സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ സര്‍വേ അടിസ്ഥാനമാക്കി ദാരിദ്ര്യത്തിന്റെ തോത് രാജ്യത്ത് അഞ്ച് ശതമാനത്തിൽ താഴെയെത്തി എന്ന് ബിജെപിക്കൊപ്പം സംഘപരിവാരങ്ങളും ഗോദിമീഡിയയും ആഘോഷിച്ചു തുടങ്ങിയിട്ട് ദിനങ്ങളേറെയായി. എന്നാല്‍ സാമ്പത്തിക വിദഗ്ധരാകട്ടെ ഇത്തരം അവകാശവാദങ്ങളെ അക്കമിട്ട് തിരസ്കരിക്കുന്നു. ജേണൽ ഓഫ് ദി ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസ് (എഫ്എഎസ്) പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ ഇന്ത്യയിലെ 26.4 ശതമാനത്തോളം ജനങ്ങള്‍ ദരിദ്രരാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ദാരിദ്ര്യം: രംഗരാജൻ സമ്പ്രദായവും ഗാർഹിക ഉപഭോഗവും ചെലവും എന്ന തലക്കെട്ടിലായിരുന്നു പഠനം. രംഗരാജൻ കമ്മിറ്റി നിർദേശിച്ച സമ്പ്രദായത്തില്‍ 2022–23ലെ ഗാർഹിക ഉപഭോഗ ചെലവ് അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യരേഖ തിട്ടപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിൽ 2,515 രൂപയും നഗരപ്രദേശങ്ങളിൽ 3,639 രൂപയും ദാരിദ്ര്യരേഖാ മാനദണ്ഡമായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ദരിദ്രരുടെ എണ്ണം 26.4 ശതമാനമാണ്.
രാജ്യത്ത് അവസാനമായി ദാരിദ്ര്യരേഖ നിര്‍ണയിച്ചത് 2011–12ലാണ്. പിന്നീട്, ഒരു ദശാബ്ദത്തിലേറെയായി ദാരിദ്ര്യരേഖയുമായി ബന്ധപ്പെട്ട് സര്‍വേയോ പഠനങ്ങളോ പ്രായോഗികതലങ്ങളില്‍ നടന്നിട്ടില്ല. നാഷണൽ സാമ്പിൾ സർവേ ഓഫിസ് (എന്‍എസ്ഒ) 2024 ഫെബ്രുവരിയിൽ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022–23 പുറത്തിറക്കി. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് ദേശീയ വരുമാനവും ദാരിദ്ര്യ നിലവാരവും തിട്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ തുടര്‍ന്ന് രാജ്യത്ത് ദാരിദ്ര്യരേഖയെക്കുറിച്ചുള്ള ചർച്ചകൾ ബലപ്പെട്ടു. പക്ഷെ 11 മാസത്തിനുശേഷവും ഈ സർവേയെ അടിസ്ഥാനമാക്കിയുള്ള ഒരു വിവരങ്ങളും സർക്കാർ പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ സർവേയുടെ പേരില്‍ രണ്ട് വ്യത്യസ്ത കണക്കുകൾ പുറത്തിറക്കിയിരുന്നു.
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എന്‍സിഎഇആര്‍), ഹ്യൂമൻ ഡെവലപ്മെന്റ് സർവേ അടിസ്ഥാനമാക്കി 2023ൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 10 ശതമാനത്തിൽ താഴെയെത്തുമെന്നുള്ള പ്രതീക്ഷ പുലര്‍ത്തിയിരുന്നു. 2021–22ൽ ഇത് 21 ശതമാനമായിരുന്നു. എന്നാല്‍ ദരിദ്രരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയെത്തി എന്ന നിലപാടിലായിരുന്നു എസ്ബിഐ. ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിന്റെ (എഫ്എഎസ്) പഠനമാകട്ടെ ഈ കണക്കുകളെ യുക്തിപൂര്‍വം ഖണ്ഡിച്ചു.
ദാരിദ്ര്യ തോത്‌നിര്‍ണയ സമ്പ്രദായത്തെക്കുറിച്ച് എഫ്എഎസ് ഒരു ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ എഴുത്തുകാരനും ബാങ്കറുമായ സി എ സേതു, യാഥാര്‍ത്ഥ്യബോധമില്ലാത്ത ദാരിദ്ര്യരേഖാ നിര്‍ണയത്തെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. ദാരിദ്ര്യരേഖാ പരിധി ഉയര്‍ത്തി, തിട്ടപ്പെടുത്തിയിട്ടും രാജ്യത്ത് ഓരോ നാലാമത്തെ ഇന്ത്യക്കാരനും ദരിദ്രനാണെന്ന കണക്കും വിശദീകരിച്ചു. അഭിനവ് സൂര്യ, സി എ ഋതു എന്നിവരും പഠനത്തിന്റെ ഭാഗമായിരുന്നു. അഭിനവ് സൂര്യ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ പിഎച്ച്ഡി സ്കോളറാണ്. ഋതു കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാന്റെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
ഉപഭോക്തൃ വില സൂചിക ഉപയോഗിച്ച് ദാരിദ്ര്യരേഖ ക്രമീകരിക്കുന്ന രീതി രണ്ട് പ്രധാന കാരണങ്ങളാൽ തെറ്റാണെന്ന് പഠനം പറയുന്നു. ഒന്നാമതായി, ഉപഭോഗ ശേഖരത്തിലെ ഇനങ്ങളില്‍ പഴയ അടിസ്ഥാന ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നത്. പുതിയ ഉപഭോഗ ചെലവ് വിവരങ്ങളുടെ അഭാവം കാരണം ഈ സൂചികകള്‍ ഒരു ദശാബ്ദത്തിലേറെയായി പുതുക്കിയിട്ടില്ല. സൂചികകളില്‍ പ്രകടമായ മാറ്റത്തിനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.
