2018ലെ തോപ്പില്‍ഭാസി അവാര്‍ഡ് സിന്ധു സൂര്യകുമാറിന്

Web Desk
Posted on November 19, 2018, 4:36 pm
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക ജീവിതത്തില്‍ തിളങ്ങി നിന്നിരുന്ന തോപ്പില്‍ഭാസിയുടെ സമരണാര്‍ത്ഥം തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ തോപ്പില്‍ഭാസി അവാര്‍ഡ് 2018 ന് ദൃശ്യമാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാര്‍ അര്‍ഹയായി. വാര്‍ത്തകള്‍ സത്യസന്ധമായി പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ സാഹസികമായ പ്രതിജ്ഞാബദ്ധതയാണ് ഏഷ്യാനെറ്റിലൂടെ സിന്ധു സൂര്യകുമാര്‍ നടത്തിവരുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തകളുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടുതന്നെ കൃത്യനിര്‍വ്വഹണത്തില്‍ സിന്ധു സൂര്യകുമാര്‍ വിജയിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍,  മാധ്യമപ്രവര്‍ത്തകനും നവയുഗം എഡിറ്ററുമായ  കെ പ്രഭാകരന്‍, പ്രഭാത് ബുക്ക്ഹൗസ് എഡിറ്റര്‍ ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ഫൗണ്ടേഷന്‍ നിര്‍വ്വാഹക സമിതി അംഗങ്ങളായ എന്‍ സുകുമാരപിള്ള, അഡ്വ. എ ഷാജഹാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. 33,333 രൂപയും പ്രശസ്തിപത്രവും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. തോപ്പില്‍ഭാസി വിടപറഞ്ഞതിന്റെ 25 ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍വച്ച് തോപ്പില്‍ഭാസി അവാര്‍ഡ് സിന്ധു സൂര്യകുമാറിന് സമര്‍പ്പിക്കും.
നാടകം, സിനിമ, മാധ്യമ പ്രവര്‍ത്തനം, സാഹിത്യം എന്നിങ്ങനെയുള്ള മേഖലകളില്‍ മാറിമാറി നല്‍കിവരുന്ന അവാര്‍ഡ്, തോപ്പില്‍ഭാസി വ്യാപരിച്ച വിവിധ രംഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ വര്‍ഷം മാധ്യമ പ്രവര്‍ത്തന രംഗമാണ് അവാര്‍ഡിനായി പരിഗണിച്ചത്. തോപ്പില്‍ഭാസിയുടെ ബഹുമുഖ വ്യക്തിത്വം ഓര്‍മ്മിച്ചെടുക്കുവാനും അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങള്‍ ദീപ്തമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരികയാണ്.
 നാടകകൃത്ത്, സംവിധായകന്‍, നടന്‍, സംഘാടകന്‍, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്, നിയമസഭ സാമാജികന്‍, എന്നിങ്ങനെ ഒട്ടനവധി മേഖലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു തോപ്പില്‍ഭാസി.