കലാപം കത്തുന്ന ഡൽഹിയിൽ സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്റെ എല്ലാ സഹോദരി സഹോദരന്മാരും സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മോദി സമാധാനത്തിന് ആഹ്വാനം നൽകിയത്. ശാന്തിയും സമാധാനവുമാണ് നമ്മുടെ ധർമചിന്തയുടെ കേന്ദ്രം. ഡൽഹിയിലെ നിലവിലെ സ്ഥിതി വിലയിരുത്തി. ഡൽഹിയെ പൂർവസ്ഥിതിയിലേക്ക് എത്തിക്കുന്നതിനാണ് മുൻഗണന. സുരക്ഷാ സൈനികർക്ക് ഇതിനുള്ള നിർദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിനിടെ ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലപ്പെട്ടവരിൽ ഒരു ഐബി ഉദ്യാഗസ്ഥനും ഉൾപ്പെടുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചാന്ദ് ബാഗിലാണ് ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെത്തിയത്. 48 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരുക്കേറ്റു. ഭൂരിപക്ഷം പേരും മാരക പരിക്കേറ്റവരും വെടിയേറ്റവരുമാണ്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയുടെ പലഭാഗങ്ങളിലും സംഘർഷത്തിന് അയവില്ല.
അതേസമയം അഡ്വ. സുബൈദ ബീഗത്തെ ഡൽഹി കലാപ കേസിൽ അന്വേഷണത്തിന് അമിക്കസ് ക്യൂറിയായി ഡൽഹി ഹൈക്കോടതി നിയോഗിച്ചു. കലാപ ബാധിത പ്രദേശങ്ങളിൽ ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സന്ദർശനം നടത്തണം. ജനവിശ്വാസം വീണ്ടെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ ഡൽഹി കലാപത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പൊലീസിനെ സുപ്രീംകോടതി വിമർശിച്ചു. കൺമുന്നിൽ നടക്കുന്നത് തടയാത്ത പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്നും തെരുവുകൾ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്താനുള്ളതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
English Summary; 22 Dead in Delhi issue, Prime Minister appeals for peace and Brotherhood
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.