August 18, 2022 Thursday

Related news

February 7, 2020
February 5, 2020
February 2, 2020
February 2, 2020
February 1, 2020
February 1, 2020
February 1, 2020
February 1, 2020
February 1, 2020
February 1, 2020

വിശക്കുന്നവന് അന്നമേകുമെന്ന് ഉറപ്പ്

Janayugom Webdesk
February 7, 2020 9:42 pm

പണമില്ലാത്തതിന്റെ പേരിൽ ആരും വിശന്നിരിക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനം ഇക്കുറിയും ബജറ്റിലുണ്ട്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പ് രഹിത കേരളം പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യപിപ്പിക്കുയാണ് സർക്കാർ. 2020–21 ൽ ഇതിനായി 20 കോടി രൂപ വകയിരുത്തി. 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും.
വിശപ്പുരഹിത കേരളം സ്കീമിന് ഭക്ഷ്യവകുപ്പ് അവസാന രൂപം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കുക. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കാം. അല്ലെങ്കിൽ ഊണ് ഒന്നിന് പരമാവധി 25 രൂപ വിലയ്ക്ക് ഊണ് നൽകുന്ന ഭക്ഷണശാലകൾ ആരംഭിക്കാം. 10 ശതമാനം ഊണ് എങ്കിലും സ്പോൺസർമാർ വഴി സൗജന്യമായി നൽകണം. ഇതിന് തയ്യാറുള്ള സ്ഥാപനങ്ങൾക്ക് ഗുണഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തി റേഷൻവിലയ്ക്ക് അരിയും സഹായ വിലയ്ക്ക് പലവ്യഞ്ജനങ്ങളും സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ വിശപ്പ് രഹിത മേഖലയായി ഏപ്രിലിൽ പ്രഖ്യാപിക്കും. സിവിൽ സപ്ലൈസിന് പദ്ധതിയിൽ 62 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 1036 കോടി രൂപയാണ് ഭക്ഷ്യസബ്സിഡി. സബ്സിഡിക്കും കമ്പോള ഇടപെടലിനുമായി ആവശ്യമനുസരിച്ച് അധിക സഹായവും പിന്നീട് ലഭ്യമാക്കും.

കിഫ്ബി ഇനിയും വികസനത്തിന്റെ വഴി കാട്ടിയാകും
2020–21ൽ കിഫ്ബിയിൽ നിന്ന് 20, 000 കോടി രൂപ ചെലവഴിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. 675 പ്രോജക്ടുകളിലായി 35028 കോടി രൂപയുടെ പദ്ധതികൾക്ക് നിലവിൽ കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു. 2021 മാർച്ചിനു മുമ്പ് 85 ലക്ഷം ചതുരശ്രയടി വരുന്ന 237 പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യും. 1000 കിലോമീറ്റർ ദർൈഘ്യം വരുന്ന 77 റോഡുകളും പാലങ്ങളും ഉദ്ഘാടനം നടക്കും. അംഗീകരിച്ച എല്ലാ പ്രോജക്ടുകളുടെയും നിർമ്മാണം ആരംഭിച്ചിരിക്കും. 5000 ഏക്കർ ഇൻഡസ്ട്രിയൽ പാർക്കുകൾ സൃഷ്ടിക്കും.
പുറമേ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275കോടി രൂപയുടെയും ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 5374 കോടി രൂപയുടെയും പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇങ്ങനെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളുടെ ആകെ അടങ്കൽ 54678 കോടി രൂപയാണ്. ഇവയിൽ 13616 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ വിളിച്ചു കഴിഞ്ഞു. 4500 കോടി രൂപയുടെ പ്രവർത്തനം പൂർത്തീകരിച്ചു.
സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലും കിഫ്ബിയിലൂടെ സംസ്ഥാനവികസനത്തിന് പുതിയൊരു മുഖം നൽകിയതായി ധനമന്ത്രി വ്യക്തമാക്കുന്നു. ഗൾഫ്പ്രതിസന്ധിയും നാണ്യവിള വിലത്തകർച്ചയും മൂലം മാന്ദ്യം കേരളത്തിൽ സൃഷ്ടിക്കാവുന്ന ഗൗരവമായ സ്ഥിതി മുൻകൂട്ടി കണ്ടുകൊണ്ടാണ് 2016–17ലെ ബജറ്റിൽ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തികനയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റിനു പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വരെ വായ്പയെടുത്ത് കേരളത്തിൽ മുതൽ മുടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതു വികസനത്തിന്റെ പുതിയൊരു പാത തുറക്കുകയായിരുന്നുവെന്നു ബജറ്റിൽ പറയുന്നു.

