ഓഖി: മത്സ്യത്തൊഴിലാളികള്‍ക്ക് 25.36 കോടിയുടെ ഉപകരണങ്ങള്‍ നല്‍കും

Web Desk
Posted on November 13, 2018, 10:31 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നാവിക് ഉപകരണങ്ങളും സാറ്റലൈറ്റ് ഫോണും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. ഇതിനായി 25.36 കോടി രൂപയുടെ നിര്‍ദ്ദേശത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കൂടാതെ, മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട എട്ട് പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
1500 കിലോമീറ്റര്‍ വരെ കവറേജ് ഏരിയ ലഭ്യമാകുന്ന നാവിക് ഉപകരണങ്ങള്‍ 15,000 മത്സ്യബന്ധന യാനങ്ങളിലാകും സ്ഥാപിക്കുക. മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിക്കുന്ന നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അപ്പപ്പോള്‍ ലഭ്യമാകും. ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപയാണ് ചെലവ്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും മത്സ്യബന്ധനത്തിനിടെയുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാവിക് ഫലപ്രദമാണ്. തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക.
ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് 9.43 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് ഈ പരിപാടി നടപ്പാക്കുന്നത്. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. നാവിക് ഉപകരണത്തിനും സാറ്റലൈറ്റ് ഫോണിനും ആവശ്യമായ 25.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് (ഓഖി ഫണ്ട്) വിനിയോഗിക്കും.
ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട എട്ട് പേര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 81 പേര്‍ക്കും നഷ്ടപരിഹാരമായി 1.78 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട രജിസ്‌ട്രേഷനും ലൈസന്‍സുമില്ലാത്ത മൂന്നു യൂണിറ്റുകള്‍ക്കും ഭാഗികമായി നഷ്ടപ്പെട്ട 113 യൂണിറ്റുകള്‍ക്കും 22.52 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യും.
40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വാങ്ങുന്നതിന് 610 ലക്ഷം രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ലൈഫ് ജാക്കറ്റിന് ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 250 രൂപ നല്‍കിയാല്‍ മതിയാകും.
കോഴിക്കോട് ജില്ലയില്‍ ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപാധികള്‍ ഭാഗികമായി നഷ്ടപ്പെട്ട പുത്തന്‍പുരയില്‍ മെഹമൂദിന് 1.48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചു.