കാര്‍ഗിലിലെ ഇന്ത്യന്‍ വിജയത്തിന് ഇരുപതാണ്ട്

Web Desk
Posted on July 26, 2019, 8:15 am

 

ന്യൂഡല്‍ഹി: കാര്‍ഗിലിലെ ഇന്ത്യന്‍ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്.
എല്ലുറയുന്ന മൈനസ് 10 തണുപ്പിലും എല്ലുറപ്പോടെ പോരാടിയ ഇന്ത്യന്‍ സേന അറുപതു രാപകലുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കാര്‍ഗിലില്‍ വിജയക്കൊടിനാട്ടി. 1999 ജൂലൈ 26 നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരിച്ചുപിടിച്ചത്. കശ്മീരിലെ കാര്‍ഗില്‍ പ്രദേശത്ത് 1999 മെയ് മുതല്‍ ജൂലൈ വരെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സായുധപോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ രാജ്യം രക്തസാക്ഷികള്‍ക്കുമുന്നില്‍ നമിക്കുന്നു. മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു മരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി നാട്ടുകാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു.
കാശ്മീരില്‍ ഇന്ത്യയും പാകിസ്ഥാനും തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് യുദ്ധത്തിലേക്കു നീങ്ങിയത്.
1999 ലെ മേയ് മൂന്നിനാണ് ആദ്യവിവരം ലഭിച്ചത.് ഒരു ഇടയനാണ് ചിലര്‍ അതിര്‍ത്തി കടന്ന് താവളമുറപ്പിച്ചതായി ഇന്ത്യന്‍ സൈനികപോസ്റ്റില്‍ അറിയിച്ചത്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമാണ് ഇതെന്നാണ് സേന കരുതിയത്. എന്നാല്‍ പരിശോധനകളിലാണ് നിയന്ത്രണരേഖ കടന്ന് കാര്‍ഗില്‍ മലനിരകളിലെ ഇന്ത്യന്‍വഴികള്‍ അടച്ചുപോലും കോണ്‍ക്രീറ്റ് ബങ്കറുകള്‍ സ്ഥാപിച്ച് പാക് സൈന്യം നിലയുറപ്പിച്ചതായി മനസിലായത്. ഓപ്പറേഷന്‍ വിജയ് എന്നുപേരിട്ട ഐതിഹാസിക പോരാട്ടമാണ് പിന്നീട് നടന്നത്. നിയന്ത്രണ രേഖയില്‍നിന്നും പാകിസ്ഥാന്‍ സേനയെയും തീവ്രവാദികളെയും തുരത്തിയാണ് അത് അവസാനിച്ചത്

മേയ് 26ന് വ്യോമസേന ഓപ്പറേഷന്‍ സഫേദ്‌സാഗറുമായി രംഗത്തിറങ്ങി. മിഗ്21, മിഗ്27, മിറാഷ് 2000 പോര്‍വിമാനങ്ങള്‍ റോക്കറ്റുകളും മിസൈലുകളും അയച്ച് കരസേനയുടെ മുന്നേറ്റം സുഗമമാക്കി. എന്നാല്‍ വ്യോമസേനക്ക് അതിര്‍ത്തി അല്‍പം ലംഘിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല. ഏതുസാഹചര്യത്തിലും നിയന്ത്രണ രേഖ ലംഘിക്കരുതെന്നായിരുന്നു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് എയര്‍ചീഫ് മാര്‍ഷല്‍ എവൈ ടിപ്‌നിസിന് നല്‍കിയ നിര്‍ദ്ദേശം. ഇന്ത്യയുടെ രണ്ട് പോര്‍വിമാനങ്ങള്‍പാകിസ്താന്‍വെടിവച്ചിട്ടു. ഒരെണ്ണം പോരാട്ടത്തിനിടെ ഇടിച്ചു തകര്‍ന്നു.ഓപറേഷന്‍ തല്‍വാറിലൂടെ പാക് തുറമുഖങ്ങളെ ശ്വാസം മുട്ടിച്ച് ഇന്ത്യന്‍നാവികസേന ഇന്ധനവരവുനിയന്ത്രിച്ചു. പാകിസ്താന്‍ ഇന്ത്യക്കെതിരെ അമേരിക്കയുടെ സഹായം തേടിയെങ്കിലും അന്നത്തെ പ്രസിഡന്റ് ബില്‍കഌന്റണ്‍ അതു നിഷേധിച്ചു എന്നുമാത്രമല്ല, നിയന്ത്രണരേഖയില്‍നിന്നും പിന്നോട്ട് പോകാന്‍ പാകിസ്താനോട് നിര്‍ദ്ദേശിച്ചു. നയതന്ത്ര തലത്തിലും ഇന്ത്യമികച്ച പോരാട്ടമാണ് നടത്തിയത്. അതും പാകിസ്താനെ തളര്‍ത്തി.

