Web Desk

December 30, 2019, 9:48 am

2019 ജനാധിപത്യ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷം

Janayugom Online

ന്യൂഡൽഹി: വർത്തമാനകാലത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ കാലയവനികയിൽ മറയുന്ന 2019 സ്വതന്ത്ര ജനാധിപത്യ പോരാട്ടങ്ങൾ ഏറെ നടന്ന വർഷമായി ഓർമ്മിക്കപ്പെടും. പ്രത്യേകിച്ചും 2019ൽ അവസാനിക്കുന്ന ദശാബ്ദവും ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഏറെ പ്രസക്തമാകുന്നു. ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ ദശലക്ഷക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്വതന്ത്ര സമൂഹം, സ്വതന്ത്രമായചിന്ത, സ്വതന്ത്രമായ ആശയങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയതാണ് അമേരിക്ക മുതൽ പൂർവ യൂറോപ്പ് വരേയും ആഫ്രിക്ക മുതൽ ഏഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾവരെയുള്ള ജനങ്ങൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്.

2010 ഡിസംബറിൽ ടുണിഷ്യയിൽ ആരംഭിച്ച അറബ് വസന്തമാണ് ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് ഈ ദശാബ്ദത്തിൽ തുടക്കമിട്ടത്. ഈ പോരാട്ടങ്ങൾ തുടരുമ്പോഴും വിവിധ രാജ്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ സ്വേച്ഛാധിപത്യ പ്രവണതകൾ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കൾ അധികാരത്തിലെത്തി. തുർക്കിയിൽ എർദോഗൻ അധികാരത്തിലെത്തി. ചൈനയിൽ ഷീ ജിൻ പിങും. 2014ൽ സ്വതന്ത്ര ജനാധിപത്യ നിലപാടുകൾ എന്നും പിന്തുടർന്നിരുന്ന ഇന്ത്യയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി നരേന്ദ്ര മോഡിയും അധികാരത്തിലെത്തി. ഈ ദശാബ്ദം അവസാനിക്കുന്ന 2019ലും അമേരിക്കയിൽ ട്രംപിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇന്ത്യയിൽ മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ദേശ‑ദേശാന്തര തലത്തിൽ അനന്യ സാധാരണമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

എന്നും സ്വേച്ഛാധിപത്യ പ്രവണതകളെ അന്യമാക്കുന്ന വിധത്തിൽ ശക്തമായ ജനാധിപത്യ ആശങ്ങൾ പിന്തുടരുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിയതോടെ ജനാധിപത്യ മൂല്യങ്ങൾ തകരുന്നുവെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് പറയുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ നിയമവാഴ്ച്ച, വസ്തുതയിൽ അധിഷ്ഠിതമായ മാധ്യമ പ്രവർത്തനം, ജനാധിപത്യത്തിന്റെ മറ്റ് മൂല്യങ്ങൾ എന്നിവയ്ക്കുമേൽ തുടർച്ചയായ അതിക്രമങ്ങളാണ് ട്രംപ് സർക്കാർ തുടരുന്നത്. ഈ വർഷം ട്രംപിനെ ഇംപീച്ച് ചെയ്തുവെന്നത് ഏറെ പ്രസക്തമാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രംപിനെ നീക്കം ചെയ്യുന്നതിന് വിദൂര സാധ്യതകൾ മാത്രമേ ഉള്ളൂവെങ്കിലും ജനാധിപത്യ മൂല്യങ്ങളുടെ മേലുള്ള അദ്ദേഹത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കയിലെ ജനങ്ങൾ പ്രതികരിച്ചുവെന്നതാണ് ഏറെ പ്രസക്തം.

ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 1980,1990കളിൽ നിലനിന്നിരുന്ന സ്വേച്ഛാധിപത്യ സംവിധാനത്തെ തൂത്തെറിഞ്ഞ് ജനാധിപത്യത്തെ ഉൾക്കൊള്ളനാണ് ഇവിടെത്തെ ജനങ്ങളുടെ പോരാട്ടങ്ങൾ. കൂട്ടപലായനങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണ് ജനകീയ പ്രതിഷേധങ്ങൾക്ക് പ്രചോദനമായത്. രാജ്യങ്ങളിൽ മാത്രമല്ല ലോകത്തിലെ പ്രമുഖ നഗരങ്ങളിൽ പോലും ജനാധിപത്യ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും അനുബന്ധമായുള്ള കൂട്ടായ്മകളും ഉടലെടുത്തു. വാർസ, ബുഡാപെസ്റ്റ്, പ്രേഗ് എന്നീ നഗരങ്ങളിലെ മേയർമാർ സ്വാതന്ത്ര്യം, മാനവ മൂല്യങ്ങൾ, ജനാധിപത്യം, സമത്വം, നിയമവാഴ്ച, സാമൂഹ്യ നീതി, സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം എന്നിവ സംരക്ഷിക്കുന്നതായി കൂട്ടായ്മകൾ രൂപീകരിച്ചു.

ഒരിക്കലും ജനാധിപത്യം പുലരില്ലെന്ന് കരുതിയിരുന്ന ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അത് സംഭവിച്ചു. മൂന്ന് ദശാബ്ദങ്ങൾ രാജ്യത്തെ അടക്കിഭരിച്ച, അധികാരം നിലനിർത്തുന്നതിനായി വംശഹത്യകൾ നടത്തിയ ഒമർ ഹസൻ അൽ ബഷീറിനെ അധികാരത്തിൽ നിന്നും പുറത്താക്കി. ഇതിനായി രാജ്യത്തെ ജനങ്ങൾ അസാധാരണമായ വെല്ലുവിളികളാണ് നേരിട്ടത്. അൾജീരിയയിലും സമാനമായ രീതിയിൽ 20 വർഷം തുടർച്ചായി ജനാധിപത്യ ധ്വംസനങ്ങൾ നടത്തി അധികാരത്തിൽ തുടർന്ന അബേൽ അസീസിനെ പുറത്താക്കി. തുടർന്ന് അധികാരത്തിലെത്തിയ അബേൽ അസീസിന്റെ പിൻഗാമി ആബേൽ മദ്ജിദ് ടെബോണിനെതിരെയും ശക്തമായ പ്രതിഷേധങ്ങളാണ് അൽജീരിയയിൽ തുടരുന്നത്. ഹോങ്കോങിൽ ചൈന തുടരുന്ന മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ചൈനയുടെ ഭീഷണി മറികടന്ന് ഇപ്പോഴും ശക്തമായ പ്രതിഷേധം തുടരുന്നു. ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലും ഭരണാധികാരികളുടെ വിഭാഗീയ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇപ്പോഴും തുടരുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനായി ശക്തമായ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ മുസ്ലിം ജനവിഭാഗങ്ങളെ ഒഴിവാക്കുന്നതിനായി മോഡി സർക്കാർ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കി.

ഇതിന് അനുബന്ധമായ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ഇത് അടുത്ത വർഷവും തുടരുമെന്നുറപ്പ്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ റദ്ദാക്കിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നു. ചരിത്രം രേഖപ്പെടുത്തിയാലും ഇല്ലെങ്കിലും സ്വതന്ത്ര ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ച വർഷമാണ് 2019. സ്വേച്ഛാധിപത്യ ദേശീയ വാദികൾക്കെതിരെയുള്ള പോരാട്ടങ്ങൾ ഒരു തരംഗമായി മാറി. ഈ പോരാട്ടങ്ങളുടെ പ്രതിധ്വനികളും പ്രതിഫലനങ്ങളും വരും വർഷം ദൃശ്യമാകും. ഇത് നിലനിർത്തുകയാകും പുതുവർഷത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് മുന്നിലുള്ള വെല്ലുവിളി.

you may also like this video