ഇന്ത്യയിൽ ഇതുവരെ 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിങ്. ഇറ്റലിയിൽ നിന്നെത്തിയ 21 അംഗസംഘത്തില 16 പേർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ചവ്വാലയിലെ ഐടിബിപി ക്യാമ്പിൽ നിരീക്ഷണത്തിലാണുള്ളത്.
ഡൽഹിയിൽ 1,ആഗ്രയിൽ 6,തെലങ്കാനയിൽ 1,കേരളത്തിൽ 3(രോഗം ഭേദമായവർ) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകൾ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ഡൽഹിയിലെ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഐസോലേഷൻ വാർഡുകൾ ഒരുക്കും. വളരെ എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും.
പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി നിർദേശിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 5,89,000 ആളുകളേയും തുറമുഖങ്ങളിൽ 15000 പേരെയും അതിർത്തിയിൽ 10 ലക്ഷം പേരെയും ഇതുവരെ പരിശോധിച്ചു. നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന. ഇറാൻ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇന്ത്യയിൽ ഇതുവരെ 438 പേരിൽ കൊറോണ സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 28 ദിവസത്തെ നിരീക്ഷണത്തിനു ശേഷം 225 പേരെ രോഗബാധയില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.
ഉംറ തീർത്ഥാടനം നിര്‍ത്തിവച്ചു
ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉംറ തീർത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൗദിയിലെ പൗരന്മാര്ക്കും വിദേശികള്‍ക്കും ഉംറ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കൊറോണ വൈറസ് പടര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറ നിര്‍ത്തിവച്ചിരുന്നു. പടരുന്നത് തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള ആഗോളശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ താല്പര്യങ്ങളെയും മാനിച്ചുകൊണ്ടുമാണ് സൗദിയിലെ പൗരന്മാര്ക്കും വിദേശികള്‍ക്കും കൂടി ഉംറ താൽക്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്.
English Summary; 28 confirmed corona virus cases in India
YOU MAY ALSO LIKE THIS VIDEO