സ്ത്രീകൾക്കൊപ്പം കരുതലും കരുത്തുമായി
എല്ലാ ചങ്ങലകളിൽ നിന്നും സ്ത്രീയെ മോചിപ്പിക്കുകയും അവർക്ക് സ്വയം നിലനിൽക്കാനും കരുതലും കരുത്തും പകർന്നു നൽകുകയാണ് ഇടത് സർക്കാരിന്റെ നയമെന്ന് ബജറ്റും വ്യക്തമാക്കുന്നു. സ്ത്രീകൾക്കായുള്ള പദ്ധതി വിഹിതത്തിൽ വർധനവ് വരുത്തിയിട്ടുണ്ട്. 2016–17 ൽ പൂർണമായും സ്ത്രീകൾക്കുള്ള സ്കീമുകളുടെ അടങ്കൽ തുക 760 കോടി രൂപയും പദ്ധതി അടങ്കലിനെ നാല് ശതമാനവും മാത്രമായിരുന്നു.2020–21 ലെ ബജറ്റിൽ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയർത്തിയിട്ടുണ്ട്. മറ്റു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കാക്കുമ്പോൾ മൊത്തം വനിതാവിഹിതം 18.4 ശതമാനമാണ്. 2017–18 ൽ ഇത് 11.5 ശതമാനമായിരുന്നു. കുടുംബശ്രീയിൽ നിലവിലുള്ള പദ്ധതികൾ ശാക്തീകരിക്കുന്നതിനൊപ്പം കൂടുതൽ പദ്ധതികളും കുടംബശ്രീയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സംരംഭങ്ങൾ, 200 കേരള ചിക്കൻ ഔട്ട് ലെറ്റുകൾ, ഹരിത കർമ സേനകളുമായി യോജിച്ച് 1000 ഹരിത സംരംഭങ്ങൾ, പ്രതിദിനം 30000 രൂപ ടേണോവറുള്ള 50 ഹോട്ടലുകൾ, 1000 വിശപ്പുരഹിത ഹോട്ടൽ പദ്ധതികൾ, 500 ടോയ്ലറ്റ് കോംപ്ലക്സുകളുടെ നടത്തിപ്പ്, 5000 തൊഴിൽ സംരംഭങ്ങൾ, ആലപ്പുഴ മാതൃകയിൽ 14 ട്രൈബൽ മൈക്രോ പ്രോജക്ടുകൾ, 20000 ഏക്കറിൽ ജൈവസംഘകൃഷി, 500 ജൻഡർ റിസോഴ്സ് സെന്ററുകൾ, കോഴിക്കോട് മാതൃകയിൽ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകൾ, കുടുംബശ്രീ ഇന്റേൺഷിപ്പ് പ്രോഗ്രാം, നാല് ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ. കുടംബശ്രീയ്ക്ക് 250 കോടി വകയിരുത്തി. റീബിൽഡ് കേരളയിൽ നിന്ന് ഉപജീവന സംരഭങ്ങൾക്കായി 200 കോടി രൂപ കൂടി ലഭ്യമാകും.തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായമടക്കം 600 കോടി രൂപയാണ് കുടുംബശ്രീയുടെ മൊത്തം ബജറ്റ്. ഇതിനുപുറമേ നഗരങ്ങളിലെ 950 ഓളം കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികളും കുടുംബശ്രീ വഴിയാണ് നടപ്പിലാക്കുന്നത്. കേന്ദ്രാവിഷ്കൃത സ്കീമുകളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടെ കുട്ടികളുടെയും വകുപ്പിന്റെ അടങ്കൽ. നിർഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം 10 കോടി രൂപയായി ഉയർത്തി.വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ യാത്രക്കാരികൾക്ക് സുരക്ഷിത മുറികൾ ഒരുക്കും, സ്ത്രീകൾ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജൻഡർ പാർക്കിൽ ഇന്റർനാഷണൽ ട്രേഡ് സെന്റർ ആരംഭിക്കും തുടങ്ങി സ്ത്രീകൾക്കായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

Eng­lish sum­ma­ry: 2020 ker­ala budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.