25,000 രൂപയുടെ ലോണിന് പകരമായി ഒരു ആദിവാസി സ്ത്രീയെയും മൂന്ന് മക്കളെയും തടവിലാക്കി ക്രൂരമായി പണിയെടുപ്പിക്കുകയും ഒടുവിൽ ഒമ്പത് വയസ്സുകാരനായ മകനെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയും ചെയ്ത മുതലാളി പിടിയിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. തിരുപ്പതിയിലെ താറാവ് വളർത്തുകാരനായ വ്യക്തിക്ക് വേണ്ടിയാണ് അങ്കമ്മയും ഭർത്താവ് ചെഞ്ചയ്യയും മൂന്ന് ആൺമക്കളും ഒരു വർഷത്തോളമായി ജോലി ചെയ്തിരുന്നത്. ചെഞ്ചയ്യയുടെ മരണശേഷം അങ്കമ്മയും മക്കളും മാത്രമായി. മുതലാളിയുടെ ക്രൂരത സഹിക്കാനാകാതെ അവിടെ നിന്ന് രക്ഷപ്പെടാൻ അങ്കമ്മ ശ്രമിച്ചെങ്കിലും, ഭർത്താവ് വാങ്ങിയ 25,000 രൂപയുടെ പേര് പറഞ്ഞ് ഇയാൾ അവരെ തടഞ്ഞുവെച്ചു.
കടം തീർക്കാൻ പണം സംഘടിപ്പിക്കാമെന്ന് അങ്കമ്മ പറഞ്ഞപ്പോൾ, ഒരു മകനെ പണയമായി നിർത്തി പോകാനാണ് മുതലാളി ആവശ്യപ്പെട്ടത്. മനസ്സില്ലാമനസ്സോടെ ഒമ്പത് വയസ്സുകാരനായ മകനെ അവിടെ നിർത്തി അങ്കമ്മ പണം കണ്ടെത്താനായി പോയി. മണിക്കൂറുകളോളം കൂലി നൽകാതെ അങ്കമ്മയെയും മക്കളെയും കൊണ്ട് മുതലാളി കഠിനമായി ജോലി ചെയ്യിപ്പിച്ചിരുന്നു. 25,000 രൂപ ലോണിന് പകരം പലിശയടക്കം 45,000 രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളിൽ പണം സംഘടിപ്പിച്ച് തിരിച്ചെത്താമെന്ന് പറഞ്ഞ് മറ്റ് രണ്ട് മക്കളോടൊപ്പം അങ്കമ്മ തിരുപ്പതിയിൽ നിന്ന് പോയി. ഇതിനിടെ ഫോണിൽ സംസാരിക്കുമ്പോൾ, മുതലാളി ക്രൂരമായി പണിയെടുപ്പിക്കുന്നുണ്ടെന്നും വേഗം തിരിച്ചെത്തണമെന്നും മകൻ അങ്കമ്മയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 12‑നാണ് അങ്കമ്മ മകനുമായി അവസാനമായി സംസാരിക്കുന്നത്. ഏപ്രിൽ അവസാന ആഴ്ചയോടെ പണവുമായി തിരിച്ച് വരുമെന്ന് അറിയിച്ചപ്പോൾ, മകൻ ഓടിപ്പോയെന്നായിരുന്നു മുതലാളിയുടെ മറുപടി.
തുടര്‍ന്ന് ആദിവാസി നേതാക്കളുടെ സഹായത്തോടെ അങ്കമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് മുതലാളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുട്ടി മരിച്ച വിവരം പുറത്തുവരുന്നത്. കുട്ടി മരിച്ചെന്നും ആരുമറിയാതെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള ഒരു ബന്ധുവിൻ്റെ വീടിനടുത്ത് കുഴിച്ചുമൂടിയെന്നും ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയെയും ഭാര്യയെയും മകനെയും വിവിധ കേസുകളിൽ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടി മഞ്ഞപ്പിത്തത്തെ തുടർന്നാണ് മരിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.