12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024

സാര്‍വദേശീയ ഐക്യവേദിയായി പ്രതിനിധി സമ്മേളനം

Janayugom Webdesk
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍(വിജയവാഡ)
October 16, 2022 10:57 pm

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സാർവദേശീയ ഐക്യവേദിയായി സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനം. ഫ്രഞ്ച്, സ്പാനിഷ്, സിംഹള, ഇംഗ്ലീഷ്, നേപ്പാളി, കൊറിയൻ, വിയറ്റ്നാമീസ്, ചൈനീസ്, പലസ്തീനി, തുര്‍ക്കി ഭാഷകൾക്കൊപ്പം അമേരിക്കയിൽനിന്നുള്ള പ്രതിനിധിയുടെ ഹിന്ദി കൂടിയായപ്പോൾ വിദേശ പ്രതിനിധികളുടെ പ്രസംഗങ്ങൾ വിവിധ ഭാഷകളുടെ സംഗമം കൂടിയായി. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാഷ്ട്രങ്ങളിൽ നിന്നും എത്തിയ നേതാക്കളുടെ പ്രസംഗങ്ങൾ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രതിനിധികൾ സ്വീകരിച്ചത്.

16 രാജ്യങ്ങളിൽ നിന്നുള്ള 17 കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ പ്രതിനിധികളായി 30 നേതാക്കളാണ് സിപിഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. 31 വിദേശരാജ്യങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ ആശംസാ സന്ദേശവും പാർട്ടി കോൺഗ്രസിൽ വായിച്ചു. 17 പാർട്ടികളെയും പ്രതിനിധീകരിച്ച് ഒരാൾ വീതം അഭിവാദ്യ പ്രസംഗം നടത്തി.  തുടർന്ന് റിപ്പോർട്ടുകളെ സംബന്ധിച്ചുള്ള പൊതുചർച്ച ആരംഭിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു തോമസ്, പി പ്രസാദ് എന്നിവർ പങ്കെടുത്തു. ഇന്ന് നാല് കമ്മിഷനുകളായി പിരിഞ്ഞ് റിപ്പോർട്ടുകൾ സംബന്ധിച്ച് സമഗ്രമായ ചർച്ച നടത്തും. നാളെ സമ്മേളനം സമാപിക്കും.

മുതലാളിത്ത ചൂഷണവും അസമത്വവും വർധിച്ചുവരുന്നു: ലി മെറലിൻ

ലോകത്ത് എല്ലാ ഭൂഖണ്ഡങ്ങളിലും എന്നതുപോലെ ഫ്രാൻസിൽ യൂറോപ്പിലും പ്രതിലോമ ഭരണകൂടങ്ങളുടെ ജനവിരുദ്ധനയങ്ങളും മുതലാളിത്ത ചൂഷണവും അസമത്വവും വർധിച്ചുവരികയാണെന്ന് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്ത ലി മെറലിൻ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ അതിസമ്പന്ന വിഭാഗത്തിന് ഒഴികെ ഭക്ഷണം , തൊഴിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അപ്രാപ്യമായി തുടരുകയാണ്. ഇത്തരം സാഹചര്യത്തില്‍ സാര്‍വദേശീയ ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടണമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യക്കും ബംഗ്ലാദേശിനും സമാനതകളേറെ: മുഹമ്മദ് ഷാ ആലം

അവിഭക്ത ഇന്ത്യയുടെ ഭാഗമായിരിക്കെ 1947 വരെ സിപിഐയുടെ കൂടി ഭാഗമായിരുന്ന പാർട്ടിയാണ് തങ്ങളുടേതെന്ന് പറഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് പ്രതിനിധി മുഹമ്മദ് ഷാ ആലം പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും കൂടുതലായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ സമാനതകളുള്ളതാണ്. ഇന്ത്യക്ക് 1947ൽ ബ്രിട്ടീഷ് അടിമത്വത്തിൽ നിന്ന് വിമോചനം ഉണ്ടായെങ്കിലും സ്വയംഭരണത്തിനു വേണ്ടിയും സൈനിക ഭരണകൂടത്തിൽ നിന്നുള്ള മോചനത്തിനു വേണ്ടിയും ബംഗ്ലാദേശിന് പിന്നെയും പോരാട്ടം തുടരേണ്ടിവന്നു.

ഈ പോരാട്ടത്തിൽ സിപിഐ നിർണായകമായ സഹായങ്ങളും ഐക്യദാർഢ്യവും നൽകി. അതോടൊപ്പം ഇന്ത്യയിൽ അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന സർക്കാരും എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകിയിരുന്നു. വർത്തമാനകാലത്ത് ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമാനതകൾ ഏറെയാണ്. ഹിന്ദു തീവ്രവാദവും ഫാസിസ്റ്റ് പ്രവണതകളും ആണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളിയെങ്കിൽ മുസ്‌ലിം മതമൗലികവാദവും സൈനിക മേധാവിത്വം അഭിവാഞ്ചയുമാണ് ബംഗാൾ നേരിടുന്ന പ്രധാന പ്രശ്നം. അതോടൊപ്പം തന്നെ സാധാരണ ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും വലിയ വെല്ലുവിളിയായി ഉയർന്നുനിൽക്കുന്നു എന്നും ഇത് രണ്ടു രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല എന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ ആഗോള ഐക്യദാര്‍ഢ്യം കൂടുതല്‍ പ്രസക്തമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ നഷ്ടം ഇന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിയുന്നു: റോമന്‍ കൊനോനെങ്കോ എംപി

