ഡി രാജ
രാജ്യത്തിന്റെ വടക്ക് മുതൽ തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറുവരെയും വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെയും രാഷ്ട്രീയമായ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും മുങ്ങിയ അവസ്ഥയിലാണ് 2019 അവസാനിച്ചത്. രണ്ടാം തവണയും മോഡി സർക്കാർ അധികാരത്തിലെത്തി. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി. അയോധ്യ കേസുമായി ബന്ധപ്പെട്ട വിധി വന്നു. പൗരത്വ ഭേദഗതി നിയമം പാസാക്കി. സ്ത്രീകൾ, ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ ഗണ്യമായി വർദ്ധിച്ചു. ജനാധിപത്യവും ഭരണഘടനയും അവമതിക്കപ്പെടുന്നു. സാമൂഹ്യ പ്രവർത്തകർ, പ്രതിഷേധക്കാർ എന്നിവരെ ദേശവിരുദ്ധരായും അർബൻ നക്സലുകളായും മുദ്രകുത്തുന്നു. ഈ സമയത്തും രാജ്യത്തെ രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ചു. ഇതിനെതിരെ സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികൾ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു. 2020 അതുകൊണ്ടുതന്നെ പോരാട്ടങ്ങളുടെയും വെല്ലുവിളികളുടെയും വർഷമായിരിക്കും. സിപിഐ സ്ഥാപകമായപ്പോൾ ലക്ഷ്യമിട്ട ജനാധിപത്യം, ഭരണഘടന എന്നിവയുടെ സംരക്ഷണത്തിനായി എല്ലാ ജനാധിപത്യ മതേതര ശക്തികൾ ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങേണ്ട സമയമാണ്. 90 വർഷങ്ങൾക്ക് മുമ്പ് വ്യവസായ നഗരമായ കാൺപൂരിൽ ചേർന്ന ഒരു കൂട്ടായ്മയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു നൂതന ദിശാബോധം നൽകിയത്. അതാണ് 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളായ പോരാളികൾ ബ്രിട്ടിഷ് സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി. റഷ്യൻ വിപ്ലവം, മഹാനായ ലെനിന്റെ സംഭാവനകൾ എന്നിവയാണ് ഈ പോരാട്ടത്തിന് യുവാക്കൾക്ക് പ്രചോദനമായത്. ഇപ്പോഴും രാജ്യവും രാജ്യത്തെ യുവജനങ്ങളും തികച്ചും നിർണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യത്തെ അസമത്വം, ദാരിദ്ര്യം, ചൂഷണം എന്നിവയിൽ നിന്നും മോചിപ്പിച്ച് ഒരു സമത്വാധിഷ്ടിത സമൂഹം വാർത്തെടുക്കാനുള്ള പ്രചോദനമാണ് റഷ്യൻ വിപ്ലവത്തിലൂടെ രാജ്യത്തെ യുവാക്കൾ സ്വാംശീകരിച്ചത്. സമത്വം, അന്തസ് എന്നിവ ലക്ഷ്യമിട്ടുള്ള സാധാരണ ജനങ്ങളുടെ പോരാട്ടങ്ങളിൽ കഴിഞ്ഞ 90 വർഷമായി സിപിഐ മുന്നിലുണ്ട്. എഐടിയുസി, എഐകെഎസ്, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളും ഇതേ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ, അധകൃതർ എന്നിവരുടെ അവകാശ സംരക്ഷണത്തിനായും എല്ലാ പാർലമെന്ററി വേദികളിലും സിപിഐ ശബ്ദമുയർത്തുന്നു. പാവപ്പെട്ടവന്റെ പട്ടിണി, കഷ്ടപാടുകൾ എന്നിവ ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുന്നു.
ഭരണഘടന, സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ എന്നിവ ഗുരുതരമായ ഭീഷണി നേരിടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടങ്ങൾ തുടരേണ്ടത് സിപിഐയുടെ കടമയാണ്. മോഡി സർക്കാർ പിന്തുടരുന്ന ബ്രാമണിക്കൽ, കോർപ്പറേറ്റ് അനുകൂല നിലപാടുകളെയും ചെറുത്ത് തോൽപ്പിക്കണം. ഇതിനായി രാജ്യത്തെ ജനങ്ങളുടെ മനസിൽ സ്ഥാനം പിടിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇതിനായി തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണം. ചരിത്ര പ്രധാന്യമുള്ള നിരവധി ചോദ്യങ്ങളാണ് നമ്മെ ഉറ്റുനോക്കുന്നത്. ഈ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടണം. ജാതി വ്യവസ്ഥയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ജാതി വ്യവസ്ഥയില്ലെന്ന നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. 1925ലെ സ്ഥാപക സമ്മേളനത്തിൽ ജാതി വ്യവസ്ഥ, ഉച്ചനീചത്വം എന്നിവ സംബന്ധിച്ച് എം ശിങ്കാരവേലു തന്റെ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമായിരുന്നു. ഈ ജാതിവ്യവസ്ഥയാണ് സാമ്പത്തിക ചൂഷണത്തിനുള്ള മുഖ്യമായ കാരണം. ഇപ്പോഴും രാജ്യത്ത് ജാതിവ്യവസ്ഥയും ഉച്ചനീചത്വവും തുടരുന്നു. ബിജെപി- സംഘപരിവാർ സർക്കാരുകൾ അധികാരത്തിൽ എത്തിയശേഷം ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ പതിന്മടങ്ങ് വർദ്ധിച്ചു. ഒരു കൈയിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മറുകയ്യിൽ ജാതിവ്യവസ്ഥയെ ഇല്ലാത്താക്കാനുള്ള പ്രവർത്തനങ്ങളുമാണ് ഉണ്ടാകേണ്ടത്. സമാനവീക്ഷണം പിന്തുടരുന്ന ജനാധിപത്യ ശക്തികളുമായി ചേർന്ന് ജാതിവ്യവസ്ഥ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം.
