13 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 30, 2024
August 29, 2024
August 28, 2024
August 28, 2024
August 28, 2024
August 26, 2024
August 23, 2024
August 22, 2024
August 21, 2024

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍ ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 3, 2024 7:28 pm

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്.

ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 34 സ്ത്രീകളും 36 പുരുഷന്മാരും 11 കുട്ടികളും ഉള്‍പ്പെടെ 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നുണ്ട്. ആകെ 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേരുമുണ്ട്. ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ തെരച്ചില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സില്‍ നിന്നും 460 പേര്‍, ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 56 പേര്‍, പൊലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് 64 പേര്‍, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 640 പേര്‍, തമിഴ്നാട് ഫയര്‍ഫോഴ്സില്‍ നിന്നും 44 പേര്‍, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നും 15 പേര്‍ ഉള്‍പ്പെടെ ആകെ 1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുന്നത്.

കേരള പൊലീസിന്റെ കെ 9 സ്ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തില്‍ ഉണ്ട്. തമിഴ്നാട് മെഡിക്കല്‍ ടീമില്‍ നിന്നുള്ള ഏഴ് പേരും സന്നദ്ധരായി രക്ഷാദൗത്യത്തില്‍ ഉണ്ട്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ അംശം ഉണ്ടെങ്കില്‍ കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണമായ ഹ്യൂമന്‍ റെസ്ക്യൂ റഡാര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായിരുന്നു. 16 അടി താഴ്ച വരെയുള്ള ജീവന്റെ അനക്കം കണ്ടെത്താന്‍ ഈ ഉപകരണത്തിന് കഴിയും. കൂടാതെ മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെ എത്തും. പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്ന് ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ തുടരും.

കേരള ജനതയൊന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താനായി ഒരുമിച്ചു നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന സൈന്യവും ഫയര്‍ ഫോഴ്സും പൊലീസും ഉള്‍പ്പെടെയുള്ള രക്ഷാസേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കെഎസ്ഇബി — വനം — റവന്യൂ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, എല്ലാ പിന്തുണയും നല്‍കുന്ന തദ്ദേശവാസികളും ചേര്‍ന്ന് സഹായഹസ്തം നീട്ടുന്നു. മനുഷ്യരാണ് നാമേവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തില്‍ മുഴങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ ചൂരല്‍മലയില്‍ പ്രകൃതിദുരന്തത്തിനിരയായവരെ തിരയുന്നതിനും അതിനു നേതൃത്വം നല്‍കുന്നതിനുമായി കേരള പൊലീസിലെ 866 ഉദ്യോഗസ്ഥരാണ് നിയുക്തരായത്. വയനാട്ടിലെയും സമീപ ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 390 പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പൊലീസിന്റെ മറ്റു യൂണിറ്റുകളില്‍ നിന്ന് നിരവധി പേരെയാണ് നിയോഗിച്ചിരിക്കുന്നത്. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയന്‍ നിന്ന് 150 പേരും മലബാര്‍ സ്പെഷ്യല്‍ പൊലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും തിരച്ചില്‍ സംഘങ്ങളിലുണ്ട്. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷന്‍ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നുണ്ട്.

മലകളിലും മറ്റും കയറി ദുഷ്കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെഎപി അഞ്ചാം ബറ്റാലിയില്‍ നിന്നുള്ള ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗത്തിന്റെ സേവനവും മുഖ്യമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗങ്ങളും സ്കൂബാ ടീമും ഉള്‍പ്പെടെ ഓഫിസര്‍മാരടക്കം 300 ജീവനക്കാരും 222 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഫയര്‍ഫോഴ്സ് നിര്‍മ്മിച്ച സിപ് ലൈന്‍ പാലത്തിലൂടെയാണ് ആരംഭഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും അഭിനന്ദനാര്‍ഹമായ പങ്കാളിത്തം വഹിച്ചു. ഹെലിപാഡ് നിര്‍മ്മിച്ചും ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ചും സൈന്യവും പൊലീസുമുള്‍പ്പെടെയുള്ള രക്ഷാസേനയ്ക്ക് ആവശ്യമായ ഭക്ഷണമൊരുക്കിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തും മാതൃകാപരമായ സേവനമാണ് ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കയ്യെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാധ്യമങ്ങളുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തത്തില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കവേ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ടെന്നും ഏറ്റവും പോസിറ്റീവായി സഹകരിക്കുന്ന നിലപാടാണ് മാധ്യമങ്ങൾ പൊതുവെ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാടിന്റെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്ത് തന്നെ മാധ്യമസാന്നിധ്യം തുടർന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry: 206 peo­ple are still to be found in the last phase of the res­cue oper­a­tion: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.