24 April 2024, Wednesday

Related news

April 23, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 17, 2024
April 16, 2024
April 15, 2024
April 6, 2024
April 5, 2024

ഇടതുപക്ഷത്തിന് നിര്‍വഹിക്കുവാനുള്ളത് ചരിത്ര ദൗത്യം

ജയ്സണ്‍ ജോസഫ് /അബ്‌ദുള്‍ ഗഫൂര്‍
ഗുരുദാസ് ദാസ് ഗുപ്ത നഗര്‍ (വിജയവാഡ)
October 15, 2022 10:41 pm

രാജ്യത്തിന്റെയും ജനങ്ങളുടെയും മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അസാധാരണമായ വർത്തമാന രാഷ്ട്രീയസാഹചര്യത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണം. എല്ലാ ഇടതുപാർട്ടികളും ഒരുമിച്ച് നീങ്ങണമെന്നും സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡി രാജ പറഞ്ഞു. ഇടത് ഐക്യവും അതിലൂടെ മതേതര, ജനാധിപത്യ, ദേശാഭിമാന ശക്തികളുടെ ഐക്യവും പ്രാവർത്തികമാക്കുകയെന്നതാണ് സിപിഐ നിലപാട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തത്വാധിഷ്ഠിതമായ ഏകീകരണം കാലഘട്ടം ആവശ്യപ്പെടുന്നു, അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഭരണഘടനയെയും തകർത്തുകൊണ്ട് മുന്നോട്ടുപോകുന്ന ബിജെപി–ആർഎസ്എസ് ശക്തിയെ തടയുക എന്നതാണ് ലക്ഷ്യം. ജനാധിപത്യത്തെ കൊലചെയ്യാൻ അവരെ അനുവദിക്കരുത്. ജനാധിപത്യ സംവിധാനങ്ങളെ തച്ചുടച്ച് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ആർഎസ്എസ് തന്ത്രം. മെന‍ഞ്ഞെടുത്ത കഥകളിലൂടെ വർഗീയ വിഷം പരത്തി ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരെ തിരിക്കുന്നു. വികസനം ചർച്ചയാകാൻ അവർ ആഗ്രഹിക്കുന്നുമില്ല. പറഞ്ഞുപരത്തിയതെല്ലാം പൊള്ളത്തരങ്ങളാണെന്ന ബോധ്യം ബിജെപിക്കുണ്ട്. നവ ഉദാരവല്ക്കരണ നയ വിധേയത്വത്തിന്റെ തുടർച്ചയായി രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് അടിത്തറ തീർത്ത പൊതുമേഖലയെ പൊളിച്ചടുക്കി. അഡാനി, അംബാനി ബ്രാൻഡില്‍ തീര്‍ത്ത ശിങ്കിടി മുതലാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനയെ വെല്ലുവിളിക്കുന്നു. രാജ്യത്തിന്റെ ധനകാര്യ പരമാധികാരത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും ഇവർ പരിഗണിക്കുന്നില്ല. ബിജെപി ആവർത്തിക്കുന്നത് മോഡി രാപകൽ അധ്വാനിക്കുന്നു എന്നാണ്. എന്നാൽ മോഡിയുടെ കഠിനാധ്വാനം കുത്തകകൾക്ക് രാജ്യത്തെ തീറെഴുതി നൽകുക എന്ന ലക്ഷ്യപ്രാപ്തിക്കു വേണ്ടി മാത്രമാണ്.