ഇപ്പോഴത്തെ കേന്ദ്ര സർക്കാർ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ അസ്ഥിവാരം പോലും തകർക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലൂടെ നേടിയെടുത്ത മൂല്യങ്ങൾ, ഭരണഘടന എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ തുടരണം. മതേതരത്വം, സമത്വം എന്നിവയാകണം ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലുകൾ. മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ അവരുടെ ചിരകാല അഭിലാഷമായ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങളാണ് നടപ്പാക്കുന്നത്. അതിനായി രാജ്യത്ത് അസഹിഷ്ണുതയും വിവേചനവും സൃഷ്ടിക്കുന്നു. ഈ അജണ്ടയെ ചെറുത്തുതോൽപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. രാജ്യത്തെ പൊതുമേഖലാ ആസ്തികളെ കോർപ്പറേറ്റുകൾക്ക് നൽകുന്ന നയങ്ങളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ കാതലായ മേഖലകൾ ഉൾപ്പടെ എല്ലായിടത്തും വളർച്ചാ നിരക്ക് ഗണ്യമായി കുറയുന്നു. തൊഴിൽ സാധ്യതകൾ കുറയുന്നു. ഇതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് വർഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ മോഡി സർക്കാർ കൈക്കൊള്ളുന്നത്. സർക്കാരിന്റെ പ്രതിലോമ നിലപാടുകൾ കാരണം കാർഷിക മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. ഇതെല്ലാം ജനങ്ങളുടെ മുന്നിൽ എത്തിക്കണം. പൊതുവിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ സാധാരണക്കാരന് അപ്രാപ്യമാകുന്നു. രാജ്യത്തെ മുസ്‌ലിം ജനവിഭാഗങ്ങളെ രണ്ടാംകിട പൗന്മാരായി മുദ്രകുത്താനുള്ള ശ്രമങ്ങൾ അർഎസ്എസ് അധ്യക്ഷനായിരുന്ന ഗോൾവാൾക്കറിന്റെ നിലപാടുകളാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കുന്നത്. സ്വാതന്ത്ര്യ ലബ്ദിക്കുശേഷം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും അവമതിക്കുന്നതിന് തുല്യമാണിത്.
രണ്ടാം തവണ അധികാരത്തിൽ എത്തിയിട്ടും രാജ്യത്തെ ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ സർക്കാർ ഉൾക്കൊള്ളുന്നില്ല. സർക്കാർ നടപടികളെ എതിർക്കുന്നവരെ ദേശവിരുദ്ധരായും അർബൻ നക്സലുകളായും മുദ്രകുത്തുന്നു. സുധാ ഭരധ്വജ്, ഡോ. സായിബാവ എന്നിവരോടുള്ള സർക്കാരിന്റെ പ്രതികാര നടപടികൾ ഇത് വ്യക്തമാക്കുന്നു. ഝാർഖണ്ഡിൽ നിരവധി സാമൂഹ്യ പ്രവർത്തകർക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തി. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അക്രമങ്ങളിലൂടെ അടിച്ചമർത്തുന്നു. വിദ്യാർഥികളും ന്യൂനപക്ഷങ്ങളുമാണ് അക്രമങ്ങൾക്ക് കൂടുതൽ ഇരയാകുന്നത്. ഇനിയുള്ള പോരാട്ടങ്ങളും വിശാലമായ വ്യാപ്തിയുള്ളതാകണം. സാമൂഹ്യ വിവേചനം, ജനാധിപത്യ സംവിധാനം തകർക്കുന്ന നിലപാടുകൾ, സാമ്പത്തികമായ ചൂഷണം എന്നിവയ്ക്കെതിരെ യോജിച്ച പോരാട്ടങ്ങൾ ഉണ്ടാകണം. 2019 തികച്ചും നൈര്യാശ്യത്തിന്റെ വർഷമാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി ഉണ്ടായ ഇപ്പോഴും തുടരുന്ന പ്രതിഷേധം ജനങ്ങളുടെ അസംതൃപ്തിയാണ് പ്രകടമാക്കുന്നത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കൾ, വിദ്യാർഥികൾ എന്നിവരുടെ പങ്കാളിത്തം തികച്ചും ശ്രദ്ധേയമാണ്. വരും വർഷവും വർഗീയ ധ്രൂവീകരണങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ വർഷമായിരിക്കും. മഹാത്മാ ഗാന്ധി, ജവഹർ ലാൽ നെഹറു, ഡോ. അംബേദ്ക്കർ, സർദാർ പട്ടേൽ, ഭഗത് സിങ് തുടങ്ങിയ നേതാക്കൾ വിഭാവനം ചെയ്ത ഇന്ത്യയെ വാർത്തെടുക്കാനുള്ള പോരാട്ടങ്ങളിൽ ഇടത് മതേതര ശക്തികൾ ഐക്യത്തോടെ പ്രവർത്തിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 90-ാം സ്ഥാപക വർഷത്തിൽ എല്ലാ സഖാക്കൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയാകാംഷികൾക്കും ആശംസകൾ നേരുന്നു, അഭിവാദ്യം അർപ്പിക്കുന്നു.
English summary: 2020: Challenges and struggles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.