വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ ടാറ്റയുടെ ഐതിഹാസിക വാഹനമായ സഫാരി നിരത്തുകളിലേക്കെത്തുന്നു. ഇതിന്റെ സൂചനായി പുതിയ ഫോട്ടോകളും ടീസര്‍ വീഡിയോയും കമ്പനി പുറത്ത് വിട്ടുകഴിഞ്ഞു. പുതിയ സഫാരിയുടെ ആദ്യ യൂണിറ്റ് ഫാക്ടറിയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടത്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരില്‍ ടാറ്റ വിപണിയിലെത്തിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളിലേക്ക് ടാറ്റ രണ്ടാമതൊരു വരവ് നടത്തിയത് മുതല്‍ തന്നെ സഫാരിയെന്ന വാഹനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാ വാഹനപ്രേമികളും. ഇതിനാണ് ടാറ്റയിപ്പോള്‍ വിരാമമിട്ടിരിക്കുന്നതും. ഐക്കണിക് മോഡലായ സഫാരി തിരിച്ചു കൊണ്ടുവരികയാണെന്നും ഈ ജനുവരിയില്‍ തന്നെ ഷോറൂമില്‍ എത്തുന്ന സഫാരിയുടെ ബുക്കിംഗ് താമസിയാതെ തുടങ്ങുമെന്നുമായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നു്. ഇപ്പോഴിതാ ടാറ്റ സഫാരിയുടെ ബുക്കിംഗ് തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ അനൗദ്യോഗികമായി ആരംഭിച്ചു. പുതിയ സഫാരി 51,000 രൂപയ്ക്ക് ടോക്കണ്‍ തുകയ്ക്ക് ബുക്ക് ചെയ്യാം.
2020 ഓട്ടോ എക്സ്പോയിലാണ് പുതിയ സഫാരിയെ ഗ്രാവിറ്റാസ് എന്ന് കോഡ് നാമത്തില്‍ ടാറ്റ ആദ്യം പ്രദര്‍ശിപ്പിച്ചത്. ജനുവരി 26 ന് സഫാരിയെ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
നേരത്തെ പുറത്തിറക്കിയ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പാണ് ഗ്രാവിറ്റാസ് എന്ന് പറയാം. ലാന്‍ഡ് റോവര്ന്റെ ഒമേഗ പ്ലേറ്ഫോമില് നിര്‍മിച്ചിരിക്കുന്ന ഈ എസ്യൂവിക്ക് ഹാരിയറിനെക്കാളും 63 മില്ലിമീറ്റര്‍ നീളവും 80 മില്ലിമീറ്റര്‍ ഉയരവും കൂടുതല്‍ ഉണ്ട്.
2.0 ലിറ്റര്‍ ടര്‍ബോ ചര്‍ജ്ഡ് ഡീസല്‍ എന്ജിന് ആയിരിക്കും വാഹനത്തിന്റെ ഹൃദയം. ഇത് 168 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും നല്‍കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗീയര്‍ ഓപ്ഷനുകള്‍ വാഹനത്തില്‍ ഉണ്ടാകും. പെട്രോള്‍ എന്ജിന് മോഡലും ലഭ്യമാക്കും എന്നാണ് ടാറ്റയുമായി ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.
ടാറ്റയുടെ ഇംപാക്ട് ടൂ ഡിസൈന്‍ ശൈലിയാണ് ഗ്രാവിറ്റാസ് പിന്തുടരുന്നുന്നത്. പുതിയ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഡോര്‍ പാടിലും സീറ്റിലും ഐവറി കളര്‍ ലെതര്‍ ഫിനിഷ് എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.