പാകിസ്താന്‍ ആദ്യം യുദ്ധം കശ്മീര്‍ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്ഥാനെ നിര്‍ബന്ധിതമാക്കി.
സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ചെങ്കുത്തായ മലനിരകളില്‍ രാത്രിയുടെ മറവില്‍ കടന്നുകയറി പോരാട്ടം നടത്തിയാണ് ഇന്ത്യന്‍ സേന പാക്‌സേനയെ തുരത്തിയത്.
ഒന്നുകില്‍ ഇന്ത്യന്‍പതാക പാറിക്കും അല്ലെങ്കില്‍ അതുപുതച്ച് മടങ്ങിവരുമെന്ന് വീട്ടുകാരോട് അറിയിച്ചു പോയ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ യേ ദില്‍മാംഗേ മോര്‍ എന്ന അവസാന സന്ദേശം ഇന്നും സൈനികരെ രോമാഞ്ചമണിയിക്കുന്നു. ചെങ്കുത്തായ മലനിരകള്‍ ഐതിഹാസികമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് അടുത്ത പോരാട്ട സ്ഥലത്ത് സഹപ്രവര്‍ത്തകനെ രക്ഷിക്കുന്നതിനിടെ വീരചരമമടഞ്ഞ വിക്രം ബത്രയെ പരമവീരചക്രം നല്‍കിയാണ് രാജ്യം ആദരിച്ചത്.

പോരാട്ടത്തിനിടെ നിഷ്ഠൂരന്മാരായ പാക് പട്ടാളത്തിന്റെ പിടിയില്‍പെട്ട ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെയും അഞ്ച് സഹപ്രവര്‍ത്തകരുടെയും ജീവത്യാഗം നമ്മള്‍മറക്കാന്‍ പാടില്ല. പരാജയം മണത്തു തുടങ്ങുംമുമ്പ് മേയ് 15ന് പാക് പട്ടാളത്തിന്റെ പിടിയിലായ കാലിയയെ ഏതാണ്ട് 20ദിവസത്തിലേറെ പീഡനങ്ങള്‍ക്ക് വിധേയനാക്കി. കണ്ണ്ചൂഴ്‌ന്നെടുത്തും ചെവിയില്‍ ചുട്ടുപഴുത്ത ഇരുമ്പുകമ്പികയറ്റിയും പല്ലുകള്‍ തട്ടിയടര്‍ത്തിയും ചുണ്ട് ചീന്തിയെടുത്തും മറ്റും നടത്തിയ പീഡനം യുദ്ധത്തടവുകാരോട് പാലിക്കേണ്ട ഒരു മര്യാദയും പാകിസ്താന്റെ കാടന്‍ പട്ടാളം കാട്ടിയില്ലെന്ന് വിളിച്ചോതുന്നതായിരുന്നു.
കേരളത്തിലും കാര്‍ഗില്‍ നഷ്ടങ്ങളേറെയുണ്ടായി. വീരചക്രം നല്‍കി രാജ്യമാദരിച്ച ക്യാപ്റ്റന്‍ ജെറി പ്രേംരാജ്, കോഴിക്കോട്ടെ ക്യാപ്റ്റന്‍ വിക്രം അങ്ങനെ എത്രയോ ധീര ദേശാഭിമാനികള്‍. ഉറിയും ബാലക്കോട്ടുമടക്കം തല താഴ്ത്താത്ത പോരാട്ടവീര്യവുമായി ഇന്ത്യമുന്നോട്ടുതന്നെ. നടക്കാത്തലക്ഷ്യങ്ങളുമായി മുന്നോട്ടുപോകരുതെന്നാണ് ഈ കാര്‍ഗില്‍ ഓര്‍മ്മദിവസത്തില്‍ ഇന്ത്യന്‍ കരസേനാധിപന്‍ ബിപിന്‍ റാവത്ത് പാകിസ്താനെ ഓര്‍മ്മിപ്പിക്കുന്നത്. ഈ ജീവത്യാഗത്തിന്റെ ഓര്‍മ്മകള്‍ നമുക്കു പാഠങ്ങളാണ്. കരുതലോടെ വരുംകാലത്തെ നേരിടാനുള്ള പാഠം.