Web Desk

Editorial

January 01, 2021, 3:53 am

രണ്ടായിരത്തി ഇരുപത്തിയൊന്നിൽ

Janayugom Online

പ്രതീക്ഷകളോടെയാണ് ഓരോ പുതുവർഷത്തിലേക്കും മാനവരാശി കാലൂന്നുന്നത്. 2020ലും അങ്ങനെ തന്നെയായിരുന്നു. 2021ലേക്കും അങ്ങനെതന്നെ ചുവടുവയ്ക്കാം. വലിയ പ്രതീക്ഷകളും കൂടുതൽ നന്മകളുമാണ് ഓരോ പുതിയ വർഷത്തിലും നാം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ ദുരന്തങ്ങളായിരുന്നു ഇതുവരെ ഉണ്ടായതിൽ വലുതെന്ന നിഗമനത്തിൽ നാം എത്തുകയും ചെയ്യുന്നു. 99 (മലയാളവർഷം) ലെ പ്രളയമായിരുന്നു ഏറ്റവും തീവ്രമായിരുന്നതെന്ന് കരുതിപ്പോന്നിരുന്ന മലയാളികളുടെ ജീവിതത്തിലേക്കാണ് അതിലും വലുതെന്ന് കരുതപ്പെടുന്ന 2018ലെ പ്രളയമെത്തിയത്. രോഗങ്ങളിൽ അപകടകാരികളായത് കഴിഞ്ഞുപോയെന്ന് ആശ്വസിക്കുന്ന നമുക്കിടയിലേക്കാണ് നിപ പോലുള്ളവയെത്തിയത്. കരുതലും ജാഗ്രതയുമാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും വലിയ ഉപാധിയെന്ന് നമുക്ക് തിരിച്ചറിവ് തരുന്നതിന് നിപ കാരണമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ മാരകമായേക്കാമായിരുന്ന നിപയെ എളുപ്പത്തിൽ അതിജയിക്കാൻ മലയാളിക്ക് സാധിച്ചു. 2020 തുടങ്ങുമ്പോൾ തന്നെ കൊറോണ ലോകത്തിന്റെ ചില കോണുകളിൽ തലപൊക്കിയിരുന്നു.

എങ്കിലും അതൊരു മഹാമാരിയായി നമ്മെ ഇത്രമേൽ പിടികൂടുമെന്ന് ആരും കരുതിയിരുന്നില്ല. അടുത്ത വർഷങ്ങളിൽ ലോകത്ത് ശ്വാസകോശ സംബന്ധമായ മാരകരോഗം പടരുമെന്നും കോടിക്കണക്കിന് ജീവനുകൾ അപഹരിക്കുമെന്നും 2019 ഒക്ടോബറിൽ ആഗോള ആരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ അത് ഇത്ര പെട്ടെന്നാകുമെന്നോ മാരകമായിരിക്കുമെന്നോ ഭയപ്പെട്ടിരുന്നില്ലെന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ എല്ലാ കാലത്തുമെന്നപോലെ നമ്മുടെ പുതുവത്സര പ്രതീക്ഷകൾ 2020ലും വളരെ വലുതായിരുന്നു. ജീവിതത്തിന്റെ ഔന്നത്യങ്ങളിലേക്ക് കയറാനാകുമെന്നും ജീവിതം സുഖകരമാകുമെന്നും പ്രതീക്ഷയോടെയാണ് പോയവർഷത്തിലേക്ക് നാമെത്തിയത്. പക്ഷേ കീഴ്മേൽ മറിഞ്ഞൊരു ലോകവും കാലവുമാണ് കടന്നുപോകുന്നത്. ജനുവരി 31 ന് കൊറോണയുടെ സാന്നിധ്യം ആദ്യമായി ഇന്ത്യയിൽ കേരളത്തിൽ കണ്ടെത്തി. പിന്നീട് അത് ലോകത്തിന്റെയാകെ ആധിയും വ്യാധിയുമായി വളരെ വേഗത്തിൽ മാറുന്ന സ്ഥിതിയാണുണ്ടായത്. മനുഷ്യർക്ക് അതുവരെ അജ്ഞാതമായിരുന്ന ജീവിതരീതികളും ഭാഷാപ്രയോഗങ്ങളും സംഭവിച്ചു. രോഗം വരാതിരിക്കുന്നതിനുവേണ്ടി ഒറ്റപ്പെടൽ എന്ന അവസ്ഥ സുഖാനുഭവമാണെന്ന് നമുക്ക് ബോധ്യമായി.

