6 October 2024, Sunday
KSFE Galaxy Chits Banner 2

ലൈഫില്‍ 20,808 വീടുകള്‍ ഒരുങ്ങി: 2,95,006 വീടുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 14, 2022 10:59 pm

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലുള്‍പ്പെട്ട 20,808 വീടുകള്‍ ഒരുങ്ങി. വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രണ്ടാം നൂറുദിന കർമ പരിപാടിയിൽ പൂർത്തിയാക്കിയ ലൈഫ്‌ വീടുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമിറുദ്ദീൻ, ഐഷാ ബീവി ദമ്പതികളുടെ വീടിന്റെ താക്കോൽ നല്‍കിയാണ് ഉദ്ഘാടനം. സംസ്ഥാനത്ത്‌ മറ്റിടങ്ങളിലെ വീടുകളുടെ താക്കോൽദാനം അതത്‌ ഇടങ്ങളിലെ ജനപ്രതിനിധികൾ നിർവഹിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഒന്നാം വാർഷികത്തിന്റെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. 808 വീടുകൾ കൂടി അധികമായി നിർമ്മിക്കാനായി. സർക്കാരിന്റെ ഒന്നാം നൂറു ദിനപരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമ്മിച്ചു കൈമാറിയിരുന്നു.
ലൈഫ്‌ പദ്ധതിയിൽ ഇതിനകം ആകെ 2,95,006 വീടുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു. നിലവിൽ 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. 27 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്‌. ഇവയിൽ നാലെണ്ണം ജൂണിൽ പൂർത്തിയാകും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്കു വിവിധ കാരണങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിന് പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ്‌സി, എസ്‌ടി പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങൾ മനസിലാക്കി പരിഹാരത്തിനു സത്വര ഇടപെടൽ നടത്തും.
ഭൂരഹിതരും ഭവന രഹിതരുമായവർക്കായി ഭൂമി കണ്ടെത്തി വീട്‌ നൽകുന്നതിന്‌ മാർച്ചിൽ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്‌’ പദ്ധതി കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനകം 1712. 56 സെന്റ് സ്ഥലം പദ്ധതിക്കായി ലഭിച്ചു.
1000 പേർക്ക്‌ ഭൂമി ലഭ്യമാക്കാനായി 25 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടെന്നും പദ്ധതിക്കായി സുമനസുകളുടെ കൂടുതൽ സഹായം അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: 20,808 hous­es were ready in life project

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.