ഉപഭോക്തൃ വില സൂചിക ദാരിദ്ര്യം കണ്ടെത്തുന്നതിനുള്ള ഒരു മാർഗമല്ല എന്നതുതന്നെ രണ്ടാമത്തെ കാര്യം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപഭോഗ രീതികളും ജീവിതസമീപനങ്ങളും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള ആളുകളുടെ ഉപഭോഗ രീതികളിൽ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. രംഗരാജൻ മാതൃകയിലെ കണക്കുകൾ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) കണക്കുകളെക്കാൾ ഉയർന്നതായിരിക്കുന്നതിന്റെ കാരണമിതാണ്. ഗ്രാമീണ വേതനം, കാർഷിക കുടുംബവരുമാനം, അനൗപചാരിക മേഖല എന്നിവയെക്കുറിച്ചുള്ള വിവരശേഖരണത്തില്‍ നിന്നുള്ള തെളിവുകളുടെ പശ്ചാത്തലങ്ങള്‍ എന്നിവ ചേര്‍ന്നുള്ള ഫലങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഗ്രാമീണരുടെ വരുമാനത്തില്‍ പ്രകടമായ വർധനവുകളുമില്ല.
2012–13, 2018–19 വർഷങ്ങളിലെ കാർഷിക കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള സർവേകളിൽ ആ കുടുംബങ്ങളുടെ ശരാശരി വരുമാനം പ്രതിവർഷം 2.44 ശതമാനം എന്ന നിരക്കിൽ വളർന്നുവെന്ന് കാണാം. 2011–12ലെ ഉപഭോക്തൃ സർവേയും (സിഇഎസ്) 2022–23ലെ ഗാർഹിക ഉപഭോക്തൃ സർവേയും (എച്ച്സിഇഎസ്) തമ്മിലുള്ള താരതമ്യത്തെയും പഠനം ചോദ്യം ചെയ്യുന്നു.
പൊതുവിതരണ സംവിധാനം (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന സൗജന്യ അരി, പഞ്ചസാര തുടങ്ങിയ ഉല്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുതിയ ഗാർഹിക ഉപഭോക്തൃ സർവേ(എച്ച്സിഇഎസ് 2022–23) ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ 2011–12ലെ ഉപഭോക്തൃ സർവേയി(സിഇഎസ്)ൽ ഇത് ചെയ്തിരുന്നില്ല. എൻസിഎഇആറിലെയും എഫ്എഎസിലെയും ഗവേഷകർ ദാരിദ്ര്യം അളക്കാനും തോത് കണക്കാക്കാനും രംഗരാജൻ കമ്മിറ്റിയുടെ നിര്‍ദേശമാണ് ഉപയോഗിച്ചത്. എന്നാല്‍ എസ്ബിഐ സംഘം ടെണ്ടുൽക്കർ കമ്മിറ്റിയുടെ രീതിയാണ് പ്രയോഗിച്ചത്. ഗ്രാമീണ മേഖലകൾക്ക് 1,632 രൂപയും നഗരപ്രദേശങ്ങൾക്ക് 1,944 രൂപയുമായാണ് എസ്ബിഐ ദാരിദ്ര്യരേഖയായി കണക്കാക്കിയത്.
2012ൽ ഇന്ത്യയിലെ ദരിദ്രജനസംഖ്യാ അനുപാതം 21.9 ശതമാനമായി കണക്കാക്കിയിരുന്നു. എന്നാൽ ദാരിദ്ര്യരേഖയുടെ ഈ കണക്കുകള്‍ പരക്കെ വിമർശിക്കപ്പെട്ടു. ഇതോടെ ദാരിദ്ര്യം അളക്കുന്നതിനുള്ള മാനദണ്ഡം പുനഃപരിശോധിക്കുന്നതിനാണ് ആസൂത്രണ കമ്മിഷൻ, സി രംഗരാജന്റെ അധ്യക്ഷതയിൽ ഒരു വിദഗ്ധ സംഘത്തെ നിയമിച്ചത്. ഈ സംഘം 2014 ജൂണിൽ ബദൽ രീതി നിർദേശിച്ചു. ഈ രീതി ഉപയോഗിച്ച് 2011–12ൽ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ജനസംഖ്യയുടെ 29.5 ശതമാനമാണെന്ന് കണക്കാക്കുകയും ചെയ്തു. പക്ഷെ, ഈ കണക്കിന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.
(ഡൗണ്‍ ടു എര്‍ത്ത്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.