Web Desk

തിരുവനന്തപുരം

August 26, 2020, 10:21 pm

27 കീടനാശിനികളുടെ നിരോധനം;ജൈവ നിയന്ത്രണമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തണം: മന്ത്രി സുനിൽകുമാർ

Janayugom Online

ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് നിർദ്ദേശങ്ങൾക്ക് പിന്തുണയുമായി സംസ്ഥാന സർക്കാർ. കൃഷിയിടങ്ങളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന മാലത്തിയോൺ 2, 4‑ഡി എന്നിവയടക്കം 27 കീടനാശിനികളാണ് നിരോധനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ലൈസൻസ് നൽകിവരുന്നതുമാണ് ഇവ. കേന്ദ്രത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതിനോടൊപ്പം ചില നിർദ്ദേശങ്ങൾ കൂടി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതായി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

ലിസ്റ്റ് ചെയ്തിട്ടുള്ള കീടനാശിനികളുടെ നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നും എന്നാൽ ഇവയുടെ നിരോധനം പുതുതലമുറ കീടനീശിനികളുടെ കടന്നുകയറ്റത്തിന് വഴിതെളിക്കരുതെന്നും സംസ്ഥാനം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതുതലമുറ കീടനാശിനികൾ വളരെ കുറഞ്ഞ അളവിൽ തന്നെ പ്രവർത്തിക്കുന്നവയും വില കൂടിയവയുമാണ്. ഇവ നിലവിലെ രാസകീടനാശിനികളേക്കാൾ അപകടകാരികളുമാണ്. അത്തരം നൂതന രാസകീടനാശിനികൾ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുത്.

ജൈവ ശാസ്ത്രീയമായ കീടനിയന്ത്രണ മാർഗ്ഗങ്ങൾ സുലഭമായി കർഷകർക്ക് ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണമെന്നും അതിന് സാങ്കേതിക സാമ്പത്തിക സഹായം സംസ്ഥാനത്തിന് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാസകീടനാശിനികളുടെ നിരോധനം ഏർപ്പെടുത്തുമ്പോൾ ആദ്യഘട്ടത്തിൽ കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ പ്രത്യേക പാക്കേജ് കൂടി കേന്ദ്രം പ്രഖ്യാപിക്കണം. ഓരോ വിളകൾക്കും പ്രത്യേക ജൈവ ശുപാർശകൾ നടപ്പിലാക്കുന്നതിന് സർവകലാശാലകൾക്ക് സഹായവും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ, മണ്ണിന്റെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ, ഇക്കോളജിക്കൽ എൻജിനിയറിങ് കൃഷിരീതികൾ, മിത്രകീടങ്ങളെ ഉല്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്നിവ വ്യാപകമായി നടപ്പാക്കണം. എല്ലാ ബ്ലോക്കുകളിലും പാരസൈറ്റ് ബ്രീഡിംഗ് സെന്ററുകൾ, ജില്ലകളിൽ ബയോകൺട്രോൾ ലാബ് എന്നിവ സ്ഥാപിക്കണം. പെട്ടെന്നുള്ള കീടനാശിനികളുടെ നിരോധനം പ്രാവർത്തികമാകുമ്പോൾ ഇത്തരം ജൈവ ശാസ്ത്രീയ സാങ്കേതിക വിദ്യകൾ കൂടി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി സൂചിപ്പിച്ചു.

ജൈവ വളത്തിന്റെ ലഭ്യതയ്ക്കായി പച്ചില വളച്ചെടികൾ, മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുന്നതിനുള്ള നടപടികൾ എന്നിവ കാമ്പയിൻ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടി വരും. ഇതിനുള്ള സാങ്കേതിക സാമ്പത്തിക സഹായവും സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിരോധിക്കുന്ന കീടനാശിനികൾ

അസഫേറ്റ്, അട്രാസിൻ, ബെൻഫുറോകാർബ്, ബ്യൂട്ടാക്ലോർ, ക്യാപ്റ്റാൻ, കാർബോഫുറാൻ, ക്ലോർപൈറിഫോസ്, പെൻഡിമെതാലിൻ, ക്വിനാൽഫോസ്, സൾഫോസൾഫുറോൺ, തയോഡികാർബ്, തയോഫാനേറ്റ് ഇമെഥൈൽ, തൈറാം, 2, 4‑ഡി, ഡെൽറ്റാമൊതിൻ, ഡൈക്കോഫോൾ, ഡൈമെതോയോറ്റ്, ഡിനോകാപ്, മാലത്തിയോൺ, മാങ്കോസെബ്, മെതോമിൽ, മോണോക്രോട്ടോഫോസ്, ഓക്‌സിഫ്‌ലൂർഫെൻ, സിനെബ്, സിറം എന്നീ 27 കീടനാശിനികളാണ് നിരോധിക്കാൻ തീരുമാനിച്ച് കരട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. മോണോക്രോട്ടോഫോസ് 112 രാജ്യങ്ങള്‍ നിരോധിച്ച കീടനാശിനിയാണ്. കാർബോഫുറാൻ 63 രാജ്യങ്ങളിലും മെതോമിൽ 41 രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:27 Pro­hi­bi­tion of Pesticides
You may also like this video