വിവിധ കേസുകളിലായി കേരളത്തിൽ ഇതുവരെ തൂക്കിക്കൊന്നത് 26 പേരെ . വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്‌ത്രീയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ . ഇതിൽ രണ്ട് കേസിൽ വിധി പറഞ്ഞത് ഒരേ കോടതിയും ജഡ്ജിയുമാണെന്നുള്ളതാണ് മറ്റൊരു സവിശേഷത. നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റാഫീക്ക ബീവിയാണ് എ എം ബഷീർ വധശിക്ഷ വിധിച്ച മറ്റൊരു സ്‌ത്രീ .
2006ൽ ആയിരുന്നു ആദ്യമായി ഒരു സ്‌ത്രീക്ക് വധശിക്ഷ വിധിച്ചത് . വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് . അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.
കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷകൾ നടന്നത് . ആവസാനമായി ഒരു വധശിക്ഷ കേരളത്തില്‍ നടപ്പിലായത് 1991ലാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കി കൊന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. അതിനുശേഷം പല കേസുകളിലും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. നിലവില്‍ 39 പേര്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്ത് കിടക്കുന്നുണ്ട്. ഷാരോണ്‍ രാജ് വധക്കേസില്‍ വധശിക്ഷ ലഭിച്ച ഗ്രീഷ്മ കൂടി എത്തുന്നതോടെ അത് 40 ആകും. പല കേസുകളിലും വിവിധ കോടതികള്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. മേല്‍ക്കോടതികള്‍ വധശിക്ഷ റദ്ദാക്കിയിട്ടുമുണ്ട്.
കേരളത്തിൽ ഒരു തടവുകാരന്റെ വധശിക്ഷ നടപ്പാക്കാൻ ജയിൽ വകുപ്പിന് ചെലവഴിക്കാൻ കഴിയുന്നത് രണ്ട് ലക്ഷം രൂപ വരെയാണ് . വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ജയിൽ ഉദ്യോഗസ്ഥരുടെ സംഘത്തിന് ഉള്ളതാണ് ഈ തുക. ഈ ചിലവ് സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും ഓഡിറ്റിങ്ങിനു വിധേയമാക്കാൻ പാടില്ലാത്തതുമാണ്.2010ലെ കേരള ജയിൽ ചട്ടത്തിലാണ് ഇക്കാര്യങ്ങൾ വ്യവസ്‌ഥ ചെയ്തിട്ടുള്ളത്.
വധശിക്ഷ നടപ്പാക്കാൻ ജയിൽ ജീവനക്കാർ തയ്യാറല്ലെങ്കിൽ പുറത്തു നിന്നുള്ള വ്യക്തിയേയോ ഒരു സംഘത്തെയോ ഇതിനായി നിയോഗിക്കാം. രണ്ട് ലക്ഷം രൂപയിൽനിന്നും ആവശ്യമായ തുക ഇതിനായി ഉപയോഗിക്കാം. ജയിൽ സൂപ്രണ്ടിനാണ് ഇതിനുള്ള അധികാരം.ശിക്ഷ നടപ്പാക്കുന്ന സമയത്ത് സൂപ്രണ്ടും മെഡിക്കൽ ഓഫീസറും ജയിലിന്റെമേൽ അധികാരമുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റും ഹാജരായിരിക്കണം. കഴിവതും സൂര്യോദയത്തിന് ശേഷമായിരിക്കണം വധശിക്ഷ നടപ്പിലാക്കേണ്ടത്.വധശിക്ഷക്ക് സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേരെ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് അധികാരമുണ്ട്. സമൂഹത്തിലെ മുതിർന്ന പുരുഷൻമാരെയോ വധശിക്ഷക്ക് വിധേയനാകുന്ന ആളിന്റെ ബന്ധുക്കളായ മുതിർന്ന പുരുഷന്മാരെയോ ഇങ്ങനെ അനുവദിക്കാം എന്നാണ് ജയിൽ ചട്ടം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.