിരുന്നു. പ്രത്യയ ശാസ്ത്രതലത്തില്‍ മാത്രമല്ല വിപ്ലവ പ്രസ്ഥാനത്തിന് നേരിട്ട് നേതൃത്വം കൊടുക്കുന്നതിനും എംഗല്‍സ് മുന്നിലായിരുന്നു. ഇടക്ക് 1841 ല്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ഒരു വര്‍ഷം പോകേണ്ടി വന്നത് എംഗല്‍സിന് വളരെയധികം സഹായകരമായി. രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനിലും നേതൃത്വപരമായ പങ്ക് എംഗല്‍സ് വഹിച്ചിരുന്നു. 2020 ഫെഡറിക് എംഗല്‍സിന്റെ 200-ാം ജന്മവാര്‍ഷികമാണ്. ലോകമെങ്ങും ഇതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. വിപ്ലവ ചരിത്രത്തില്‍ കാള്‍മാര്‍ക്സിനെ പ്പോലെ എംഗല്‍സും എന്നും ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. സംഭവ ബഹുലമായ ജീവിതത്തിനൊടുവില്‍ 1895 ഓഗസ്റ്റ് അഞ്ചിന് തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ കാരണം 75-ാം വയസില്‍ എംഗല്‍സ് മരണത്തിന് കീഴടങ്ങി. ആഗ്രഹ പ്രകാരം മൃതദേഹം ദഹിപ്പിക്കുകയും ഭൗതിക അവശിഷ്‍ടങ്ങള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഈഡ്ബോണ്ടില്‍ കടലില്‍ വിതറുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.