യുപിയില്‍ ഫാക്ടറിയില്‍ നിന്ന് നദിയിലേക്ക് വിഷജലം: കന്നുകാലികള്‍ ചത്തൊടുങ്ങുന്നു

Web Desk
Posted on September 01, 2019, 12:49 pm

ലഖ്‌നൗ: രാസപദാര്‍ഥ നിര്‍മാണശാലയില്‍ നിന്ന് ഗോമതി നദിയിലേക്ക് ഒഴുക്കിയ വിഷാംശം കലര്‍ന്ന ജലം കുടിച്ച് 28 കന്നുകാലികള്‍ ചത്തു. സംഭവത്തില്‍ ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ഫാക്ടറിയില്‍നിന്ന് ഓവുചാലിലേക്ക് ഒഴുക്കിവിടുന്ന വിഷാംശം കലര്‍ന്ന ജലം കുടിച്ച കന്നുകാലികളാണ് ചത്തത്. ലഖ്‌നൗവിലെ ചിനാട്ട് മേഖലയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. നിരവധി കന്നുകാലികള്‍ക്ക് രോഗബാധയുമേറ്റു.
കൂടാതെ ഓവുചാലില്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലാവുകയും ചെയ്തു. ചിനാട്ട് മേഖലയിലെ ഉത്തര്‍ദൗന ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അനേകം രാസവള, പ്ലൈവുഡ് നിര്‍മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നും പുറന്തള്ളപ്പെടുന്ന വിഷാംശമാണ് കന്നുകാലികള്‍ ചത്തതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വലിയ യന്ത്രങ്ങളുടെ സഹായത്തിലാണ് കന്നുകാലികളുടെ ശവം പുറത്തെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ റോഡ് ഉപരോധം സംഘടിപ്പിച്ചു. പൊലീസ് സ്ഥലത്തെത്ത് ഗ്രാമവാസികളോട് സംസാരിച്ചശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ഫാക്ടറി ഉടമകള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ചെയ്യണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. നിരവധി തവണ ഫാക്ടറികള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഗ്രാമമുഖ്യന്‍ പറയുന്നു.