അരികിൽ ഇരിക്കുന്നതുപോലെ അകലെയിരിക്കുന്നതും അനിവാര്യമാണെന്നു വന്നപ്പോൾ അതും നമ്മൾ ജീവിതത്തിന്റെ ഭാഗമാക്കി. മാർച്ചിൽ കൊറോണ വൈറസ്, കോ­­­വിഡ് 19 എന്ന പേരിലേക്ക് മാറുമ്പോഴേക്കും ലോക്ഡൗ­ൺ, മാസ്ക്, സാമൂഹ്യ അകലം, വ്യക്തിശുചിത്വം, ക്വാറന്റൈ­ൻ എ­ന്നിത്യാദിയുള്ള വാക്കുകൾ നിത്യജീവിതത്തി­ന്റെ ഭാഗമായി. ഇപ്പോഴും അത് തുടരുകയും ചെ­യ്യുന്നു. മുന്നറിയിപ്പില്ലാതെ കേന്ദ്ര സർക്കാർ പ്ര­ഖ്യാപിച്ച ലോക്ഡൗ­ൺ വലിയൊരു ജനസമൂഹത്തിന് നല്കിയ ആധികളും വ്യാധികളും വലുതായിരുന്നു. അകലെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും തുരുത്തുകളിലെന്നപോലെ ഒറ്റപ്പെട്ട കുടിയേറ്റത്തൊഴിലാളികളുടെ ദുരിതങ്ങളും പ്രതിസന്ധികളും ഇപ്പോഴും തീരാതെ തുടരുകയാണ്. അവർ മാത്രമല്ല, സംഘടിത — അസംഘടിത മേഖലയിലെ തൊഴിലാളികളും ദുരിതത്തിന്റെ മാറാപ്പുകൾ പേറേണ്ടിവന്നു.

എങ്കിലും സാങ്കേതിക വിദ്യയുടെ അത്യന്താധുനിക സങ്കേതങ്ങളുടെ ഉപയോഗത്തിലൂടെ നാം കോവിഡ് കാലത്തെ വ്യതിരിക്തമാക്കിയെന്നത് ഇക്കാലത്തെ വേറിട്ടുനിർത്തുന്നുണ്ട്. അകലെയായിരിക്കുമ്പോഴും അടുപ്പം കൂട്ടാനും വീട്ടിലിരുന്നുകൊണ്ട് സേവനങ്ങള്‍ ആർജിക്കാനും അത് നമ്മെ പ്രാപ്തരാക്കി. തെരുവുകളിൽ നിന്ന് വ്യക്തികളിലേക്കും ഭവനങ്ങളിലേക്കും മാറിയ സമരരീതികളും ഈ കാലത്തിന്റെ പ്രത്യേകതയായിരുന്നു. ആൾക്കൂട്ടങ്ങളില്ലായ്മക്കും പ്രക്ഷുബ്ധത കൂടുതലാണെന്ന് തെളിയിക്കപ്പെട്ടു. നിലനില്പിനുവേണ്ടിയുള്ള ജനപഥങ്ങളുടെ നിരവധി പ്രക്ഷോഭങ്ങൾ ഇക്കാലത്തും ലോകത്തെയും രാജ്യത്തെയും പിടിച്ചുലച്ചു. തൊഴിലാളികളുടെ ദേശീയ പണിമുടക്കിന്റെ വൻവിജയവും ഇപ്പോഴും തുടരുന്ന കർഷക പ്രക്ഷോഭവും അതാണ് അടയാളപ്പെടുത്തുന്നത്. വർണവെറിക്കും യുദ്ധഭ്രാന്തിനുമെതിരായ മുന്നേറ്റങ്ങൾക്കും കോവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിൽ ലോകം സാക്ഷ്യം വഹിച്ചു. ഈയൊരു പരിസരത്തിന് അടുത്തകാലത്തൊന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നമ്മുടെ ഭരണാധികാരികളോ ആരോഗ്യ — ശാസ്ത്രവിദഗ്ധരോ ഉറപ്പുതരുന്നില്ല. കോവിഡിനൊപ്പം ഇങ്ങനെയൊക്കെതന്നെ ഇനിയും ജീവിക്കേണ്ടിവരുമെന്നാണ് ലോകാരോഗ്യസംഘടന പോലും പറയുന്നത്.

എങ്കിലും നമുക്ക് പ്രതീക്ഷകൾ കൈവിടാതിരിക്കാം. നിയന്ത്രണങ്ങൾക്കും ജാഗ്രതയ്ക്കുമിടയിലും നന്മ നിറഞ്ഞ ഭാവിയെ വരവേല്ക്കാനൊരുങ്ങുകയാണ് നമ്മൾ. പതിയെ മാറിവരുന്ന നിശ്ചലാവസ്ഥയും ഉടനെത്താനിരിക്കുന്ന പ്രതിരോധമരുന്നുകളും നമ്മുടെ പ്രതീക്ഷകൾക്ക് നിറം പകരുന്നവയാണ്. ഒപ്പം ഏത് പ്രതിസന്ധിയിലും മുന്നിൽനിന്നു നയിക്കാനൊരു സർക്കാർ കേരളത്തിലുണ്ടെന്നതും നമ്മുടെ പ്രതീക്ഷകളെ ഉത്തേജിപ്പിക്കുന്നുണ്ട്. സമൂഹ അടുക്കളകളിലൂടെയും സൗജന്യ ഭക്ഷ്യക്കിറ്റിലൂടെയും ഒരാൾപോലും ഒഴിഞ്ഞുപോകാതെയുള്ള ധനസഹായങ്ങളിലൂടെയും കോവിഡ് എന്ന മഹാമാരിക്കാലത്തെ നിശ്ചലാവസ്ഥയിലും നമ്മെ സചേതനമാക്കിയത് അങ്ങനെയൊരു സർക്കാരുണ്ടായിരുന്നതുകൊണ്ടായിരുന്നു. ഈ പശ്ചാത്തലം മഹാമാരിയുടെ കാലത്തും മഹത്തായ പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിന് തന്നെയാണ് പ്രേരണയാവുന്നത്.