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിനുമേൽ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്ന ആർഎസ്എസ് ആശയം അടിച്ചേല്പിക്കാനുള്ള നീക്കം സ്വേച്ഛാധികാര മനോഭാവത്തിന്റെ തുടർച്ചയാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വൈവിധ്യങ്ങളുടെ ആഘോഷമാണ് ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം. വന്യമായ കാട്ടുതീയെന്ന് കമ്മ്യൂണിസത്തെ വിശേഷിപ്പിക്കുന്ന മോഡി ചെങ്കൊടിയെ വല്ലാതെ ഭയപ്പെടുകയാണ്. കമ്മ്യൂണിസ്റ്റുകൾ മുഖ്യശത്രുക്കൾ എന്ന മോഡിയുടെ പ്രഖ്യാപനം ഇതിൽ നിന്നാണ്. കമ്മ്യൂണിസം അപകടകരമായ ആശയമെന്നാണ് മോ‍ഡി പറയുന്നത്. അത് ആളിപ്പടരുകയാണെന്നും ഈ അപകടത്തെക്കുറിച്ച് മനസിലാക്കിയിരിക്കണമെന്നും ഉപദേശിക്കുന്നു. ആർഎസ്എസിനും ബിജെപിക്കും വെല്ലുവിളി കമ്മ്യൂണിസ്റ്റുകാരാണെന്ന തിരിച്ചറിവിൽനിന്നാണ് ഇത്തരം ഭയാശങ്ക. മോഡിക്കും സംഘ്പരിവാറിനും കമ്മ്യൂണിസം അപകടകരമായ ആശയമാകും. കാരണം അത് അധ്വാനിക്കുന്നവന്റെ ആശയമാണെന്നും രാജ വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ഈ അവസ്ഥയെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായി തിരിച്ചറിയുന്നുണ്ട്. ഈ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യും. ഫാസിസ്റ്റ് പ്രവണതയുള്ള വര്‍ഗീയ ആധിപത്യത്തെ ചെങ്കൊടി ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യുമെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു.

പ്രതിനിധി സമ്മേളനത്തിന് തുടക്കം

ഇടത് ഐക്യത്തിന്റെ കാഹളവും മോഡി സര്‍ക്കാരിനെതിരായ കൂട്ടായ്മയ്ക്കുള്ള ആഹ്വാനവുമായി സിപിഐ 24-ാം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കം. മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്തയുടെ പേരിലുള്ള നഗറില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് വിവിധ ഭാഷകളില്‍ നൂറുകണക്കിന് കണ്ഠങ്ങളിൽ നിന്ന് ഉയർന്ന മുദ്രാവാക്യം വിളികൾക്കും വിപ്ലവ ഗാനാലാപനത്തിനുമിടയിൽ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പാർട്ടി പതാകയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൃഷ്ണയ്യ ദേശീയ പതാകയും ഉയർത്തി. രക്തസാക്ഷി സ്മരണയ്ക്കായി സ്ഥാപിച്ച മണ്ഡപത്തില്‍ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് നാഗേശ്വരറാവു ദീപശിഖ കൊളുത്തി. തുടര്‍ന്ന് പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഷെമീം ഫെയ്സിയുടെ നാമധേയത്തിലുള്ള വേദിയില്‍ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.

 

 

വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സംഗമവേദി കൂടിയായി മാറി. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ‑എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. 16 വിദേശരാജ്യങ്ങളിൽ നിന്നും 17 കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളുടെ പ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

സംഘാടകസമിതി ചെയർമാനും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കെ നാരായണ സ്വാഗതം പറഞ്ഞു. രാമേന്ദ്രകുമാർ, അസീസ് പാഷ, ഗിരീഷ് ചന്ദ്രശർമ, പി സന്തോഷ് കുമാർ എംപി, കുമാരി നിഷ സിദ്ദു, രാമകൃഷ്ണ പാണ്ഡെ, ജന്‍കി പസ്വാന്‍, കുമാരി മഞ്ജു കവസി, സുഖ്ജീന്ദർ മഹേശ്വരി, സംഘമിത്ര ജെന, യുധിഷ്ഠിര്‍ ദാസ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. കേന്ദ്ര സെക്രട്ടേറിയറ്റ് സ്റ്റിയറിങ് കമ്മിറ്റിയായും പ്രവര്‍ത്തിക്കുന്നു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗര്‍ രക്തസാക്ഷി — അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഡി രാജ കരട് രാഷ്ട്രീയപ്രമേയവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാല്‍ ചന്ദ്ര കാംഗോ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും അതുല്‍ കുമാര്‍ അഞ്ജാന്‍ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
തുടര്‍ന്ന് പൊതുചര്‍ച്ച ആരംഭിച്ചു. പൊതുചര്‍ച്ച ഇന്നും തുടരും. രാവിലെ 11ന് വിദേശ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

Eng­lish Summary:24th par­ty con­gress is a his­toric task to perform
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.