Saturday
19 Oct 2019

കാസര്‍കോട് ജില്ലയില്‍ ഇന്ന് 2,167 പേര്‍ ഭൂവുടമകളാകും

By: Web Desk | Monday 7 January 2019 9:39 AM IST


documentation

കാസര്‍കോട്: സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഇന്ന് കാസര്‍കോട് ജില്ലയില്‍ 2167 പേര്‍ ഭൂവുടമകളാകും.
പട്ടയമേള റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ രാവിലെ 10.30 ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മേള ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പി കരുണാകരന്‍ എം പി മുഖ്യാതിഥിയാകും.
കേരളത്തിലെ ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്‌നങ്ങള അടിയന്തിരമായി പരിഹരിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജില്ലയില്‍ വര്‍ഷങ്ങളായി തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിക്കാതിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി അവര്‍ക്ക് പട്ടയം ലഭ്യമാക്കാനാണ് മേള സംഘടിപ്പിക്കുന്നത്.
കൂടാതെ ജില്ലയിലെ വിവിധ വില്ലേജുകളില്‍ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കനുവദിച്ച മിച്ച ഭൂമി പട്ടയങ്ങളും,വിവിധ ലാന്‍ഡ് ട്രിബ്യൂണലുകളില്‍ നിന്നും അനുവദിച്ച ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും മേളയില്‍ കൈമാറും. നാലു താലൂക്കുകള്‍, ലാന്‍ഡ് ട്രിബ്യൂണല്‍, ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ എന്നിങ്ങനെ ആറ് പ്രത്യേക കൗണ്ടറുകളാണ് മേളയില്‍ സജ്ജീകരിക്കുന്നത്.
കാസര്‍കോട് താലൂക്കില്‍ 200, മഞ്ചേശ്വരം 316, ഹൊസ്ദുര്‍ഗ് 240, വെള്ളരിക്കുണ്ട് 120, എല്‍.റ്റി. 1020, ദേവസ്വം 171, മിച്ചഭൂമി 100 എന്നിങ്ങനെ ആകെ 2167 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2017 മെയ് 13 ന് കാഞ്ഞങ്ങാട് നടന്ന പട്ടയമേളയില്‍ വിതരണം ചെയ്ത 2247 പട്ടയങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 2018 ഫെബ്രുവരി വരെ ആകെ 3352 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

Related News