എവിൻ പോൾ

 തൊടുപുഴ:

June 21, 2020, 8:20 pm

സംസ്ഥാനത്തെ ഡാമുകളിലാകെ ജലശേഖരം 22 ശതമാനം

Janayugom Online

സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 22 ശതമാനം. 924.804 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് ഡാമുകളിലാകെയുള്ളത്. മൺസൂൺ ആരംഭിച്ചിട്ടും മുൻവർഷങ്ങളെ അപേക്ഷിച്ച് ജലാശയങ്ങളുടെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാത്തതിനാലും നീരൊഴുക്ക് കുറവായതിനാലും ജലനിരപ്പ് താരതമ്യേന കുറവാണ്. മുൻ വർഷങ്ങളിൽ 2018ൽ ഇതേസമയം 1713.11 ദശലക്ഷം യൂണിറ്റും 2016ൽ 951.289 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലുണ്ടായിട്ടാണ് കണക്കുകൾ.

കഴിഞ്ഞ ജൂൺ 1ന് സംസ്ഥാനത്തെ ഡാമുകളിലാകെ 26 ശതമാനം ജലമുണ്ടായിരുന്നു. ഏകദേശം 1076.262 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഉണ്ടായിരുന്നു. എന്നാൽ മൺസൂൺ ആരംഭിച്ച് മൂന്നാഴ്ച്ച പിന്നിടുമ്പോഴും ജലനിരപ്പ് ഉയരാത്തത് കെഎസ്ഇബിക്കും തെല്ല് ആശങ്ക സൃഷ്ടിച്ചേക്കും. അതേസമയം സംസ്ഥാനത്ത് അടുത്തദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഇടുക്കിയിൽ ജൂൺ 1ന് ജലനിരപ്പ് 36 ശതമാനമായിരുന്നത് ഇപ്പോൾ 30.67 ശതമാനമായി കുറഞ്ഞു. ഇടുക്കിയിൽ 2330.72 അടിയാണ് നിലവിലെ ജലനിരപ്പ്.

കഴിഞ്ഞവർഷം ഇതേസമയം 2306.4 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കി ജില്ലയിൽ ഇന്നലെ രാവിലെ 7ന് എടുത്ത കണക്കെടുപ്പിൽ 5.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴയെത്തിയില്ല. 17.6 മില്ലി മീറ്റർ മഴ ലഭിച്ച ദേവികുളത്താണ് ജില്ലയിൽ കൂടുതൽ മഴ കിട്ടിയത്. മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും താരതമ്യേന മഴ കുറവായിരുന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലൊന്നായ പീരുമേട് 4.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഇപ്പോൾ 112.40 അടിയാണ്. മറ്റ് ജലശങ്ങളായ പമ്പയിൽ 13 ശതമാനവും,ഷോലയാർ 10,ഇടമലയാർ13,കുണ്ടള13,മാട്ടുപ്പെട്ടി11,കുറ്റ്യാടി 41,ആനയിറങ്കൽ4,പൊന്മുടി12,നേര്യമംഗലം 29,ലോവർ പെരിയാർ 48 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

സംസ്ഥാനത്ത് ശരാശരി വൈദ്യുതോപഭോഗം 64.474 ദശലക്ഷം യൂണിറ്റാണ്. ഇന്നലെ 64.9456 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്ത് ഉപയോഗിച്ചത്. 19.9014 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ആഭ്യന്തര ഉൽപ്പാദനം. ഇതിൽ 10.476 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിലാണ് ഉൽപ്പാദിപ്പിച്ചത്. നിലവിൽ ശരാശരി 9.771 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൂലമറ്റത്ത് ഉൽപ്പാദിപ്പിക്കുന്നുണ്ട്. 45.0442 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്നെത്തിച്ചത്.

ENGLISH SUMMARY: 22% of water in dams

YOU MAY ALSO LIKE THIS VIDEO