രാജ്യത്തെ ഗ്രാമങ്ങളിലെ 25 ശതമാനം വീടുകളിൽ ശുചിമുറിയില്ല

Web Desk
Posted on November 26, 2019, 10:27 pm

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ 25 ശതമാനത്തിലധികം വീടുകളിലും ശുചിമുറി സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ട്. ഗ്രാമീണ മേഖലയിലെ 71.3 ശതമാനം, നഗരപ്രദേശങ്ങളിലെ 96.2 ശതമാനം വീടികളിലും മാത്രമാണ് ഇപ്പോഴും ശുചിമുറി സൗകര്യങ്ങളുള്ളതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ( നാസോ) റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യവ്യാപകമായി കുടിവെള്ളം, ശുചിത്വം, പാർപ്പിട സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ 2018ൽ നടത്തിയ സർവേ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വാങ്ങൽ ശേഷി, തൊഴിലില്ലായ്മ തുടങ്ങിയ റിപ്പോർട്ടുകൾ പുറത്തുവിടാൻ നാസോയെ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല.

സമാനമായ രീതിയിൽ സാനിട്ടേഷൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടാനും കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. രാജ്യം വെളിയിട വിസർജ്ജന മുക്തമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന നാസോയുടെ റിപ്പോർട്ട്.  ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലെ 50 ശതമാനത്തിലധികം വീടുകളിലും ഇപ്പോഴും ശുചിമുറി സൗകര്യങ്ങളില്ല. ഉത്തർപ്രദേശിലെ നൂറ് ശതമാനം ഗ്രാമീണ വീടുകളിലും ശുചിമുറി സൗകര്യങ്ങളുണ്ടെന്നാണ് കേന്ദ്ര മന്ത്രി രമേഷ് ചന്ദപ്പ കഴിഞ്ഞ ഡിസംബർ 24ന് രാജ്യസഭയെ അറിയിച്ചത്. കഴിഞ്ഞ വർഷം വെളിയിട വിസർജ്ജന മുക്തമായി പ്രഖ്യാപിച്ച ഗുജറാത്തിലെ സ്ഥിതിയും മറിച്ചല്ല. ഗുജറാത്തിലെ 14 ശതമാനം വീടുകളിൽ ഇപ്പോഴും ശുചിമുറി സൗകര്യങ്ങളില്ല.

സ്വച്ഛ ഭാരത് പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ 17.4 ശതമാനം വീടുകളിൽ മാത്രമാണ് ശുചിമുറികൾ നിർമ്മിച്ചത്. പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരിൽ 80 ശതമാനം പേർക്കും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ 36,000 കോടി രൂപയാണ് ശുചിമുറികൾ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ചതെന്നും നാസോ റിപ്പോർട്ട് പറയുന്നു.