19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 15, 2024
April 15, 2024
April 15, 2024
April 13, 2024
April 13, 2024
April 9, 2024
April 8, 2024

കെടുകാര്യസ്ഥത തെളിഞ്ഞു; മോഡിക്കെതിരെ തിരിഞ്ഞ് 24 ശതമാനം ജനങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 17, 2021 9:18 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വലിയ ഇടിവുണ്ടായതായി ഇന്ത്യ ടുഡേ മാഗസിന്‍ സംഘടിപ്പിച്ച സര്‍വേ വെളിവാക്കുന്നു. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ച് കഴിഞ്ഞ വര്‍ഷം 66 ശതമാനം പേരുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ 24 ശതമാനം ജനങ്ങള്‍ മാത്രമാണ് നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതെന്നാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിലും ജനങ്ങളുടെ ജീവിതം തുടര്‍ന്നുകൊണ്ടുപോകുന്നതിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണ് ജനങ്ങളില്‍ മോഡിക്കെതിരെയുള്ള മനോഭാവം വളര്‍ന്നുവരാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ വിലക്കയറ്റം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് 11 ശതമാനം മാത്രം പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പരിഗണന നല്‍കിയിരിക്കുന്നത്. എ­ന്നാ­ല്‍ സ്വന്തം സംസ്ഥാനത്തുള്ള ജനങ്ങള്‍ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയ റാങ്കിങ്ങില്‍ ദേശീയതലത്തില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ആദിത്യനാഥിനുള്ളത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് നരേന്ദ്രമോഡി വികസന നായകനാണെന്ന് പ്രചരിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി ഇപ്പോള്‍ യുപിയെയും ആദിത്യനാഥിനെയുമാണ് ഇതുപോലെ ദേശീയതലത്തില്‍ കൊണ്ടാടുന്നത്. ഈ പ്രചരണത്തിന്റെ ഫലമായാണ് സ്വന്തം സംസ്ഥാനത്ത് വലിയ ജനപ്രീതിയൊന്നും ഇപ്പോഴില്ലാത്ത ആദിത്യനാഥിനെ ദേശീയതലത്തില്‍ കുറേപേര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനെന്ന് തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് 42 ശതമാനം വോട്ടുകളോടെ മുഖ്യമന്ത്രി എന്ന നിലയിലുള്ള ജനപിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരെല്ലാം മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ കൂടുതലായി വോട്ടുനേടിയവരില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ 29 ശതമാനം പേര്‍ മാത്രമാണ് ആദിത്യനാഥിന് മുഖ്യമന്ത്രി എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചുവെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസങ്ങള്‍ മാത്രം അവശേഷിക്കവെ, യുപിയില്‍ ബിജെപിക്ക് ആശങ്കയുയര്‍ത്തുന്ന വിവരങ്ങളാണ് സര്‍വേയിലൂടെ പുറത്തുവന്നിരിക്കുന്നത്.

Eng­lish Sum­ma­ry: 24 per­cent against modi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.