ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് 242 പേർ കൂടി മരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,000 കടന്നതായി പ്രദേശിക ആരോഗ്യവിഭാഗം അറിയിച്ചു. ഡിസംബറിൽ രോഗബാധ തിരിച്ചറിഞ്ഞതിനു ശേഷം റെക്കോർഡ് ചെയ്യപ്പെട്ട ഏറ്റവും വലിയ കണക്കുകളാണ് ഇത്.
കൊറോണ വൈറസ് ഏറ്റവും മോശമായി ബാധിച്ച ഹുബെയി പ്രവിശ്യയിൽ 14,840 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 13,332 പേരിൽ വിവിധ പരിശോധനകളിലൂടെ രോഗബാധ ഉറപ്പാക്കിയവരാണ്. മറ്റുള്ളവരുടെ പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഇന്നലെ മുതലാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണമെടുക്കുന്നതിൽ ഇത്തരമൊരു സംവിധാനം ചൈന ഏർപ്പെടുത്തിയത്. ബുധനാഴ്ചത്തെ കണക്കുകളാണ് ചൈന ഇന്നലെ പുറത്തുവിട്ടത്. ഈ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 44,763 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധൻ അറിയിച്ചു. ഇന്ത്യയില്‍ മൂന്ന് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ ഒരു കേസ് ഇപ്പോള്‍ നെഗറ്റീവാണെന്നും ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കൊറോണ ബാധിച്ച ആളുമായി ബന്ധപ്പെട്ട 94 പേരെയും രണ്ടാമത്തെ കേസില്‍ 162 പേരെയും നിരീക്ഷിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊച്ചി ഉള്‍പ്പടെ ഏഴ് വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി തെര്‍മല്‍ സ്ക്രീനിംഗ് നടത്തുന്നുണ്ട്. ഇത് വരെ 2,51,447 ആളുകളാണ് തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരായത്. അതേസമയം ജപ്പാന് കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് പേരെയും ജപ്പാന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.