പ്രതിവിപ്ലവകാരികളുടെ കുതന്ത്രങ്ങളെ തുടര്‍ന്ന് സോവിയറ്റ് യൂണിയനെന്ന മഹത്തായ രാജ്യത്തിന്റെ തകര്‍ച്ച വലിയ നഷ്ടമാണെന്ന് റഷ്യന്‍ ജനതയും ലോക രാജ്യങ്ങളും തിരിച്ചറിയുന്നുവെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി റോമന്‍ കൊനോനെങ്കോ എംപി പറഞ്ഞു. സാമ്രാജ്യത്വം അതിന്റെ എല്ലാ രൗദ്രഭാവങ്ങളും കാട്ടിത്തുടങ്ങിയത് സോവിയറ്റ് തകര്‍ച്ചയോടെയായിരുന്നു. ദരിദ്രരാജ്യങ്ങളെ കൂടുതല്‍ കടന്നാക്രമിച്ച് അവിടങ്ങളിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന പ്രക്രിയ രൂക്ഷമായി.

ലോകത്തിന്റെ പല ഭാഗങ്ങളിലും സാമ്രാജ്യത്വ അധിനിവേശം ശക്തമാവുകയും ചെയ്തു. എതിരാളികളില്ലെന്നതുപോലെ ലോകമാകെ ലാഭക്കൊതിയോടെ മുതലാളിത്ത ശക്തികള്‍ക്ക് പരക്കം പായുന്നതിന് സോവിയറ്റ് തകര്‍ച്ചയോടെ വിപുലമായ സാധ്യതകള്‍ തുറന്നു. ഇന്ന് അടി മത്വസമാനമായ ജീവിതവും ദാരിദ്ര്യവും തൊഴിലില്ലായ്മ പോലുള്ള ദുരിതങ്ങളും അനുഭവിക്കുന്ന ലോക ജനത സോവിയറ്റ് ഭൂതകാലത്തെ ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും ആകാവുന്നത്ര വിധത്തില്‍ സോഷ്യലിസ്റ്റ് പുനഃസ്ഥാപനത്തിനായാണ് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ യോജിച്ച പോരാട്ടങ്ങള്‍ ഉണ്ടാവണം: ഇമാനുൽ ഹഖ്

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഒന്നായ വിജയവാഡയിൽ രണ്ടാം തവണയും എത്തുന്നത് സിപിഐയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നു എന്നത് യാദൃശ്ചികമാണെന്ന് പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ബംഗ്ലാദേശ് വർക്കേഴ്സ് പാർട്ടി പ്രതിനിധി ഇമാനുൽ ഹഖ് അലി മുഹമ്മദ് പറഞ്ഞു. ഇതിനുമുമ്പ് താൻ വിജയവാഡയിൽ എത്തിയത് സിപിഐ സംഘടിപ്പിച്ച ആരാധ്യ കമ്മ്യൂണിസ്റ്റ് നേതാവ് സി രാജേശ്വരറാവുവിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരുന്നു.

ബംഗ്ലാദേശിന്റെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ അവിടെയുള്ള ജനങ്ങൾക്കൊപ്പം നിലകൊണ്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ നേതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ഭൂപേശ് ഗുപ്ത ഉൾപ്പെടെയുള്ള നേതാക്കളുടെ പങ്കാളിത്തവും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മാത്രമല്ല സാമ്രാജ്യത്വ ശക്തികൾ ഈ മേഖലയിൽ സായുധാധിപത്യം ശ്രമിക്കുന്നതിന് എതിരെയുള്ള പോരാട്ടങ്ങൾക്കും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും യോജിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐയുടെ സ്വാധീനം എടുത്തുകാട്ടുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്ന് ബൗനെ മെച്ചൗ അന്‍ഗോം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനവും ജനമനസുകളിലെ സ്ഥാനവും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് എടുത്തുകാട്ടുന്നുവെന്ന് ലാവോ പീപ്പിള്‍ റെവല്യൂഷനറി പാര്‍ട്ടി പ്രതിനിധി ബൗനെ മെച്ചൗ അന്‍ഗോം. വര്‍ത്തമാന ലോകക്രമം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വര്‍ധിച്ച ഐക്യം ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യവും സമാധാനവും സാഹോദര്യവും സാധ്യമാക്കാന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലൂടെയേ സാധ്യമാകൂ, അദ്ദേഹം വിശദീകരിച്ചു.

അവസരവാദമാണ് സാമ്രാജ്യത്വം മുഖമുദ്രയാക്കിയത്: യുവ രാജ് ഗ്യാവാലി

സാമ്പത്തികവും സാമൂഹികവുമായ ലോകക്രമത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്കാണ് വര്‍ത്തമാനം സാക്ഷിയാകുന്നതെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി യുവ രാജ് ഗ്യാവാലി. അവസരമവാദമാണ് സാമ്രാജ്യത്യം മുഖമുദ്രയാക്കിയിരിക്കുന്നത്. അവസരവാദത്തെയും മുതലാളിത്ത വ്യവസ്ഥിതിയേയും നേപ്പാള്‍ ജനത തിരസ്കരിച്ചത് അനുഭവങ്ങളുടെ ബോധ്യത്തിലാണ്. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഊന്നിയ ഭരണത്തിന് ഒട്ടേറെ വികസന സൂചികകള്‍ രാജ്യത്ത് സാധ്യമാക്കാനായി, അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.