29 March 2024, Friday

കോഴിക്കോടിന്റെ സ്വപ്നപദ്ധതി; രാമനാട്ടുകര വ്യവസായ പാര്‍ക്കിന് ഭൂമിയേറ്റെടുക്കാന്‍ 222 കോടി

Janayugom Webdesk
കോഴിക്കോട്
January 19, 2022 9:28 pm

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാർക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ വിഷയം പരിഹരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കാൻ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ് ഭരണാനുമതിയായത്. 

17 വർഷത്തെ കോഴിക്കോടിന്റെ സ്വപ്നമാണ് പദ്ധതി. നോളജ് പാർക്കിനായി 2009ലാണ് രാമനാട്ടുകരയിൽ 80 ഏക്കർ ഭൂമി ഏറ്റെടുത്തത്. ഭൂമിയുടെ ഉടമസ്ഥർക്കുള്ള നഷ്ടപരിഹാരത്തുക ഉൾപ്പെടെയാണ് സർക്കാർ അനുവദിച്ചത്. നിർദിഷ്ട ഭൂമിയിൽ രണ്ട് ഏക്കറോളം സ്ഥലത്ത് ഐടി, ഐടി അനുബന്ധ വ്യവസായങ്ങൾക്കായി ഐടി പാർക്ക് ഒരുക്കുന്നുണ്ട്. ഇതിനായി അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ അവസാനഘട്ട ജോലികൾ മാത്രമാണ് ശേഷിക്കുന്നത്.
പാർക്കിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി രണ്ടുമാസത്തിനകം ഗുണഭോക്താക്കൾക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയുടെ അധീനതയിലുള്ളതാണ് പാർക്ക്. ഗവ. സൈബർ പാർക്കിനും യുഎൽ സൈബർ പാർക്കിനും ശേഷം ജില്ലയിലെ ഏറ്റവും വിശാലമായ ഐടി പാർക്കാണിത്. തുടക്കത്തിൽ 700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
സ്ഥലമുടമകൾ നഷ്ടപരിഹാരം പോരെന്നു കാണിച്ച് കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ നീണ്ടത്. കീഴ്‌ക്കോടതി മുതൽ സുപ്രീം കോടതിയിൽ വരെ ഇത് സംബന്ധിച്ച കേസുകൾ നിലനിൽക്കുകയാണ്. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഭൂ ഉടമകളുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. 

ഭൂ ഉടമകളും കിൻഫ്ര അധികൃതരും തമ്മിൽ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ മൂന്നിലധികം തവണ ചർച്ച നടത്തി. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ. കഴിഞ്ഞ ഡിസംബർ ആദ്യമാണ് ചർച്ചയിൽ ധാരണയായത്. 2020 ജനുവരി ഒന്ന് വരെയുള്ള പലിശ കണക്കാക്കി ഉടമകൾക്ക് നൽകാം എന്നാണു ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ 222.83 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയത്. കേസുകൾ പിൻവലിക്കുന്ന മുറയ്ക്ക് ഉടമകൾക്ക് തുക വിതരണം ചെയ്തു തുടങ്ങും.
eng­lish summary;222 crore for land acqui­si­tion for Ramanat­tukara Indus­tri­al Park
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.