ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് അർധരാത്രി ആരംഭിക്കുന്ന പൊതുപണിമുടക്കിൽ ഇരുപത്തിയഞ്ചു കോടിയിലധികം ജനങ്ങൾ അണിചേരുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. പൊതു പണിമുടക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ച മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടു നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് പൊതു പണിമുടക്കിലെ ജനപിന്തുണ സംബന്ധിച്ച് കണക്കുകൾ നേതാക്കൾ വ്യക്തമാക്കിയത്. പതിനഞ്ചിലധികം സംസ്ഥാനങ്ങൾ പൊതുപണിമുടക്കിൽ പൂർണ്ണമായും നിശ്ചലമാകുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങളോടുള്ള ജനങ്ങളുടെ എതിർപ്പ് നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. 1881 ൽ കൊണ്ടുവന്ന ഫാക്ടറി ആക്ട് മുതലിങ്ങോട്ട് തൊഴിലാളികൾക്കും തൊഴിൽ മേഖലയ്ക്കുമായി നിരവധി നിയമ നിർമ്മാണങ്ങളാണ് നടന്നത്.
എന്നാൽ മോഡി സർക്കാർ രാജ്യത്തെ തൊഴിലാളി താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങളെല്ലാം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. വിദേശ, സ്വകാര്യ കുത്തകകൾക്ക് അനുകൂലമായി മാത്രം നിലപാടെടുക്കുന്ന സർക്കാർ തൊഴിലാളികളെയും കർഷകരെയും യുവാക്കളെയും ഒടുവിലായി വിദ്യാർത്ഥികളെയും തെരുവിൽ എത്തിച്ചിരിക്കുന്നു. ജെ എൻയു ഉൾപ്പെടെ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ സമരമുഖത്താണ്. ഫാസിസം എന്ന ഒറ്റ അജണ്ടയാണ് സർക്കാരിനുള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനോ അതു പരിഹരിക്കാനോ സർക്കാരിനു താൽപര്യമില്ല. പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് തൊഴിലാളികളെ പട്ടിണിക്കിടുകയാണ്. രാജ്യത്തെ തകർന്ന സാമ്പത്തിക സ്ഥിതി മറികടക്കാൻ സർക്കാരിന്റെ കൈയിൽ നയങ്ങളോ നടപടികളോ ഇല്ല. ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ യോഗം വിളിച്ചു ചേർത്തിട്ട് വർഷങ്ങൾ പിന്നിടുന്നു. ഇത്തവണത്തെ പൊതു പണിമുടക്കിനു എല്ലാ വിഭാഗം ജനങ്ങളിൽനിന്നും വമ്പിച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ഗ്രാമീണ തൊഴിൽ മേഖലയിലെ 175 സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പുറമെ വിദ്യാർത്ഥി സമൂഹവും ഗ്രാമീണ കർഷക‑കാർഷികേതര തൊഴിലാളികളും സ്ത്രീകളും പണിമുടക്കിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. റയിൽ, ഡിഫൻസ്, ഇൻഷുറൻസ്, ബാങ്കിങ്, കൽക്കരി തുടങ്ങിയ മേഖലയിലുള്ളവരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ജനപങ്കാളിത്തംകൊണ്ട് നാളത്തെ പണിമുടക്ക് രാജ്യ ചരിത്രത്തിലെതന്നെ ഏറ്റവും ബൃഹത്തായ പണിമുടക്കായിരിക്കുമെന്ന് അമർജിത് പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവമായ വിഷയങ്ങളിൽനിന്നും ശ്രദ്ധതിരിക്കാനാണ് പൗരത്വ ഭേദഗതി നിയമവും എൻപിആർ, എൻ ആർസിയുമൊക്കെയായി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ സമ്പദ് രംഗം ഐസിയുവിലാണ്. ചെലവഴിക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ല. അതുകൊണ്ടുതന്നെ തൊഴിൽ മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് സാമ്പത്തിക ഭദ്രത കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ പ്രതിരോധം പോലുള്ള മേഖലകൾ സ്വകാര്യവൽക്കരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണി ഉയർത്തുന്ന സംഗതിയാണ്. ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ തൊഴിലാളികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാനോ അതിനു പരിഹാരം കാണാനോ സമയമില്ല. സർക്കാർ സാധാരണക്കാരെയും തൊഴിലാളികളെയും യുവാക്കളെയും വിദ്യാർത്ഥികളെയും മറന്നാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഈ നയത്തോടു യോജിക്കാനാകില്ല. പൊതു പണിമുടക്ക് സർക്കാരിനുള്ള മുന്നറിയിപ്പാണ്. ഇനിയും സർക്കാർ ചർച്ചകൾക്കും അനുകൂല നയങ്ങൾക്കും നിലപാടുകൾക്കും തയ്യാറായില്ലെങ്കിൽ ഭാവി പരിപാടികൾ പണിമുടക്കിനുശേഷം കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
എഐടിയുസി, ഐ എൻടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി, എന്നീ കേന്ദ്ര തൊഴിലാളി സംഘടനകൾ സംയുക്തമായാണ് നാളത്തെ പൊതു പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. അമർജിത് കൗർ (എഐടിയുസി), അശോക് സിങ് ( ഐഎൻടിയുസി), ഹർഭജൻ സിദ്ദു ( എച്ച്എംഎസ്), തപൻ സെൻ ( സിഐ ടി യു), സത്യവാൻ (എഐയുടിയുസി), രാജീവ് ഡീംരി (എഐസിസിടിയു), ശത്രുജിത് (യുടിയുസി) എന്നിവർ സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
English summary: 25 million people will join the national strike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.