ടി ഒ സൂരജ് ഒപ്പിട്ട 24 ഉത്തരവുകള്‍ റദ്ദാക്കി: മന്ത്രി ജി സുധാകരന്‍

Web Desk
Posted on September 19, 2019, 11:01 pm

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ ടി ഒ സൂരജ് ഒപ്പിട്ട 24 സര്‍ക്കാര്‍ ഉത്തരവുകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം റദ്ദാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഉത്തരവുകളിലെ പൊരുത്തക്കേടുകളാണ് റദ്ദാക്കുവാന്‍ കാരണമായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സൂരജ് പ്രശ്‌നക്കാരനാണെന്ന് തനിക്ക് നേരത്തെ അറിവുണ്ടായിരുന്നു.

ഇപ്പോള്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സൂരജ് ആരോപിച്ച കാര്യങ്ങള്‍ അന്വേഷിക്കണം. പാലാരിവട്ടം പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രൊജക്റ്റ്‌സിന് പണം കൈമാറിയതും ചട്ടവിരുദ്ധമായാണ്. കേരള റോഡ്ഫണ്ട് ബോഡിലെ പണമെടുത്താണ് കേരള ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ കരാറുകാര്‍ക്ക് കൈമാറിയത്. ഇത്തരത്തില്‍ കമ്പനികള്‍ തമ്മിലുള്ള പണമിടപാട് ചട്ടവിരുദ്ധമാണ്. നടക്കുവാന്‍ പാടില്ലാത്ത ഇടപാടാണ് ഇത്.
താന്‍ മന്ത്രിയായ ശേഷം ഈ പണം തിരിച്ചടയ്ക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ആര്‍ഡിഎസ് പ്രൊജക്റ്റ്‌സ് എക്കാലത്തും വിവാദങ്ങള്‍ക്കൊപ്പമാണ്. ആലപ്പുഴ ബൈപ്പാസ് കരാര്‍ ഏറ്റെടുത്തിട്ടുള്ളതും ഈ കമ്പനി തന്നെയാണ്. ബൈപ്പാസിന്റെ പണി വൈകിപ്പിക്കുന്നതും കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. ആര്‍ഡിഎസിന് സാമ്പത്തിക പ്രശ്‌നങ്ങളുള്ളതാണ് വഴിവിട്ട ഇടപാടുകള്‍ക്ക് കാരണമായി മനസിലാക്കുന്നത്.

പാലാരിവട്ടം അഴിമതിയില്‍ ഇടപെട്ടിട്ടുള്ള എല്ലാവരും നിയമനടപടിക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള നടപടിയാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. പാലാരിവട്ടം കേസില്‍ ആദ്യം ആഭ്യന്തരമായ അന്വേഷണം നടത്തിയിരുന്നു. അതു തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് ലഭിച്ച ഉടന്‍ തന്നെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.