Web Desk

ന്യൂഡൽഹി

September 10, 2020, 9:16 pm

രാജ്യത്ത് ജനപ്രതിനിധികൾക്കെതിരെ 2556 ക്രിമിനൽ കേസുകൾ

Janayugom Online

രാജ്യത്തെ ജനപ്രതിനിധികൾ പ്രതികളായ 2,556 ക്രിമിനൽ കേസുകൾ തീരുമാനമാകാതെ കോടതികളിൽ അവശേഷിക്കുന്നതായി സുപ്രീം കോടതിയിൽ റിപ്പോർട്ട്. അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹന്‍സാരിയ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മുൻ ജനപ്രതിനിധികളെകൂടി ഉൾപ്പെടുത്തിയാൽ ആകെ 4,442 കേസുകൾ തീര്‍പ്പാക്കാതെ കോടതികളിലുണ്ടെന്നും ഹൻസാരിയ കോടതിയെ അറിയിച്ചു.

അഭിഭാഷക സ്നേഹ കലിത മുഖേനയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി സമർപ്പിച്ചിരുന്നു. തുടർന്നുള്ള കോടതി നിർദ്ദേശത്തെ തുടർന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ട്. മുൻപത്തേയും ഇപ്പോഴത്തേയും ജനപ്രതിനിധികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ സമാഹരിക്കാൻ സുപ്രീം കോടതി ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേസുകളിൽ 413 എണ്ണം ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 174 എണ്ണത്തിലും പ്രതികളായിട്ടുള്ളത് നിലവിലെ എംപിമാരും എംഎൽഎമാരുമാണ്.

1988ലെ അഴിമതി വിരുദ്ധ നിയമം, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 1984ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം, അപകീർത്തിപ്പെടുത്തൽ, വഞ്ചന തുടങ്ങിയവയാണ് ജനപ്രതിനിധികൾ ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകൾ. ഉത്തർപ്രദേശിലാണ് ജനപ്രതിനിധികൾക്കെതിരെ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാകാതെ നിലനിൽക്കുന്നത്. 1,217 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇത് 446 എണ്ണം സിറ്റിങ് എംഎൽഎമാർക്കെതിരെയാണ്. ഹൈക്കോടതി സ്റ്റേ ചെയ്തതതിനെ തുടർന്ന് 85 കേസുകളുടെ വിചാരണ നിർത്തിവച്ചിരിക്കുകയാണ്. 531 കേസുകളുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്തെ കേസുകളിൽ 256 എണ്ണത്തിൽ സിറ്റിങ് എംഎൽഎമാരാണ് പ്രതികൾ. 331 കേസുകളുള്ള ഒഡിഷയാണ് മൂന്നാം സ്ഥാനത്ത്.

220 കേസുകളാണ് നിലവിലെ എംഎൽഎമാർക്കെതിരെയുള്ളത്. ആകെ കേസുകളിൽ 32 എണ്ണം ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. ഇതിൽ 10 എണ്ണം സിറ്റിങ് എംഎൽഎമാർക്കും 22 എണ്ണം മുൻ എംഎൽഎമാർക്കും എതിരെയാണ്. തീവ്രത അനുസരിച്ച് വേഗം വിചാരണ പൂർത്തിയാക്കി കേസിൽ തീർപ്പുകൽപ്പിക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

Eng­lish sum­ma­ry; 2556 crim­i­nal cas­es against MPs in the country

You may also like this video;